കൊതുക് നിര്‍മാര്‍ജനത്തിന് നഗരസഭ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷം
വടകര: നഗരപരിധിയില്‍ കൊതുക് പെരുകുന്നതിനെതിരെ നഗരസഭാ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നഗരസഭാ യോഗത്തില്‍ പ്രതിപക്ഷം ആരോപിച്ചു. യു.ഡി.എഫിലെ ടി കേളു, പി. സഫിയ, മുഹമ്മദ് റാഫി തുടങ്ങിയവരാണ് വിഷയം ഉന്നയിച്ചത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊതുക് ശല്യം രൂക്ഷമാണ്. സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യത നിലനില്‍ക്കുന്നു.
മലിന ജലം കെട്ടി നില്‍ക്കുന്ന വെള്ളക്കെടുക്കള്‍ ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. വടകര നഗരത്തിലെ ചില ഭാഗങ്ങളില്‍ കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായും കൗണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.
ഇതു സംബന്ധിച്ച പരിശോധനകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. താഴെ അങ്ങാടിയിലെ കെ.എസ്.ഇ.ബി ഓഫിസ് പരിസരത്ത് മാലിന്യം കെട്ടിക്കിടക്കുകയാണെന്ന് മുസ്‌ലിംലീഗിലെ പി.കെ ജലാല്‍ പറഞ്ഞു. അടിയന്തര നടപടി കൈകൊണ്ടില്ലെങ്കില്‍ ഇവിടെ മാലിന്യ പ്രശ്‌നം രൂക്ഷമാകുമെന്ന് അദ്ദേഹം അറിയിച്ചു.
നഗരത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി വാട്ടര്‍ അതോറിറ്റി ഉപ്പുവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് എല്‍.ഡി.എഫ് കൗണ്‍സിലര്‍ വത്സന്‍ ചൂണ്ടിക്കാട്ടി. ഉപ്പുവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എടോടിയില്‍ വനിതാ വ്യവസായ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ശുഭരാത്രി പദ്ധതിക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. ഇക്കാര്യത്തില്‍ പ്രതിപക്ഷം എതിര്‍പ്പ് ഉന്നയിച്ചിരുന്നു.
പ്രദേശവാസികളുടെ ആശങ്ക ദൂരീകരിച്ചതിന് ശേഷം മാത്രമെ വിഷയത്തില്‍ തീരുമാനമെടുക്കാവൂ എന്ന വാര്‍ഡ് കൗണ്‍സിലര്‍ പ്രേമാകുമാരിയുടെയും മറ്റ് അംഗങ്ങളുടെയും ആവശ്യം നിരാകരിച്ചാണ് ഭരണപക്ഷം തീരുമാനമെടുത്തത്. അലഞ്ഞു തിരിയുന്ന സ്ത്രീകളെയും കുട്ടികളെയും പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുക്കാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പദ്ധതിയില്‍ നിന്ന് പിറകോട്ടു പോകില്ലെന്ന നിലപാടാണ് ചെയര്‍മാന്‍ കെ ശ്രീധരന്‍ സ്വീകരിച്ചത്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പത്രങ്ങളില്‍ പോലും പദ്ധതിയെ കുറിച്ച് വാര്‍ത്തകള്‍ വന്നു കഴിഞ്ഞു.
പ്രദേശവാസികള്‍ ആശങ്കിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പ്രയാസം ശുഭരാത്രി പദ്ധതി മൂലം വന്നു ചേരുകയാണങ്കില്‍ കേന്ദ്രം അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കുന്നതിന് നഗരസഭക്ക് മടിയില്ലെന്ന് ചെയര്‍മാന്‍ മറുപടിയില്‍ പറഞ്ഞു. പി.എം മുസ്തഫ, അരവിന്ദാക്ഷന്‍, ബുഷ്‌റ കെ.എം, സമീറ കെ.പി വനജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."