കാഞ്ഞങ്ങാട്ട് സര്‍വകക്ഷി സമാധാന യോഗം ഇന്ന്
കാഞ്ഞങ്ങാട് : തെരഞ്ഞെടുപ്പ് ദിനവും,പിന്നീടുള്ള രണ്ടു ദിനങ്ങളും സമാധാനപരമായിരുന്ന കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഫലപ്രഖ്യാപന ദിവസം മുതല്‍ തുടങ്ങിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പൊലിസ് ഇന്നലെ വരെ അന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലിസ് ഇത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് സമയത്ത് ഹൊസ്ദുര്‍ഗ് പൊലിസ് നാല്പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്നതോടെ അക്രമികള്‍ സംഘടിച്ച് കണ്ണില്‍ കാണുന്നതൊക്കെ തകര്‍ക്കുകയും,വാഹനങ്ങളും,പാര്‍ട്ടി ഓഫിസുകളും,തയ്യല്‍ കടകളുമൊക്കെ അഗ്നിക്കിരയാക്കുകയും ചെയ്തു.
അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത് ശ്രദ്ധയില്‍ പെട്ട ജില്ലാ ഭരണകൂടം ഉച്ചയോടെ ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഉള്‍പ്പെടെ നിരോധനാഞ്ജ പുറപ്പെടുവിക്കുകയും ചെയ്തു.
എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ അക്രമികള്‍ വീടുകള്‍ക്കും,വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും കല്ലേറ് നടത്തി നാശ നഷ്ടം വരുത്തുകയും,ആളുകളെ ആക്രമിക്കുകയും ചെയ്തു വരുകയായിരുന്നു.ഇന്നലെ മാവുങ്കാലില്‍ വച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ സഹോദരനെ ഒരു സംഘം മര്‍ദ്ദിച്ചു.കാസര്‍കോട് ഡി വൈ എസ് പി ഓഫിസിലെ പൊലിസുകാരന് ധനേഷിന്റെ സഹോദരന് രാജേഷിനെയാണ് സംഘം മര്‍ദ്ദിച്ചത്.ഈ കേസും കൂടി ഹൊസ്ദുര്‍ഗ് പൊലിസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് അക്രമ സംഭവങ്ങളില്‍ കേസുകളുടെ എണ്ണം അന്‍പതായി ഉയര്‍ന്നത്.
അതിനിടെ ഇന്ന് രാവിലെ 11 ന് കാഞ്ഞങ്ങാട് ആര് ഡി ഓഫിസില്‍ ജില്ലാ ഭരണാധികാരികള്‍ സര്‍വ കക്ഷി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."