സുവര്‍ണചകോരം ക്ലാഷിന്
തിരുവനന്തപുരം: സപ്തദിന സിനിമാക്കാഴ്ചകള്‍ക്കൊടുവില്‍ ക്ലാഷിനും മാന്‍ഹോളിനും ക്ലയിര്‍ ഒബ്‌സ്‌ക്യൂറിനും സുവര്‍ണനേട്ടം. കേരളാ രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ പുരസ്‌കാരം ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് സ്വന്തമാക്കി. 2013ലെ കെയ്‌റോ സംഘര്‍ഷഭൂമിയിലെ കഥ പറഞ്ഞ ചിത്രം മുഹമ്മദ് ഡയാബാണ് സംവിധാനം ചെയ്തത്.
മത്സരവിഭാഗം ചിത്രങ്ങളില്‍ തങ്ങളുടെ പ്രിയചിത്രമായി പ്രേക്ഷകര്‍ തെരഞ്ഞെടുത്തതും ക്ലാഷ് ആണ്. ടര്‍ക്കിഷ് സംവിധായകന്‍ യെസിം ഒസ്താഗ്ലുവിന്റെ ക്ലെയര്‍ ഒബ്‌സ്‌ക്യൂര്‍ മികച്ച ചിത്രത്തിനുള്ള രജതചകോരം നേടി. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ടര്‍ക്കിഷ് ചിത്രം കോള്‍ഡ് ഓഫ് കലണ്ടറിനാണ്(സംവിധാനം മുസ്തഫ കാര).
മികച്ച നേട്ടങ്ങളുമായി മലയാള സിനിമകളും മേളയില്‍ അംഗീകാരം നേടി. ഇരട്ടനേട്ടങ്ങളോടെ വിധുവിന്‍സെന്റിന്റെ മാന്‍ഹോള്‍ മലയാളത്തിന്റെ അഭിമാനമായി. മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരത്തിന് മാന്‍ഹോള്‍ അര്‍ഹമായി. സംവിധാനത്തിലെ നവാഗതപ്രതിഭയ്ക്കുള്ള രജതചകോരവും വിധു വിന്‍സെന്റിനാണ്. സംസ്ഥാനത്തെ പതിനായിരക്കണക്കിനായ മാന്‍ഹോള്‍ തൊഴിലാളികള്‍ക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നതായി സംവിധായിക പറഞ്ഞു.
മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം രാജീവ് രവിയുടെ കമ്മട്ടിപ്പാടം സ്വന്തമാക്കി. ജാക്ക് സാഗ കബാബിയുടെ വെയര്‍ഹൗസ്ഡിനാണ് മികച്ച ലോകസിനിമയ്ക്കുള്ള ഫിപ്രസ്‌കി പുരസ്‌കാരം. ഫിലിപ്പൈന്‍ ചിത്രം ഡൈ ബ്യൂട്ടിഫുളിലെയും ടര്‍ക്കിഷ് ചിത്രം ക്ലെയര്‍ ഒബ്‌സ്‌ക്യൂറിലെയും അഭിനേതാക്കള്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിച്ചു. മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായ ചടങ്ങില്‍ ജൂറി ചെയര്‍മാന്‍ മിഖായേല്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക സെക്രട്ടറി റാണി ജോര്‍ജ്, മേളയുടെ കലാസംവിധായിക ബീനാപോള്‍, മഹേഷ് പഞ്ചു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."