മന്ത്രിയെയും സ്പീക്കറെയും വരവേല്‍ക്കാന്‍ മലപ്പുറം
മലപ്പുറം: പതിനാലാം നിയമസഭയില്‍ മന്ത്രിസഭയിലേക്കു കെ.ടി ജലീലും സ്പീക്കര്‍ സ്ഥാനത്തേക്കു പി. ശ്രീരാമകൃഷണനും തീരുമാനമായതോടെ ജില്ലയില്‍ അണികളില്‍ ആവേശം. ജലീല്‍ തവനൂരില്‍നിന്നും ശ്രീരാമകൃഷ്ണന്‍ പൊന്നാനിയില്‍നിന്നുമാണ് തെരഞ്ഞടുക്കപ്പെട്ടത്. അടുത്തടുത്ത മണ്ഡലങ്ങളിലെ പ്രതിനിധികള്‍ പ്രധാന സ്ഥാനങ്ങളിലെത്തുമ്പോള്‍ ഇരുവരുടെയും വിജയത്തിന് ഇരട്ടിമധുരമാണ്.
അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നു മുസ്‌ലിംലീഗ് വിട്ട കെ.ടി ജലീല്‍ 2006ല്‍ കുറ്റിപ്പുറത്തു പി.കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. തുടര്‍ന്ന് 2011ലും ഇത്തവണയും തവനൂരില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടു. പി.എസ്.എം.ഒ കോളജ് അധ്യാപകനായ ജലീല്‍, മികച്ച പ്രാസംഗികനും ഗവേഷകനുമാണ്. ലീഗിലായിരുന്നപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗവും വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. മലപ്പുറം ജില്ലയില്‍നിന്നുള്ള പ്രാതിനിധ്യം മാത്രമല്ല, മുസ്‌ലിം സമുദായത്തില്‍നിന്നുള്ള പ്രാതിനിധ്യമെന്ന നിലയിലും വലിയ പ്രാധാന്യമാണ് ജലീലിന്റെ മൂന്നാം വിജയത്തിനും മന്ത്രിസഭാ പ്രവേശനത്തിനും സി.പി.എം നല്‍കുന്നത്.
പൊന്നാനിയില്‍നിന്നു രണ്ടാംതവണയും വിജയിച്ച ശ്രീരാമകൃഷ്ണന്റെ സ്പീക്കര്‍ സ്ഥാനം അപ്രതീക്ഷിതമാണ്. ജില്ലയില്‍ എല്‍.ഡി.എഫിനു നാലു സീറ്റുകളാണുള്ളത്. ഇതില്‍ മൂന്നിടത്തും സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. പി. ശ്രീരാമകൃഷണന്‍ മാത്രമാണ് പാര്‍ട്ടി ചിഹനത്തില്‍ മത്സരിച്ചു ജയിച്ചുകയറിയത്. രണ്ടാം തവണയും നിയമസഭയിലെത്തുന്ന ശ്രീരാമകൃഷണന്റെ പേര് ജില്ലയില്‍നിന്നു മന്ത്രിസ്ഥാനത്തേക്കു കേള്‍ക്കുന്നവരില്‍ സജീവമായിരുന്നു. എന്നാല്‍, പ്രതീക്ഷിക്കാതെയാണ് സ്പീക്കറാകുന്നത്.
മേലാറ്റൂര്‍ എം.എച്ച്.എസ്.എസിലെ അധ്യാപകനായ ശ്രീരാമകൃഷ്ണന്‍, മേലാറ്റൂര്‍ പഞ്ചായത്ത് ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിലെത്തുന്നത്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്ഥാനങ്ങളിലൂടെ സി.പി.എം നേതാവായ ശ്രീരാമകൃഷ്ണന്‍ ദീര്‍ഘകാലം ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റംഗം, സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, മന്ത്രിസഭയിലെ പദവികള്‍ സംബന്ധിച്ച് ഇന്നു ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടാകുക. ജലീലിനും ശ്രീരാമകൃഷ്ണനും അനുകൂലമായ നിലപാട് യോഗം പ്രഖ്യാപിച്ചാലുടന്‍ സത്യപ്രതിജ്ഞാ ചടങ്ങിനു തിരുവനന്തപുരത്തേക്കു തിരിക്കാനിരിക്കുകയാണ് തവനൂര്‍, പൊന്നാനി മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."