അലെപ്പോയുടെ ത്യാഗം വെറുതെയാകില്ല
ഈജിപ്തിലും തുനീഷ്യയിലുമുള്ള അറബ്ജനത അവരുടെ പീഡകരെ അട്ടിമറിച്ചു താഴെയിറക്കിയതു കണ്ടുകൊണ്ടാണ് ഭൂരിപക്ഷം സിറിയക്കാരെയുംപോലെ അലെപ്പോ ജനതയും തങ്ങളുടെ സ്വേച്ഛാധിപതിക്കെതിരേ രംഗത്തെത്തിയത്. സമാധാനപരമായായിരുന്നു ആ വിപ്ലവത്തിന്റെ തുടക്കം. അങ്ങനെത്തന്നെ അതു തുടരാനായിരുന്നു മിക്ക സിറിയക്കാരും ആഗ്രഹിച്ചതും.
എന്നാല്‍, അവരുടെ സ്വേച്ഛാധിപതിക്ക് അയാളുടെ പ്രാദേശികവും അന്തര്‍ദേശീയവുമായ പിണിയാളുകളോടൊപ്പം വേറെ ചില പദ്ധതികളുണ്ടായിരുന്നു. അയാള്‍ അത് രക്തരൂഷിതവും യാതനനിറഞ്ഞതും മാരകവുമായ സംഘട്ടനത്തിലേക്കു തിരിച്ചുവിടുകയാണു ചെയ്തത്.
സിറിയന്‍വിപ്ലവത്തെ സൈനികവല്‍ക്കരിച്ചു തങ്ങളുദ്ദേശിച്ച രീതിയിലേയ്ക്കു മാറ്റിത്തീര്‍ത്തതു സിറിയന്‍ ഭരണകൂടവും അവരുടെ സഖ്യകക്ഷികളുമായിരുന്നു എന്നതിന് നേരത്തേതന്നെ നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ലബനാന്‍, ഇറാഖ്, ഇറാന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍നിന്നു സിറിയയിലേയ്ക്കു പ്രവഹിച്ച ശീഈ മിലീഷ്യയായിരുന്നു അതിനു പിന്നില്‍.
തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുമേലുള്ള ക്രൂരതയ്ക്കും കാടത്തങ്ങള്‍ക്കും ദൃക്‌സാക്ഷികളായതിന്റെ നടുക്കം സഹിക്കവയ്യാതെയാണു സിറിയന്‍ ജനത ആയുധമെടുത്തത്. നിരപരാധികളും നിരായുധരുമായ പൗരന്മാര്‍ക്കുനേരേ ഭരണകൂടവും അവരുടെ പിണിയാളുകളും കാട്ടിക്കൂട്ടിയ കുറ്റകൃത്യങ്ങള്‍ക്കു മുന്‍പില്‍ ജനങ്ങള്‍ക്കു തിരിച്ചടിക്കുകയല്ലാതെ മറ്റു മാര്‍ഗമുണ്ടായിരുന്നില്ല.
അസദ് കുടുംബവും തെഹ്‌റാനിലും മോസ്‌കോയിലുമുള്ള സില്‍ബന്ധികളും അലെപ്പോയെയും മറ്റു സിറിയന്‍ മഹാനഗരങ്ങളെയും പട്ടണങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തുതരിപ്പണമാക്കിയതും മനുഷ്യഹത്യ നടത്തിയതും രണ്ടു പ്രത്യേകലക്ഷ്യങ്ങളോടെയായിരുന്നു. ബശാറിനെയും അദ്ദേഹത്തിന്റെ ജനപിന്തുണയില്ലാത്ത ഭരണകൂടത്തെയും അധികാരത്തില്‍ നിലനിര്‍ത്തലായിരുന്നു ഒരു ലക്ഷ്യം. രണ്ടാമത്തേത്, മധ്യധരണ്യാഴി മുതല്‍ ഗള്‍ഫുനാടുകള്‍വരെയുള്ള ഏകാധിപതികളെ ഭീതിയിലാഴ്ത്തിയ അറബ് ജനകീയപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന നീക്കങ്ങളെ സഹായിക്കലും.
