പട്ടയപ്രശ്‌നം: ജനപ്രതിനിധികള്‍ മന്ത്രിയുമായി ചര്‍ച്ച നടത്തി
പൈനാവ്: ജില്ലയിലെ കര്‍ഷകര്‍ക്കും കൈവശക്കാര്‍ക്കും പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗതി വിലയിരുത്തുന്നതിന് എത്തിയ റവന്യു മന്ത്രിയുമായി എം.എല്‍.എ മാരായ റോഷി അഗസ്റ്റിന്‍, എസ്. രാജേന്ദ്രന്‍, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ പട്ടയ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
ജില്ലയിലെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം വിതരണം ചെയ്യുന്നതിന് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് ജനപ്രതിനിധികള്‍ മന്ത്രിയോടാവശ്യപ്പെട്ടു. പെരിഞ്ചാംകുട്ടി ഉള്‍പ്പെടെയുള്ള പദ്ധതി പ്രദേശങ്ങളിലെയും മുരിക്കാശ്ശേരി, ഇടുക്കി ഭൂമിപതിവ് ഓഫീസുകളിലെ കീഴിലെയും കട്ടപ്പന നഗരസഭ മേഖലയിലെയും പട്ടയ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
നിലവിലുള്ള പട്ടയ അപേക്ഷകളില്‍ അടിയന്തരമായി വിതരണം പൂര്‍ത്തിയാക്കി പുതിയ അപേക്ഷ ക്ഷണിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ പറഞ്ഞു.
പദ്ധതി പ്രദേശത്തെ പട്ടയവിതരണവുമായി ബന്ധപ്പെട്ട വരുമാന പരിധി എടുത്തുകളയണം. പദ്ധതി പ്രദേശത്തെ കൈവശഭൂമി അരനൂറ്റാണ്ടോളമായി കൈവശമുള്ളതാണ്. പത്ത് ചെയിന്‍ പ്രദേശത്ത് പ്രത്യേക ടീമിനെ നിയോഗിച്ച് റീസര്‍വ്വെ പൂര്‍ത്തിയാക്കണം.
വാഴത്തോപ്പ് മേഖലയിലെ പ്രശ്‌നവും പരിഹരിക്കണം. കട്ടപ്പന നഗരസഭ പ്രദേശത്ത് പട്ടയം നല്‍കുന്നതിന് നഗരപ്രദേശങ്ങള്‍ക്ക് ബാധകമായ നിബന്ധനകള്‍ പാടില്ല. അസൈന്‍മെന്റ് കമ്മിറ്റികള്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്ത് നല്‍കുന്ന വീടുകള്‍ നിര്‍മ്മിക്കാന്‍ കഴിയുന്നില്ല. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."