സഹകരണബാങ്കുകളെ സ്വകാര്യവാണിജ്യ ബാങ്കുകള്‍ക്ക് തീറെഴുതാനുള്ള നീക്കം ചെറുക്കും: ശൂരനാട് രാജശേഖരന്‍
കൊല്ലം: നോട്ടുപിന്‍വലിക്കലിന്റെ മറവില്‍ സഹകരണമേഖലയെ ഒറ്റപ്പെടുത്തി തകര്‍ത്ത് നിക്ഷേപവും ഭരണവും കൈപ്പിടിയിലാക്കാനും സ്വകാര്യവാണിജ്യബാങ്കുകള്‍ക്ക് തീറെഴുതാനുള്ള നീക്കം എന്തു വിലകൊടുത്തും സഹകാരികള്‍ ചെറുത്ത് തോല്‍പ്പിക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന്‍ ആഹ്വാനംചെയ്തു.
നാടിനഭിമാനമായ സഹകരണ ബാങ്കുകള്‍ക്കെതിരെ നടക്കുന്ന വ്യാജ പ്രചരണത്തെ തടയിടാനും മേഖലയെ സംരക്ഷിക്കുന്നതിനുമായി ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കാംപയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സഹകരണ ബാങ്കുകളെക്കുറിച്ച് രാജ്യാന്തര സാമ്പത്തിക വിദഗ്ധര്‍ വരെ മതിപ്പാണ് പ്രകടിപ്പിട്ടിട്ടുള്ളത്. സംസ്ഥാനത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് എന്നും എപ്പോഴും അത്താണിയായി പ്രവര്‍ത്തിക്കുന്നുവെന്നും ബാങ്കുകള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങളുടെ ഇടപാടുകള്‍ സുതാര്യവും അനുകരണീയവുമാണെന്ന് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
സംസ്ഥാനത്തൊട്ടാകെ ജില്ലാ സഹകരണ ബാങ്കുകളില്‍ 52 ലക്ഷം ഇടപാടുകാരാണ് നിലവിലുള്ളത്. 14 ജില്ലാ ബാങ്കുകളുടെ 793 ശാഖകളും 63,000 കോടി ഡിപ്പോസിറ്റുമുണ്ട്. സഹകരണ ബാങ്കുകളുടെ അഭൂതപൂര്‍വമായ വളര്‍ച്ചയും ആസ്തിയും കണ്ണുവച്ച് സ്വകാര്യ വാണിജ്യ ബാങ്കുകളിലെത്തിക്കാനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
അടുപ്പമുള്ളവര്‍ക്ക് പുതിയ നോട്ടുകള്‍ കെട്ടുകളായി എത്തിച്ചിട്ടാണ് രാജ്യത്തെ സാധാരണക്കാരെ ഒന്നരമാസമായി ആശങ്കയുടെ മുള്‍മുനയില്‍ മോദി നിര്‍ത്തിയിരിക്കുന്നത്. സുപ്രീംകോടതി പരാമര്‍ശങ്ങള്‍ ആദ്യരണ്ടു ഘട്ടങ്ങളിലും സഹകരണ മേഖലക്ക് വന്‍പ്രതീക്ഷയാണ് നല്‍കിയെതെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ വിധി പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ വഴിതിരിച്ചുവിടാന്‍ ഒരുവിഭാഗം അകത്തു നിന്നു നടത്തുന്ന ശ്രമം അംഗീകരിക്കാനാകില്ല. അത്തരക്കാര്‍ സഹകരണമേഖലയുടെ ശത്രുക്കളാണ്. സംസ്ഥാനത്ത് സഹകരണ മേഖലയുടെ സംരക്ഷണം രാഷ്ട്രീയാതീതമായ നടപടിയിലൂടെ പരിഹിരിക്കപ്പെടണം. അതിന്റെ ഭാഗമായി ഭരണപ്രതിപക്ഷ കക്ഷികള്‍ കൂട്ടായ സമരമുറകളും നടത്തിവരുകയാണ്. കേരളത്തിലെ സഹകരണ മേഖലയെ കരുത്തുറ്റതാക്കി വളര്‍ത്താനും നിര്‍ണായക സാമ്പത്തികശക്തിയായി ഉയര്‍ത്തി ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാക്കാനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറാന്‍ സഹകാരികളുടെ കൂട്ടായ പ്രയത്‌നവും സഹകരണവും ഉണ്ടാകണമെന്നും ശൂരനാട് ആവശ്യപ്പെട്ടു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. എം മുകേഷ് എം.എല്‍.എ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി രാജന്‍ സ്വാഗതം പറഞ്ഞു. മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, നൗഷാദ് എം.എല്‍.എ, തൊടിയൂര്‍ രാമചന്ദ്രന്‍, അഡ്വ. ബിനു, പ്രദീപ്, വില്‍സണ്‍ ആന്റണി, ശിവശങ്കരപിള്ള, സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ 67ലക്ഷം ഭവനങ്ങളില്‍ ഒരു ലക്ഷത്തോളം വരുന്ന സഹകാരികളും ബാങ്ക് ജീവനക്കാരും സന്ദര്‍ശനം നടത്തി ബോധവത്ക്കരണം നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."