വിഷപാമ്പുകള്‍ കാടിറങ്ങുന്നു
കണ്ണൂര്‍: ഡിസംബറില്‍ തണുപ്പേറുന്നതോടെ വിഷപാമ്പുകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നു. ചൂടുതേടിയുള്ള വിഷപാമ്പുകളുടെ യാത്രയില്‍ മനുഷ്യരും ഒരുപാടു ശ്രദ്ധിക്കേണ്ടതുണ്ട്. ഡിസംബറില്‍ പാമ്പുകടിയേറ്റവരുടെ എണ്ണത്തിലും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും പിടികൂടിയ പാമ്പുകളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നു വനം വകുപ്പിന്റെ പാമ്പു പിടുത്ത വിഭാഗം അറിയിച്ചു.
കഴിഞ്ഞ നവംബറില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ടത് 37ഓളം പാമ്പുകളെയാണ്. എന്നാല്‍ ഡിസംബറില്‍ ഇതുവരെ മാത്രം 42ഓളം പാമ്പുകളെ വനം വകുപ്പ് പിടികൂടിയതായാണ് അനൗദ്യോഗിക കണക്ക്. നാട്ടുകാര്‍ പിടികൂടി കാട്ടില്‍ വിടുന്നതും തല്ലിക്കൊല്ലുന്നതും ഉള്‍പ്പെടാതെയുള്ള കണക്കാണിത്. തണുപ്പു കാലങ്ങളില്‍ ചൂടുതേടി പാമ്പുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതാണെന്നും അല്ലാതെ പാമ്പുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നതല്ലെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
അണലി(ചേനതണ്ടന്‍)യും വെള്ളിക്കെട്ടനും മൂര്‍ഖനുമാണ് ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത്. ഡിസംബറില്‍ വനം വകുപ്പ് കൂടുതലായി പിടികൂടിയത് അണലി വര്‍ഗത്തെയാണ്. വനവാസിയായ രാജവെമ്പാല ഇക്കുറി അധികമായി ജനവാസ കേന്ദ്രങ്ങളിലെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മൂന്നു രാജവെമ്പാലകളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നു പിടികൂടി കാട്ടില്‍ വിട്ടിരുന്നു.
ഇണചേരുന്ന സമയമായതിനാലും തണുപ്പില്‍ നിന്നു രക്ഷപ്പെടുന്നതിനുമായി പാമ്പുകള്‍ അലയുന്ന സമയമായതിനാലാണ് ഇവയെ നമുക്കു കൂടുതലായി കാണാനാവുന്നതെന്നും വലിയ പാമ്പുകളെയാണ് ഈ സമയത്ത് അധികവും കാണാനാവുന്നതെന്നും പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിലെ ഡമോണ്‍സ്‌ട്രേറ്ററും വന്യജീവി സംരക്ഷകനുമായ റിയാസ് മാങ്ങാട് പറയുന്നു. ഒരു സ്ഥലത്തു നിന്നു രണ്ടിലധികം പാമ്പുകളെ പിടികൂടിയ സംഭവം ഉണ്ടായിട്ട്. ഏറ്റവും കൂടുതല്‍ പേര്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നതും മരണപ്പെടുന്നതും തണുപ്പുമാസങ്ങളിലാണെന്നും റിയാസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."