ദേവമാത സ്‌കൂളില്‍ പ്രസംഗപരമ്പര സംഘടിപ്പിക്കുന്നു
തൃശൂര്‍: വിദ്യാര്‍ഥികളുടെ ആശയ വിനിമയശേഷിയും വ്യക്തിത്വ വികസനവും വളര്‍ത്തുന്നതിനായി ദേവമാത സി.എം.ഐ പബ്ലിക് സ്‌കൂള്‍ 'ദ വേഡ് വാക്ക് 'എന്ന പൊതുപ്രസംഗപരമ്പര സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും സാമൂഹികസാംസ്‌ക്കാരിക രാഷ്ട്രീയപൊതുപ്രവര്‍ത്തകരും അഭ്യുദയകാംക്ഷികളും അടങ്ങുന്ന നാലായിരത്തില്‍പരം വ്യക്തികള്‍ 'വാക്കില്‍' പങ്കാളികളാകും. ഇന്ന് രാവിലെ 10 മുതല്‍ അധ്യാപകരും അനധ്യാപകരും പ്രസംഗിക്കും. 2 മണിമുതല്‍ 5 മണിവരെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രസംഗങ്ങള്‍ അരങ്ങേറും. ദേവമാതസ്‌കൂളിലെ 84 ല്‍പരം വേദികളില്‍ മൂന്നു മിനിട്ടു സമയമാണ് പ്രസംഗത്തിനായി ഓരോരുത്തരും ഉപയോഗിക്കുക. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ പ്രതിനിധികള്‍ സാക്ഷികളാകാന്‍ എത്തും. ലോകത്ത് ആദ്യമായിട്ടാണ് ഒരു വിദ്യാലയം ഇത്തരത്തിലുള്ള പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, സിംഹള, മറാത്തി, ഫ്രഞ്ച്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ബംഗാളി, മലഗാസി എന്നീ ഭാഷകളിലാണ് പ്രസംഗം. ഓരോ വിദ്യാര്‍ഥിയും തയാറാക്കിയ പ്രസംഗങ്ങള്‍ അധ്യാപകര്‍ സൂക്ഷ്മപരിശോധന നടത്തിയശേഷമാണ് പ്രസംഗിക്കുവാന്‍ ഒരുക്കിയത്. സമാപനസമ്മേളനം മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."