മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 3.50 ലക്ഷത്തിന്റെ ഇന്ത്യന്‍ കറന്‍സി പിടികൂടി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 3.50 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു.
തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സേലം സ്വദേശികളായ ശ്രീധരന്‍ മുരുകന്‍, ദിനേശ് കുമാര്‍ ശ്രീനിവാസന്‍ എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി എയര്‍ ഏഷ്യ വിമാനത്തില്‍ മലേഷ്യയിലേക്ക് പോകാനാണ് ഇരുവരും നെടുമ്പാശ്ശേരിയിലെത്തിയത്. ശ്രീധരന്‍ മുരുകനില്‍ നിന്നും 2,20,000 രൂപയും, ദിനേശ്കുമാറില്‍ നിന്നും ഒന്നര ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
2000 രൂപയുടെ നോട്ടുകളായി ബാഗേജില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച ശേഷം ആദ്യമായാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ പുതിയ നോട്ടുകള്‍ പിടികൂടുന്നത്.
ഹവാല ഇടപാടുകള്‍ക്കും, സ്വര്‍ണ്ണം കള്ളക്കടത്തിനുമാണ് ഇന്ത്യന്‍ കറന്‍സി പ്രധാനമായും വിദേശത്തേക്ക് കടത്തുന്നത്.
ഇത്തരത്തില്‍ അനധികൃത ഇടപാടുകള്‍ക്കായി വിദേശത്തേക്ക് കടത്തിയ 10 ലക്ഷം രൂപയുടെ 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധനത്തെ തുടര്‍ന്ന് തിരിച്ചെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ 25ന് നെടുമ്പാശ്ശേരിയില്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."