എം.എല്‍.എയെ അവഗണിച്ചു: പന്നിയങ്കര പാലം ഉദ്ഘാടനച്ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌കരിക്കും
കോഴിക്കോട്: മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യുന്ന പന്നിയങ്കര മേല്‍പ്പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സ്ഥലം എം.എല്‍.എ എം.കെ മുനീറിനെ ആശംസാ പ്രഭാഷകനാക്കി.
ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നെന്നാരോപിച്ച് യു.ഡി.എഫ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കും. പൊതുമരാമത്ത് മന്ത്രി ജി.സുധാകരനാണ് ചടങ്ങില്‍ അധ്യക്ഷത വഹിക്കുന്നത്. മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും ചടങ്ങില്‍ വിശിഷ്ടാതിഥികളാകും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, എ.പ്രദീപ്കുമാര്‍ എം.എല്‍.എ, വി.കെ.സി മമ്മദ്‌കോയ, എളമരം കരീം എന്നിവര്‍ക്കൊപ്പം ആശംസ അറിയിക്കാനാണ് എം.കെ മുനീറിന്റേയും പേര് ചേര്‍ത്തിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സാമൂഹികക്ഷേമ മന്ത്രിയായിരിക്കെ എം.കെ മുനീര്‍ ആണ് പാലത്തിന്റെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്.
പാലം യാഥാര്‍ഥ്യമാക്കാന്‍ അദ്ദേഹം അക്ഷീണം പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഉദ്ഘാടനമായപ്പോഴേക്കും അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ എം.കെ മുനീറിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണ് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആരോപിക്കുന്നത്. മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ സ്ഥലം എം എല്‍ എയെ രാഷ്ട്രീയ മര്യാദയുടെ പേരിലെങ്കിലും അധ്യക്ഷനോ, സ്വാഗത പ്രാസംഗികനോ ആക്കി മാറ്റാന്‍ പൊതുമരാമത്ത് വകുപ്പ് തയാറായിട്ടില്ല. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ പൊളിറ്റിക്കല്‍ പ്രോട്ടോകോള്‍ പ്രകാരം നല്‍കേണ്ട പരിഗണന പോലും നല്‍കാതെ മേയര്‍ക്ക് ശേഷം മാത്രം സംസാരിക്കാന്‍ അവസരം നല്‍കുന്ന തരത്തില്‍ പ്രോഗ്രാം നോട്ടിസ് പുറത്തിറക്കുകയായിരുന്നു.
ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് കല്ലായ് റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് യു ഡി എഫ് പ്രതിഷേധസംഗമം സംഘടിപ്പിക്കും. ഉദ്ഘാടനത്തിനുള്ള തിയതി തീരുമാനിച്ചശേഷം മാത്രമാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ അറിയിച്ചു. ജനപ്രതിനിധികള്‍ക്ക് രാഷ്ട്രീയഭേദമെേന്യ പരിഗണന നല്‍കണമെന്ന സ്പീക്കറുടെ റൂളിംഗ് നിലനില്‍ക്കേയാണ് രാഷ്ട്രീയ പ്രേരിതമായി അവഹേളിച്ചത്. ഓട് പൊളിച്ചല്ല താനടക്കമുള്ള യു ഡി എഫ് എം എല്‍ എമാര്‍ നിയമസഭയിലെത്തിയത്. ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി കുഞ്ഞാലി, അഡ്വ. പി. ശങ്കരന്‍, കെ.സി അബു, അഡ്വ. കെ.പി അനില്‍കുമാര്‍, പി മൊയ്തീന്‍ മാസ്റ്റര്‍, രാജന്‍ ബാബു, വീരാന്‍കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."