ഓപ്പറേഷന്‍ ഗരുഡില്‍ കള്ളന്മാരും മദ്യപാനികളും കുടുങ്ങി
കൊല്ലം: അതിവേഗതയില്‍ നിയമം ലംഘിച്ചു കുതിച്ചു പായുന്ന ഫ്രീക്കന്മാരെ കുരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും 'ട്രാക്കും' സംയുക്തമായി നടത്തിയ ഓപ്പറേഷന്‍ ഗരുഡില്‍ ഫ്രീക്കനായിറങ്ങിയ കള്ളനും മദ്യപിച്ചു വാഹനമോടിച്ച ഓട്ടോറിക്ഷ ഡ്രൈവറുമൊക്കെ കുടുങ്ങി .ഓപ്പറേഷന്‍ ഗരുഡ് ഉദ്ഘാടനം ചെയ്ത വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് ബിജുവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അന്‍സറുമാണ് ഫ്രീക്കനായെത്തിയ മോഷ്ടാവിനെ പിടികൂടിയത്.
കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ഓട്ടോ റിക്ഷയെ പിടിച്ചുകൊണ്ടു വന്നപ്പോളാണ് 'ഡ്രൈവര്‍' മദ്യപിച്ചതു തിരിച്ചറിഞ്ഞത് .
നാല്പതിലധികം ഫ്രീക്കന്മാരുള്‍പ്പെടെ അറുപത്തിനാല് പേര്‍ക്കെതിരെയാണ് നിയമലംഘനത്തിന് കേസ് എടുത്തത്. ഇതില്‍ പത്തിലധികം പേര്‍ നിര്‍ത്താതെ പോയപ്പോള്‍ അവരെ കാമറയില്‍ കുടുക്കി. മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റ് പരിശോധിച്ചു മൊബൈല്‍ നമ്പര്‍ നോക്കി അവരെ വിളിച്ചു വരുത്തുകയായിരുന്നു. ഇവരുടെ ലൈസന്‍സ് റദ്ദാക്കുവാനുള്ള നടപടി സ്വീകരിക്കും എന്ന് കൊല്ലം ആര്‍.ടി.ഒ തുളസീധരന്‍ പിള്ള അറിയിച്ചു. ഇതുകൂടാതെ നിയമലംഘനം നടത്തിയ അന്‍പതിലധികം ഫ്രീക്കന്മാരുടെയും ബൈക്കിന്റെയും ഫോട്ടോകള്‍ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇവരെയും മാതാപിതാക്കളെയും നാളെ വിളിച്ചു വരുത്തി ശിക്ഷയും ബോധവല്‍ക്കരണവും നല്‍കും .
നാട്ടുകാരുടെ സഹകരണത്തോടെയായിരുന്നു കൊല്ലം വുമണ്‍സ് കോളജിന് മുന്‍വശം ഓപ്പറേഷന്‍ ഗരുഡ് നടന്നത് . വൈകുന്നേരങ്ങളില്‍ നടത്തം പതിവാക്കിയ പലരും ഫ്രീക്കന്മാരെപ്പേടിച്ചു ഇപ്പോള്‍ നടക്കാനിറങ്ങാറില്ല എന്നായിരുന്നു നാട്ടുകാരുടെ പരാതി. വരും ദിനങ്ങളിലും വിവിധ സ്ഥലങ്ങളിലായി ഫ്രീക്കന്മാരെ 'ഓപ്പറേഷന്‍ ഗരുഡ'യുടെ ഭാഗമായി പിടികൂടും . ഓപ്പറേഷന്‍ ഗരുഡയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മോറിസ് അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ബൈജു, ദീപക് എന്നിവരും ട്രാക്ക് ജനറല്‍ സെക്രട്ടറി ആര്‍ ശരത് ചന്ദ്രന്‍ വൈസ് പ്രസിഡന്റ് റിട്ടയേര്‍ഡ് ആര്‍.ടി.ഓ പി.എ സത്യന്‍ ജോയിന്റ് സെക്രട്ടറി ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, ട്രഷറര്‍ സന്തോഷ് തങ്കച്ചന്‍, ചാര്‍ട്ടേര്‍ഡ് മെമ്പര്‍ റോണാ റെബെയ്‌റോ, ട്രാക്ക് വോളന്റീര്‍ ശ്രീധര്‍ലാല്‍ എന്നിവര്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."