ഇന്ന് 'ഇടി' മുഴങ്ങും...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രൊഫഷണല്‍ ബോക്സിങ് താരം വിജേന്ദര്‍ സിങും ടാന്‍സാനിയന്‍ താരം ഫ്രാന്‍സിസ് ചെകയും ഇന്നു നേര്‍ക്കുനേര്‍. ഡബ്ല്യു.ബി.ഒ ഏഷ്യ പസിഫിക്ക് സൂപ്പര്‍ മിഡ്ഡ്ല്വെയ്റ്റ് കിരീടം നിലനിര്‍ത്താനായാണ് ഇന്ത്യന്‍ താരം ഇന്നിറങ്ങുന്നത്. കഴിഞ്ഞ തവണ ഇതേ തട്ടകത്തില്‍ ആസ്ത്രേലിയന്‍ താരം കെറി ഹോപിനെ പരാജയപ്പെടുത്തിയാണ് കരിയറിലെ ആദ്യ മിഡ്ഡ്ല്വെയ്റ്റ് കിരീടമായ ഏഷ്യ പസിഫിക്ക് വിജേന്ദര്‍ സ്വന്തമാക്കിയത്. സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ചാംപ്യന്‍ പട്ടം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് താരം. ന്യൂഡല്‍ഹിയിലെ ത്യാഗരാജ സ്പോര്‍ട് കോംപ്ലക്സില്‍ ഇന്നു രാത്രി 7.30 മുതലാണ് പത്തു റൗണ്ടുകളുള്ള പോരാട്ടം അരങ്ങേറുന്നത്. 76 കിലോ വിഭാഗത്തിലാണ് മത്സരം.
പ്രൊഫഷണല്‍ ബോക്സിങിലേക്ക് മാറിയ ശേഷം വിജേന്ദര്‍ ഏഴു മത്സരങ്ങള്‍ കളിച്ചു ഏഴിലും വിജയം സ്വന്തമാക്കിയാണ് എത്തുന്നത്. ആറു നോക്കൗട്ട് വിജയങ്ങളും അക്കൗണ്ടിലുണ്ട്. നിലവില്‍ പ്രൊഫഷണല്‍ ബോക്സിങില്‍ ലോകത്തെ പത്താം നമ്പര്‍ താരമാണ് വിജേന്ദര്‍. അതേസമയം എതിരാളിയായ ചെക ഇന്ത്യന്‍ താരത്തേക്കാള്‍ പരിചയ സമ്പന്നനാണ്. 43 മത്സരങ്ങളില്‍ 32 വിജയങ്ങളാണ് ചെക സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ 17 നോക്കൗട്ട് വിജയങ്ങളുമുണ്ട്. 2013ല്‍ ഡബ്ല്യു.ബി.എഫ് മിഡ്ഡ്ല്വെയ്റ്റ് ചാംപ്യനായിരുന്നു ചെക.
മത്സരത്തിനു മുന്‍പ് പ്രകോപനപരമായ പ്രസ്താവനകളുമായി ടാന്‍സാനിയന്‍ താരം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
വിജേന്ദറിന്റെ ഒളിംപിക് മെഡല്‍ വലിയ നേട്ടമൊന്നുമല്ലെന്നു ചെക വെടി പൊട്ടിച്ചു. തന്റെ സംസാരം ഇനി റിങിലാണെന്നു ചെക പറഞ്ഞപ്പോള്‍ കിരീടം ഇവിടെ നിന്നു എവിടേക്കും പോകില്ലെന്നും ഇടിച്ച് താനത് നിലനിര്‍ത്തുമെന്നും അതു റിങില്‍ കാണമെന്നും വിജേന്ദര്‍ തിരിച്ചടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."