മജിസ്‌ട്രേറ്റിന്റെ ക്വാര്‍ട്ടേഴ്‌സില്‍ മൂര്‍ഖന്‍ പാമ്പ്
ആറ്റിങ്ങല്‍: മജിസ്‌ട്രേറ്റിന്റെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് കയറി. പാതിരാത്രി അദ്ദേഹം സമീപത്തെ ലോഡ്ജില്‍ അഭയം തേടി. ആറ്റിങ്ങല്‍ ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്േ്രടറ്റ് കോടതി ഒന്നിലെ മജിസ്‌ട്രേറ്റ് നസീബ് അബ്ദുല്‍ റസാഖിനാണ് വ്യാഴാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സില്‍ അന്തിയുറങ്ങാനാവാതെ വന്നത്. ഒന്നാം കോടതിയിലെ മജിസ്‌ട്രേറ്റായിരുന്ന വി. കെ. സഞ്ജയ്കുമാര്‍ സ്ഥലംമാറി പോയതിനെത്തുടര്‍ന്നാണ് ആയൂര്‍ സ്വദേശിയായ നസീബ് അബ്ദുല്‍ റസാഖ് നിയമിതനായത്. ക്വാര്‍ട്ടേഴ്‌സ് താമസയോഗ്യമാക്കി നില്‍കണമെന്ന് കാണിച്ച് മജിസ്‌ട്രേറ്റ് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പ് കിടക്കയുള്‍പ്പെടെയുളള സാധനങ്ങള്‍ മജിസ്‌ട്രേറ്റ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചു. വ്യാഴാഴ്ച ചുമതലയേല്‍ക്കുകയും ചെയ്തു.
ചുമതലയേറ്റ ദിവസം രാത്രി പുറത്ത് പോയി തിരിച്ചുവന്ന് ക്വാര്‍ട്ടേഴ്‌സിലെത്തി വാതില്‍ തുറന്നപ്പോഴാണ് അകത്ത് മൂര്‍ഖന്‍പാമ്പിനെ കണ്ടത്. പാമ്പിനെ പുറത്താക്കിയെങ്കിലും പിന്നീട് ക്വാര്‍ട്ടേഴ്‌സില്‍ തങ്ങാന്‍ ഭയമായതിനാല്‍ സമീപത്തെ ലോഡ്ജില്‍ മുറിയെടുത്താണ് മജിസ്‌ട്രേറ്റ് ഉറങ്ങിയത്. ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞ് വാടകവീട്ടിലേയ്ക്ക് മാറാനുളള തയാറെടുപ്പിലാണ് മജിസ്‌ട്രേറ്റ്. ക്വാര്‍ട്ടേഴ്‌സിന്റെ പിറകുവശം കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. സമീപത്തെ കെ. എസ്. ഇ. ബി യുടെ വളപ്പിലും കാട് കയറി കിടക്കുകയാണ്. മജിസ്‌ട്രേറ്റിന്റെ ക്വാര്‍ട്ടേഴ്‌സില്‍ പാമ്പ് കയറിയ സംഭവം മുമ്പും ആറ്റിങ്ങലുണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."