കുഴഞ്ഞുവീണ് മരണം; ആരോപണം നേരിടുമെന്ന് മുസ്‌ലിംലീഗ്
പുത്തനത്താണി: കടുങ്ങാത്തുകുണ്ടിനടുത്ത തെക്കത്തിപ്പാറ അമ്പലത്തിങ്ങല്‍ വേരുങ്ങല്‍ ഹംസയുടെ ഹൃദയസ്തംഭനംമൂലം സംഭവിച്ച മരണത്തെ വിവാദമാക്കുന്നതു നേരിടുമെന്നു മുസ്‌ലിംലീഗ്. ഹംസയെ മുസ്‌ലിംലീഗുകാര്‍ അടിച്ചുകൊന്നതാണെന്ന ദുരാരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിജസ്ഥിതി അറിഞ്ഞിട്ടും അതു മറച്ചുവച്ചു സി.പി.എമ്മും കാന്തപുരം സുന്നി വിഭാഗവും മരണം ആഘോഷിക്കുകയായിരുന്നു. ഇതിനു ചില പത്രങ്ങളും ചാനലുകളും തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്നും ദേശാഭിമാനി, സിറാജ്, മാധ്യമം ദിനപത്രങ്ങള്‍ക്കും ചില പ്രാദേശിക ചാനലുകള്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഫേസ്ബുക്കില്‍ ഈ അടുത്ത ദിവസം മലപ്പുറം ഭാഗത്തു സി.പി.എമ്മുകാര്‍ വെട്ടിപ്പരുക്കേല്‍പിച്ച ചിത്രം ഹംസക്കുട്ടിയെ ലീഗുകാര്‍ അക്രമിച്ചതാണെന്ന് പ്രചരിപ്പിച്ച ഖത്തറിലുള്ള സഖാഫിക്കെതിരേ ഡി.വൈ.എസ്.പി ക്കും പൊലിസിലും പരാതി നല്‍കിയിട്ടുണ്ടെന്നും ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ കുറുക്കോളി മൊയ്തീന്‍, പി. സൈതലവി മാസ്റ്റര്‍, വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.പി അബ്ദുല്‍ കരീം, മയ്യേരി കുഞ്ഞിമുഹമ്മദ്, പി.സി അഷറഫ്, കോട്ടയില്‍ അബ്ദുല്‍ കരീം, എന്‍.സി നവാസ്, ലത്തീഫ് കല്‍പകഞ്ചേരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."