സിറിയന്‍ യുദ്ധം തുടക്കംമുതല്‍ ഒരു പാന്‍അറബ് പ്രശ്‌നമായിരുന്നു. അത് അതിവേഗത്തില്‍ ഒരു ലോകനിഴല്‍യുദ്ധമായി മാറി. സന്‍ആയിലും ട്രിപ്പോളിയിലും കെയ്‌റോയിലും തുനിസിലുമൊക്കെയുള്ള മുന്‍ഗാമികള്‍ക്കുണ്ടായ വിധി ദമസ്‌കസിലിരിക്കുന്ന സ്വേച്ഛാധിപതികള്‍ക്കും സംഭവിച്ചാലുണ്ടാകുന്ന വിടവ് ചില പ്രാദേശിക സ്വേച്ഛാധിപതികളെയും അന്താരാഷ്ട്ര ശക്തികളെയും ഭയപ്പെടുത്തി. ഏകാധിപത്യത്തിനു ബദലായി ജനാധിപത്യം ഉയിര്‍ക്കൊള്ളുകയും മേഖലയിലുടനീളമുള്ള യുവജനങ്ങള്‍ ഉറ്റുനോക്കുന്ന ഒരു മാതൃക അതു സൃഷ്ടിക്കുകയും ചെയ്യുമെന്ന് അവര്‍ ഭയന്നു.
ഇതിനു സിറിയന്‍ ജനത ഒടുക്കിയ വില ചില്ലറയായിരുന്നില്ല. ഒരുപക്ഷേ, മോസ്‌കോയോ തെഹ്‌റാനോ കണ്ണീരൊലിപ്പിക്കാന്‍ തയാറാക്കിവച്ചിരുന്ന ജനവിഭാഗം മാത്രമായിരുന്നില്ല ഇതിന്റെ ഭൂരിപക്ഷം ഇരകളുമെന്നതായിരിക്കാം ഒരു കാരണം. ഇതേസമയം, പടിഞ്ഞാറിലുള്ള നിരവധി ജനങ്ങള്‍ സിറിയന്‍ വിപ്ലവത്തിന് അനുതാപവുമായി രംഗത്തെത്തി. അവരില്‍ ചിലര്‍ നയതന്ത്രകേന്ദ്രങ്ങളുമായി അടുത്തബന്ധം പുലര്‍ത്തുന്നവരുമായിരുന്നു. ഞാന്‍ വ്യക്തിപരമായി അറിയുന്ന ചിലരുമുണ്ട് അക്കൂട്ടത്തില്‍. ഈ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള ശക്തിയുണ്ടായിരുന്നെങ്കില്‍ ഇതിനെ വേറിട്ട രീതിയിലായിരിക്കും അവര്‍ കൈകാര്യം ചെയ്യുക.
പടിഞ്ഞാറന്‍ തലസ്ഥാനങ്ങളിലുള്ള നയനിര്‍മാതാക്കള്‍ക്ക് അതു രണ്ട് ആപത്തുകളില്‍ ഏറ്റവും ചെറുതായിരുന്നു. സിറിയ തങ്ങള്‍ക്കു ചെറിയ ആശങ്ക മാത്രമാണെന്ന് അഭിനയിച്ച് അവര്‍ കണ്ണടച്ചു. ഒബാമാ ഭരണകൂടവും അവരുടെ യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളും ഇസ്രാഈലീ കണ്ണാടിയിലൂടെയാണു സിറിയയെ കണ്ടത്. അസദ് അധികാരത്തില്‍ നിലനില്‍ക്കുന്നതാണ് എങ്ങനെ പെരുമാറുമെന്ന് ഉറപ്പിക്കാനാവാത്ത മറ്റൊരു ഭരണകൂടം വരുന്നതിനേക്കാളും കുറഞ്ഞ ആപത്ത് എന്നു തീരുമാനിക്കുകയായിരുന്നു അവര്‍ എന്നാണു തോന്നുന്നത്.
