വനം വകുപ്പ് വച്ചു പിടിപ്പിച്ച മരങ്ങള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിക്കുന്നു
പാലക്കാട്: വനം വകുപ്പ് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം വച്ച് പിടിപ്പിച്ച മരങ്ങള്‍ സാമൂഹിക വിരുദ്ധര്‍ തീയിട്ടും, വെട്ടിയും നശിപ്പിക്കുന്നു. ചിറ്റൂര്‍, പാലക്കാട്, ആലത്തൂര്‍ താലൂക്കുകളിലെ റോഡരികിലും, കനാല്‍ വരമ്പുകളിലും വെച്ച് പിടിപ്പിച്ച വൃക്ഷ തൈകളാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.
രണ്ടും മൂന്നും വര്‍ഷം വളര്‍ച്ചയുള്ള മരങ്ങളും തീയിട്ടതിനാല്‍ ഉണങ്ങി കരിഞ്ഞു. ചിലയിടത്ത് തൊഴിലുറപ്പു തൊഴിലാളികളും മരത്തൈകള്‍ വെട്ടി നശിപ്പിക്കുന്നുണ്ട്. ഇതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും എടുക്കുന്നില്ല. കോടികള്‍ ചെലവഴിച്ചാണ് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നത്.
മരങ്ങള്‍ നടുന്നതിനപ്പുറം വനം വകുപ്പ് തുടര്‍ സംരക്ഷണം നടത്താന്‍ തയാറാവുന്നില്ല. മരങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ പൊലിസില്‍ പരാതി നല്കിയാല് കേസെടുക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ വനംവകുപ്പ് മിനക്കെടാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."