ഭിന്നശേഷി ബില്ല് ലോക്‌സഭയിലും പാസായി
ന്യൂഡല്‍ഹി: ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ക്കായുള്ള ബില്ല് ലോക്‌സഭയിലും പാസായി. രാവിലെ സഭ സമ്മേളിച്ചയുടന്‍ തന്നെ പ്രതിപക്ഷ സഹകരണത്തോടെയാണ് ബില്ല് പാസാക്കിയത്. ശീതകാലസമ്മേളനത്തില്‍ ഇരുസഭയിലും പാസായ ഏക ബില്ലും ഇതാണ്.
സാമൂഹ്യക്ഷേമ മന്ത്രി തവര്‍ ചന്ദ് ഗെലോട്ടാണ് ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായുള്ള ബില്ല് സഭയില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്ററി സമിതി മുന്നോട്ടുവച്ച 59 നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ബില്ല് പാസാക്കിയത്. സര്‍ക്കാര്‍ ജോലിയില്‍ നാലുശതമാനം സംവരണം, സമൂഹത്തിന്റെ മുഖ്യധാരയില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അടങ്ങിയതാണ് ബില്ല്.
ഇതു സംബന്ധിച്ച് 1995ല്‍ പാസാക്കിയ നിയമത്തിന്റെ ഭേദഗതിചെയ്ത രൂപമാണ് ബില്ല്. ഏഴുതരം ഭിന്നശേഷിക്കാര്‍ക്കായിരുന്നു നിലവിലെ ബില്ലില്‍ പരിരക്ഷ നല്‍കിയിരുന്നത്. എന്നാല്‍, ആസിഡ് ആക്രമണത്തിന് ഇരയായവര്‍, പാര്‍ക്കിന്‍സണ്‍സ് ബാധിതര്‍ അടക്കം 21തരം ഭിന്നശേഷിക്കാരെ പുതിയ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി.
ഭിന്നശേഷിക്കാര്‍ക്ക് 18 വയസുവരെ സൗജന്യ വിദ്യാഭ്യാസം അടക്കുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ആദ്യ തവണ 10,000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 50,000 രൂപ മുതല്‍ അഞ്ചു ലക്ഷം വരെയും പിഴ ലഭിക്കും. ഭിന്നശേഷിക്കാരുട ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവര്‍ക്കു രണ്ടുവര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് നിലവില്‍ സര്‍ക്കാര്‍ ജോലിയില്‍ മൂന്നു ശതമാനമാണു സംവരണമുള്ളത്. ഇത് അഞ്ചു ശതമാനമാക്കാനാണ് 2014ല്‍ ഈ ബില്ല് അവതരിപ്പിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇതു നാലു ശതമാനമാക്കി നിജപ്പെടുത്തുകയായിരുന്നു. 40 ശതമാനമെങ്കിലും വൈകല്യങ്ങളുള്ളവരാണ് ബില്ലിന്റെ പരിധിയില്‍ വരുന്നത്. കാഴ്ച-കേള്‍വി-സംസാര വൈകല്യമുള്ളവര്‍, ഓട്ടിസ-മാനസിക വൈകല്യമുള്ളവര്‍, അരിവാള്‍ രോഗമുള്ളവര്‍ എന്നിവരും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."