ലബനാന് അകത്ത് അവരാഗ്രഹിച്ച അധികാരസന്തുലിതാവസ്ഥയും ഇസ്രാഈലി അതിര്‍ത്തിയിലുടനീളമുള്ള സുസ്ഥിരതയും നിലനിര്‍ത്താന്‍ അവര്‍ക്ക് ഒരുപക്ഷേ, പുതിയ ഭരണകൂടത്തെ ആശ്രയിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ലെന്ന് അവര്‍ മനസ്സിലാക്കിക്കാണും. അതുകൊണ്ടുതന്നെ സിറിയയെ അവര്‍ റഷ്യന്‍, ഇറാന്‍ വന്യമൃഗങ്ങളുടെ ഇരയാകാന്‍ വിട്ടുകൊടുത്തു.
അലെപ്പോയിലെ ചെറുത്തുനില്‍പ്പുകാരുടെ കൈയില്‍ ആയുധങ്ങളുടെ കുറവില്ലായിരുന്നെങ്കില്‍ ഇറാനോ റഷ്യക്കോ ഈ കാടത്തം ചെയ്യാനാകുമായിരുന്നില്ല. വാഷിങ്ടണ്‍ സിറിയയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. 1980 കളില്‍ അഫ്ഗാന്‍ മുജാഹിദീന്‍ തക്കസമയത്തു ലഭ്യമാകുകയും റഷ്യന്‍ വ്യോമസേനയെ ഛിന്നഭിന്നമാക്കാന്‍ അവരെ സഹായിക്കുകയും ചെയ്ത ആയുധസജ്ജീകരണം അവര്‍ സിറിയന്‍ പോരാളികള്‍ക്കു ലഭിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. അന്ന് അമേരിക്കയ്ക്കു സോവിയറ്റ് യൂനിയനെ അസ്ഥിരപ്പെടുത്തുകയെന്ന താല്‍പര്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അഫ്ഗാനെ സഹായിക്കുന്ന കാര്യത്തില്‍ ഒരു ബുള്ളറ്റോ റോക്കറ്റോ ഡോളറോ ഒന്നും അവര്‍ വെറുതെയാക്കിയില്ല.
സിറിയയില്‍ കാര്യങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. യോഗങ്ങളിലും സമ്മേളനങ്ങളിലും സിറിയയോടു സഹതാപം കാണിച്ച അയല്‍രാജ്യങ്ങള്‍വരെ അവരെ സഹായിക്കന്‍ ഒന്നും ചെയ്തില്ല. അലെപ്പോയിലെ സഹോദരിമാര്‍ പീഡിപ്പിക്കപ്പെടുന്നതു തടയാന്‍ കാര്യമായ ശ്രമങ്ങളൊന്നും അയല്‍രാജ്യങ്ങളില്‍നിന്നുണ്ടായില്ല. അലെപ്പോയില്‍ റഷ്യയുടെയും ഇറാന്റെയും പട്ടാളക്കാര്‍ സര്‍വതന്ത്രസ്വതന്ത്രരായിരുന്നു. മടിയും പേടിയുമില്ലാതെ അവര്‍ എല്ലായിടത്തും ബോംബ് വര്‍ഷിക്കുകയും നാശംവിതയ്ക്കുകയും ചെയ്തു. റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കിഴക്കന്‍ അലെപ്പോയില്‍ അകപ്പെട്ടുപോയ നിരാശ്രയരായ ജനതയ്ക്കു നേരേ ബശാറിന്റെ തെമ്മാടിക്കൂട്ടവും ശീഈ സഖ്യസേനയും പകവീട്ടിക്കൊണ്ടിരിക്കുകയാണ്.
