വെളിയങ്കോട്ടേത് തീരദേശത്തിന്റെ മുറിവുണക്കുന്ന തീരുമാനം
മാറഞ്ചേരി: ഏറെ രാഷ്ട്രീയസംഘട്ടനങ്ങള്‍ക്കു വേദിയായ വെളിയങ്കോട് തീരദേശത്തെ മുറിവുണക്കാന്‍ സാധിക്കുന്ന തീരുമാനമാണ് മുസ്‌ലിംലീഗിന്റേയും സി.പി.എമ്മിന്റെയും നേതാക്കള്‍ കഴിഞ്ഞദിവസമെടുത്തത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി മേഖലയില്‍ രജിസ്റ്റര്‍ ചെയ്ത ലീഗ്-സിപിഎം രാഷ്ട്രീയസംഘട്ടനങ്ങള്‍ ഒത്തുതീരാനുള്ള തീരുമാനം ഗുണകരമാകുന്നത് നിരവധി പേര്‍ക്കാണ്.
കൊലപാതകശ്രമമുള്‍പ്പെടെ നൂറോളം കേസുകളില്‍ തീരുമാനമാകാതെ കിടന്നപ്പോള്‍ നിരവധിപേരുടെ ജീവിതമാര്‍ഗം തന്നെ അടഞ്ഞ സാഹചര്യമുണ്ടായിരുന്നു.
കേസുകളുടെ നൂലാമാലകളില്‍പ്പെട്ട് നെട്ടോട്ടമോടിയിരുന്നവര്‍ ഏറെ ആഹ്ലാദത്തോടെയാണ് തീരുമാനത്തെ സ്വാഗതം ചെയ്തത്. 1996 മുതലുള്ള കേസുകളില്‍ മുന്നൂറാളം പ്രതികള്‍ക്കു ഈ തീരുമാനം ഗുണം ചെയ്യും.
എല്ലാത്തിനേക്കാളുപരി മേഖലയിലെ രാഷ്ട്രീയസംഘട്ടനങ്ങള്‍ ഇല്ലാതാക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു തീരുമാനമായാണ് പൊതുജനങ്ങള്‍ ഇതിനെ നോക്കികാണുന്നത്.
ജാമ്യമെടുത്ത കേസുകളില്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കി ഒത്തുതീര്‍പ്പാക്കാന്‍ നിരവധി പേര് വിദേശത്തുനിന്നും വരേണ്ടിവരും. ഇതിനുശേഷമാണ് ഒത്തുതീര്‍പ്പുതീരുമാനങ്ങള്‍ നടപ്പിലാക്കുക. തിങ്കളാഴ്ച പൊന്നാനിയില്‍ ചേരുന്ന നേതാക്കളുടെയും നിയമവിദഗ്ധരുടെയും യോഗത്തോടെ അന്തിമധാരണയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."