'സാഗര്‍ കവച് 2016' തുടങ്ങി
കോവളം: കടലിലും കരയിലും കനത്ത സുരക്ഷയൊരുക്കി 'സാഗര്‍ കവച് 2016' തുടങ്ങി.
നാവിക സേന, തീരസംരക്ഷണ സേന എന്നിവയുടെ മേല്‍നോട്ടത്തില്‍ തീരദേശ പൊലിസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ്, ഫിഷറീസ്, തുറമുഖ വകുപ്പ്, ലൈറ്റ്ഹൌസുകള് തുടങ്ങിയ വിവിധ ഏജന്‍സികളും കടലോര ജാഗ്രത സമതികളും സംയുക്തമായാണ് മോക്ഡ്രില്‍ നടത്തുന്നത്. കടലിലും കരയിലും പഴുതുകളില്ലാത്ത സുരക്ഷയും പട്രോളിംഗുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്നലെ രാവിലെ എട്ടു മണിക്ക് തുടങ്ങിയ സുരക്ഷാ പരിശീലനം നാളെ രാവിലെ ഏട്ട് മണിക്കാണ് അവസാനിക്കുന്നത്. സുരക്ഷാ പരിശോധനയിലും പട്രോളിംഗിലും പഴുതുകളോ വീഴ്ചയോ ഉണ്ടോ എന്നറിയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോ അവര്‍ ഏര്‍പ്പെടുത്തുന്ന മറ്റാരെങ്കിലുമോ എത്താന്‍ സാധ്യത ഉള്ളതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും ഭീകരര്‍ ആരും ഇന്നലെ വിഴിഞ്ഞത്ത് എത്തിയില്ലെങ്കിലും നാളെ എട്ട് മണിക്കുള്ളില്‍ നുഴഞ്ഞുകയറ്റമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ രാവും പകലും ജാഗ്രത പാലിക്കുകയാണ് ഏജന്‍സികള്‍.
കടലിലൂടെ നമ്മുടെ രാജ്യത്തെ കടന്നുകയറാന്‍ വരുന്ന ഏതുതരം വിദ്ധ്വംസക പ്രവര്‍ത്തകരെയും കണ്ടെത്താനും ചെറുക്കാനും കടല്‍ സുരക്ഷാസേനകള്‍ക്ക് എത്രത്തോളം കഴിയും എന്ന് പരിശോധിക്കുന്ന 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംയുക്ത സേനകളുടെ 'സാഗര്‍ കവച് 'എന്ന മോക്ഡ്രില്‍ ആണ് തീരത്ത് പഴുതടച്ചുള്ള പരിശോധനക്ക് കളമൊരുക്കിയത്. കടലിലോ കടലോരത്തോ സംശയകരമായ സാഹചര്യത്തില്‍ അപരിചിതരെയോ, കടല്യാനങ്ങളെയോ കണ്ടാല്‍ വിവരമറിയിക്കണമെന്നുള്ള നിര്‍ദ്ദേശം കടലോര ജാഗ്രത സമിതികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും നല്‍കിയിട്ടുണ്ട്.
കടലില്‍ പട്രോളിംഗിനായി നാവികസേന, തീരസംരക്ഷണ സേന, തിരദേശ പോലിസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയുടെ ബോട്ടുകള്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."