ജീവന്‍ നഷ്ടപ്പെട്ട പതിനായിരക്കണക്കിനും വീടും നാടും നഷ്ടപ്പെട്ട ദശലക്ഷക്കണക്കിനും വരുന്ന സിറിയക്കാര്‍ ചെയ്ത ത്യാഗം ഉത്തമമായൊരു ലക്ഷ്യത്തിനുവേണ്ടിയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച സ്വേച്ഛാധിപതിയുടെയും ശിങ്കിടികളുടെയും പിടിയില്‍നിന്നു രാജ്യത്തെ രക്ഷിച്ചെടുക്കുകയായിരുന്നു അത്. ഈയൊരു ത്യാഗത്തിന്റെ പേരിലായിരിക്കും ഇനി ലോകം അലെപ്പോയെ ഓര്‍ക്കുക. അതികഠിനവും നിരന്തരവുമായ ശിക്ഷാമുറകള്‍ക്കു മുന്‍പില്‍ പോരടിച്ചുനിന്ന നഗരമാണിത്. 'നിങ്ങള്‍ക്കു ഞങ്ങളുടെ ശരീരം നശിപ്പിക്കാനായേക്കാം, പക്ഷേ, ആത്മാക്കളെ തകര്‍ക്കാനാകില്ലെന്നു' റഷ്യയോടും ഇറാനോടും ഉറക്കെപ്പറഞ്ഞ നഗരമാണിത്.
'നിങ്ങള്‍ കൂടെക്കരുതുന്നുവെന്നു വാദിക്കുന്ന മൂല്യങ്ങളും തത്വങ്ങളും പൂര്‍ത്തീകരിച്ചു കാണിക്കൂ'വെന്നു ലോകരാഷ്ട്രങ്ങളോടു വെല്ലുവിളിച്ച നഗരമാണിത്. സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരതകള്‍ തടയാനെന്ന പേരില്‍ നിരവധി സ്ഥാപനങ്ങളും സമ്മേളനങ്ങളും കരാറുകളുമുണ്ടാക്കിയെന്ന് അഭിമാനിക്കുന്ന ലോകത്തിന്റെ ഇരട്ടത്താപ്പും കപടതയുമാണു സിറിയ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
രക്തസാക്ഷിയുടെ മരണംപോലെ അലെപ്പോയുടെ മരണവും അവസാനിക്കുന്നില്ല. സിറിയന്‍ ജനതയെ മാത്രമല്ല, ലോകത്തുടനീളമുള്ള യുവജനങ്ങളെ അഹങ്കാരത്തിനും സ്വേച്ഛാധിപത്യത്തിനും മുന്‍പില്‍ പോരടിച്ചുനില്‍ക്കാന്‍ അതു പ്രചോദിപ്പിച്ചുകൊണ്ടിരിക്കും. കൊലപാതകികളോടും പീഡകരോടും ചെറുത്തുനിന്ന് ഒടുവില്‍ ഒറ്റപ്പെട്ടുപോയ അലെപ്പോയ്ക്കു സംഭവിച്ച നഷ്ടത്തെക്കുറിച്ചു പര്യാലോചിക്കാന്‍ ഒരുപാടു തലമുറകളെ അതിന്റെ മരണം ഉത്തേജിപ്പിക്കും.
ബശാറുല്‍ അസദും അയാളുടെ റഷ്യന്‍, ഇറാന്‍ സില്‍ബന്ധികളും നേടിയെടുത്തിരിക്കുന്നതു പൊള്ളയായ വിജയം മാത്രമാണ്; സമ്പൂര്‍ണമായി തകര്‍ന്നുപോകുകയും വിജനമാകുകയും ചെയ്ത ഒരു നഗരത്തിനുമേല്‍ നേടിയ നാണംകെട്ടവിജയം.
(ഗ്രന്ഥകാരനും മാധ്യമപ്രവര്‍ത്തകനുമായ ലേഖകന്‍ ഫലസ്തീന്‍-ബ്രിട്ടിഷ് പൗരനാണ്.)
കടപ്പാട്: മിഡിലീസ്റ്റ് മോണിറ്റര്‍ ഡോട്ട് കോം.
വിവര്‍ത്തനം: മുഹമ്മദ് ശഹീര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."