കേടായ എല്‍.ഇ.ഡി ബള്‍ബുകള്‍ മാറ്റി നല്‍കുന്നില്ലെന്നു പരാതി
ചെര്‍ക്കള: വൈദ്യുതി വകുപ്പ് വിതരണം ചെയ്ത എല്‍.ഇ.ഡി ബള്‍ബുകളില്‍ കേടായതിനു പകരം നല്‍കുന്നില്ലെന്നു പരാതി. വൈദ്യുതി ഉപയോഗം കുറക്കാനാണു വൈദ്യുതി വകുപ്പ് പദ്ധതി നടപ്പാക്കിയത്. 250 രൂപ വിലയുള്ള ബള്‍ബുകള്‍ 90 രൂപയ്ക്കാണു രണ്ടെണം വീതം ഉപഭോക്താക്കള്‍ക്കു നല്‍കിയത്.
ബള്‍ബുകള്‍ വിതരണം ചെയ്യുന്ന സമയത്ത് ഒരു വര്‍ഷം ഗ്യാരന്റി ഉണ്ടെന്നും കേടായാല്‍ മാറ്റി നല്‍കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ മിക്ക ഉപഭോക്താക്കള്‍ക്കും ലഭിച്ച ബള്ബുകളിലധികവും പെട്ടെന്നുതന്നെ കേടാവുകയായിരുന്നു. ഇവ തിരിച്ചുനല്‍കി പുതിയതു വാങ്ങാന്‍ വൈദ്യുതി സെക്ഷന്‍ ഓഫിസുകളിലെത്തിയവര്ക്കു തുടക്കത്തില്‍ ബള്‍ബുകള്‍ മാറ്റിക്കിട്ടിയിരുന്നു. എന്നാല്‍, പരാതിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ പുതിയ ബള്‍ബുകള്‍ ഇല്ലെന്ന മറുപടിയാണ് അധികൃതര്‍ നല്‍കിയത്.
മുള്ളേരിയ ഓഫിസില്‍ കേടായ ബള്‍ബുകള്‍ തിരിച്ചുവാങ്ങി പുതിയത് എത്തിയാല്‍ അറിയിക്കാം എന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ചെര്‍ക്കള സെക്ഷന്‍ ഓഫിസില്‍ ബള്‍ബുകള്‍ എത്തിയിട്ടുണ്ടെങ്കിലും മാറ്റി നല്‍കാനുള്ള അനുമതി ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കാലാവധി അവസാനിക്കുന്നതിനു മുമ്പ് കേടായ ബള്‍ബുകള്‍ എന്തു ചെയ്യണമെന്നറിയാതെ ജനം വട്ടം കറങ്ങുകയാണ്.
സബ്സിഡി നിരക്കില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം നടത്തിയതിനു പിന്നില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും അതു കാരണമാണു കേടായ ബള്‍ബുകള്‍ മാറ്റി നല്‍കാത്തതെന്നുമാണ് ഉപഭോക്താക്കള്‍ ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."