വെങ്ങരയില്‍ പൂരക്കളി മത്സരത്തിന് ഇന്നു തുടക്കം
പഴയങ്ങാടി: വെങ്ങരയില്‍ ഉത്തര കേരള പൂരക്കളി മത്സരത്തിനും മറത്തു കളിക്കും ഇന്നു തുടക്കം. വെങ്ങര ഇട്ടമ്മല്‍ പുതിയഭഗവതി ക്ഷേത്ര പരിസരത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ കരിവെളളൂര്‍ കുണിയന്‍ പറമ്പത്ത് ഭഗവതിക്ഷേത്രം, വെളളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രം, ഉദിനൂര്‍ തടിയന്‍ കൊവ്വല്‍ മുണ്ട്യ, കണ്ടോത്ത് കൂറുമ്പ ഭഗവതിക്ഷേത്രം, കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ്, അരോളി നടാച്ചേരി പൂരക്കളി കലാനിലയം എന്നീ ടീമുകള്‍ പങ്കെടുക്കും. ഇന്നു വൈകുന്നേരം അഞ്ചിനു മന്ത്രി ഇ ചന്ദ്രശേഖരന്‍ പൂരക്കളി മത്സരം ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് പൂരക്കളി അരങ്ങേറ്റം നടത്തുന്ന കുട്ടികളെ അനുഗ്രഹിക്കലും പ്രഭാഷണവും ഇടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സ്വാമികള്‍ നിര്‍വഹിക്കും. കൃഷ്ണന്‍ പണിക്കര്‍ അനുസ്മരണം പ്രഭാഷണം ഡോ. ഇ ശ്രീധരന്‍ നടത്തും. ടി.വി രാജേഷ് എം.എല്‍.എ സ്മരണിക പ്രകാശനം ചെയ്യും. നാളെ ഉച്ചക്ക് ഒരു മണി മുതല്‍ പൂരക്കളി മത്സരം നടക്കും. വൈകുന്നേരം ആറിനു സമാപസമ്മേളനത്തില്‍ വിജയികള്‍ക്ക് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. രാത്രി ഏഴിനു പിലിക്കോട് പി.പി മാധവന്‍ പണിക്കര്‍, കാഞ്ഞങ്ങാട് പി ദാമോദരന്‍ പണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ മറത്തുകളിയുണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ എം ഗോകുലന്‍, ഇട്ടമ്മല്‍ കുഞ്ഞിഗോവിന്ദന്‍, സി നാരായണന്‍, പരത്തി കുഞ്ഞികൃഷ്ണന്‍, കെ.കെ വത്സലന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."