ജൂനിയര്‍ ഹോക്കി ലോകകപ്പ് ഇന്ത്യ ഫൈനലില്‍
ലക്‌നോ: കരുത്തരായ ആസ്‌ത്രേലിയയെ കീഴടക്കി ഇന്ത്യ ജൂനിയര്‍ ഹോക്കി ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറി. സെമി ഫൈനലില്‍ ആസ്‌ത്രേലിയയെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ കലാശപ്പോരാട്ടത്തിനു അര്‍ഹത നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ച് സമനില പാലിച്ചപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇന്ത്യ രണ്ടിനെതിരേ നാലു ഗോളുകള്‍ നേടിയാണ് വിജയം പിടിച്ചത്. 2001ല്‍ അര്‍ജന്റീനയെ കീഴടക്കി ആദ്യ ജൂനിയര്‍ ലോക കിരീടം സ്വന്തമാക്കിയ ഇന്ത്യ 15 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഫൈനലിലെത്തുന്നത്. നേരത്തെ 1997ല്‍ ഫൈനലിലെത്തിയ ഇന്ത്യ അന്നു ആസ്‌ത്രേലിയയോടു കീഴടങ്ങിയിരുന്നു. ആ തോല്‍വിക്ക് വൈകിയാണെങ്കിലും ഇപ്പോള്‍ പകരം ചോദിക്കാനും ഇന്ത്യക്കായി. നാളെ നടക്കുന്ന ഫൈനലില്‍ ബല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍. നിലവിലെ ചാംപ്യന്‍മാരും ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തുകയും ചെയ്ത ജര്‍മനിയെ അട്ടിമറിച്ചാണ് ബല്‍ജിയം ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
കളി തുടങ്ങി 14ാം മിനുട്ടില്‍ തന്നെ ഓസീസ് ലീഡെടുത്തു. എന്നാല്‍ 42ാം മിനുട്ടില്‍ ഗുര്‍ജന്ദ് സിങിലൂടെ സമനില പിടിച്ച ഇന്ത്യയെ മന്‍ദീപ് സിങ് ആറു മിനുട്ടിനുള്ളില്‍ രണ്ടാം ഗോള്‍ സമ്മാനിച്ച് മുന്നില്‍ കടത്തി. എന്നാല്‍ കളി തീരാന്‍ മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ആസ്‌ത്രേലിയ സമനില കണ്ടെത്തിയതോടെയാണ് പോരാട്ടം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത ഇരു ടീമുകളിലേയും താരങ്ങളുടെ ഷോട്ടുകള്‍ വലയിലായി. ഹര്‍ജീത് സിങാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്. ആസ്‌ത്രേലിയയുടെ രണ്ടാം കിക്ക് പിഴച്ചപ്പോള്‍ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് സിങ് ലക്ഷ്യം കണ്ടു.
സ്‌കോര്‍2-1. ആസ്‌ത്രേലിയയുടെ മൂന്നാം കിക്കും വിഫലമായി. ഇന്ത്യയുടെ സുമിത് ഗോള്‍ നേടിയതോടെ സ്‌കോര്‍ 3-1. ആസ്‌ത്രേലിയയുടെ നാലാം കിക്ക് ലക്ഷ്യത്തിലെത്തി. സ്‌കോര്‍ 3-2. നാലാം കിക്കെടുത്ത മന്‍പ്രീത് സിങ് ജൂനിയര്‍ പിഴയ്ക്കാതെ പന്തെത്തിച്ചതോടെ 4-2 എന്ന സ്‌കോറില്‍ ഇന്ത്യ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.
ആദ്യ സെമിയുടെ നിശ്ചിത സമയത്ത് ബല്‍ജിയവും ജര്‍മനിയും ഗോള്‍രഹിതമായി പിരിഞ്ഞപ്പോള്‍ ഷൂട്ടൗട്ടില്‍ 4-3നാണ് ബല്‍ജിയം വിജയിച്ചത്. നേരത്തെ ഇന്ത്യ ക്വാര്‍ട്ടറില്‍ സ്‌പെയിനിനെ വീഴ്ത്തിയാണ് അവസാന നാലിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."