സി.ഐക്കും എസ്.ഐക്കുമെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം
വടക്കാഞ്ചേരി: പീഡന കേസില്‍ ആരോപണ വിധേയനായ നഗരസഭ കൗണ്‍സിലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരിയില്‍ പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന പൊലിസ് ലാത്തിചാര്‍ജില്‍ ഗുരുതരമായി പരുക്കേറ്റ 17 കാരന്റെ പരാതിയില്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നടപടി. വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജ്, എസ്.ഐ എ.നൗഫല്‍, എ.എസ്.ഐ ബാബു, സിവില്‍ പൊലിസ് ഓഫിസര്‍ സന്തോഷ് എന്നിവര്‍ക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ബോര്‍ഡ് ഉത്തരവിട്ടു.
കെ.എസ്.യു വ്യാസ കോളജ് യൂണിറ്റ് സെക്രട്ടറിയും ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമാണ് 17 കാരന്.
കഴിഞ്ഞ മാസം 8 നാണ് വടക്കാഞ്ചേരി നഗരത്തില്‍ വച്ച് പൊലിസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത 17 കാരന് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ലോക്കപ്പിനുള്ളിലിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. കഴുത്തിന് സാരമായി പരുക്കേറ്റ വിദ്യാര്‍ഥി ചെറുതുരുത്തി പഞ്ചകര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പിതാവ് മുള്ളൂര്‍ക്കര ഇറങ്ങത്ത് വീട്ടില്‍ ഗോവിന്ദന് കുട്ടി നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ബോര്‍ഡിന്റെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."