കരുണയെത്താത്ത അരീക്കോട് പണിയ കോളനി
പുല്‍പ്പള്ളി: ആകെ 12 സെന്റ് സ്ഥലം-പതിനാല് വീടുകള്‍, 19 കുടുംബം, ജനിച്ച് മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം 52 അംഗങ്ങള്‍... ചോര്‍ന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ചുള്ള വീടുകള്‍, മലമൂത്ര വിസര്‍ജനത്തിന് വെളിമ്പറമ്പിനെ ആശ്രയിക്കണം, ഇതാണ് പുല്‍പ്പള്ളി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ അരീക്കോട് പണിയ കോളനി.
പൊതുവെ ജില്ലയിലെ ആദിവാസി കോളനികള്‍ വനത്തിനുള്ളിലോ, വനാതിര്‍ത്തിയിലോ ആയിരിക്കും. എന്നാല്‍ അരീക്കോട് പണിയ കോളനി ഇതില്‍ നിന്ന് വിഭിന്നമാണ്. വനത്തില്‍ നിന്നും ഏറെ ദൂരെയാണ് ഈ കോളനി സ്ഥിതിചെയ്യുന്നത്.ജില്ലയിലെ ആദിവാസി കോളനികള്‍ക്ക് ഒട്ടേറെ പരാധീനതകളുണ്ടെങ്കിലും അരീക്കോട് പണിയ കോളനിയുടെ സ്ഥിതി ഇതിലും ഏറെ ശോചനീയമാണ്. വാസയോഗ്യമായ വീട് ഇവര്‍ക്കൊരു സ്വപ്‌നം മാത്രമാണ്. വീട് വയ്ക്കുവാന്‍ സ്ഥലമില്ലാത്തതുകൊണ്ട് സര്‍ക്കാര്‍ വീടനുവദിച്ചാലും കാര്യമില്ല. ഇവര്‍ക്കാവശ്യം ഭൂമിയാണ്.
പലരും പറയുന്നതു വിശ്വസിച്ച് ഇവര്‍ വനം കൈയേറ്റത്തിനു മുതിര്‍ന്നെങ്കിലും ഇതൊരു കബളിപ്പിക്കല്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ കാടിറങ്ങി. ഒരു തുണ്ട് ഭൂമിക്കായി ഇവര്‍ കയറി ഇറങ്ങാത്ത സര്‍ക്കാര്‍ ഓഫിസുകളില്ല. മുന്‍ സര്‍ക്കാരിന്റെ ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയും ഇവര്‍ക്ക് തുണയായില്ല. കോളനിയില്‍ ഒരാള്‍ മരിച്ചാല്‍ സംസ്‌കാരത്തിന് ഇവരുടെ ആശ്രയം രണ്ടു കിലോമീറ്ററകലെയുള്ള വനമാണ്.
ശൗചാലയങ്ങളും ഡ്രൈനേജ് സംവിധാനങ്ങളുമില്ലാത്തത് കോളനിക്കാരെ നിത്യരോഗികളാക്കുന്നുണ്ട്. കൃത്യമായ തൊഴിലില്ലാത്തതും കോളനിക്കാരെ വലയ്ക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചെട്ടിമാരുടെ പണിയാളന്മാരായി എത്തിയവരാണ് അരീക്കോട് കോളനിക്കാര്‍. ചെട്ടിമാര്‍ കൃഷി ഉപേക്ഷിച്ചതോടെ ഇവരുടെ ദുരിതവും ഇരട്ടിച്ചു.
കോളനിയിലെ പകുതിയോളമാളുകള്‍ക്ക് റേഷന്‍ കാര്‍ഡും ഇതുവരെ ലഭിച്ചിട്ടില്ല. കോളനിയിലെ മൂന്ന് വീടുകളില്‍ മാത്രമാണ് വൈദ്യുതിയുള്ളത്. ഇതിനായി സ്ഥാപിച്ച വൈദ്യുതി തൂണാണെങ്കില്‍ ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്.
അടുത്തകാലത്ത് കോളനിയില്‍ നിര്‍മിച്ച വീടും ചോര്‍ന്നൊലിച്ച് വാസയോഗ്യമല്ലാതായിരിക്കുകയാണ്.
കോളനിക്കാര്‍ക്ക് സ്വന്തം ഭൂമിക്കായി പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വാര്‍ഡ്‌മെമ്പര്‍ സുചിത്ര രാജന്‍ പറഞ്ഞു.
മാറിമാറി വന്ന ഭരണാധികാരികള്‍ ഈ കോളനിയോട് കാണിച്ച അവഗണനയുടെ ഫലമാണ് ഇവര്‍ അനുഭവിക്കുന്നത്. ഇവര്‍ മനുഷ്യരാണെന്ന പരിഗണന പോലും ഇവര്‍ക്ക് നാളിതുവരെ ലഭിച്ചിട്ടില്ലെന്നും സുചിത്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."