ബഹ്റൈന്‍ ദേശീയ ദിനാഘോഷ ലഹരിയില്‍; പ്രവാസി സംഘടനകളുടെ കീഴിലും ആഘോഷ പരിപാടികള്‍
മനാമ: ബഹ്റൈനില്‍ 45-ാമത് ദേശീയ ദിനാഘോഷ പരിപാടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതല്‍ രാജ്യം മുഴുക്കെ ദേശീയ പതാകയുടെ വര്‍ണ്ണത്തില്‍ മുങ്ങി. ഡിസംബര്‍ അവസാനം വരെ നീളുന്ന ഈ കാഴ്ചകളും അലങ്കാരങ്ങളും ആരുടെയും കണ്ണഞ്ചിപ്പിക്കുന്നവയാണ്. ദേശീയ ദിനമായ ഡിസംബര്‍ 16ന് സ്വദേശികളോടൊപ്പം വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും ആഘോഷ പരിപാടികളില്‍ പങ്ക് ചേര്‍ന്നത് ഏറെ ശ്രദ്ധേയമായി.
രക്തദാന ക്യാമ്പുകള്‍, മാജിക് ഷോകള്‍, പരമ്പരാഗത നൃത്ത രൂപങ്ങള്‍, കലകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ഭക്ഷ്യ മഹോത്സവം, കായിക മേളകള്‍, സാംസ്കാരിക പരിപാടികള്‍, ലേബര്‍ ക്യാമ്പുകളിലെ പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ദേശീയ ദിനാഘോഷം രാജ്യമെങ്ങും നടന്നത്. ദിവസങ്ങള്‍ക്കു മുമ്പേ ഇതിനായി രാജ്യത്തുടനീളം ഒരുക്കങ്ങള്‍ സജീവമായിരുന്നു.
വാരാന്ത അവധി ദിനങ്ങളായതിനാല്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച ആഘോഷ പരിപാടികള്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്ത് തിങ്കളാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദിനങ്ങള്‍ പൊതു ഒഴിവു ദിവസങ്ങളായതിനാലാണിത്.
[caption id="attachment_193584" align="alignleft" width="300"] ദുബായിലെ ബുർജ് ഖലീഫ ബഹ്റൈന്‍ വർണമണിഞ്ഞപ്പോള്[/caption]
ദിവസങ്ങള്‍ക്കു മുന്‍പേ, രാജ്യമെങ്ങും അലങ്കാര പണികള്‍ പൂര്‍ത്തിയാക്കിയിരുന്നു. വൈദ്യുതി വിളക്കുകളാല്‍ ദേശീയ പതാക തീര്‍ത്തും വലിയ കൊടികള്‍ സ്ഥാപിച്ചുമാണ് വ്യാപാര സ്ഥാപനങ്ങള്‍ ദേശീയ ദിനം ആഘോഷമാക്കിയത്.
വിവിധ ഗവര്‍ണറേറ്റുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തിലും പരിപാടികള്‍ സംഘടിപ്പിച്ചു. പ്രവാസി സംഘടനകളും ദേശീയ ദിനാഘോഷത്തില്‍ സജീവമായി. പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ 45ാം ദേശീയദിനത്തിന്റെ ഭാഗമായി 45 ശതമാനം ഓഫറുകളാണ് നല്‍കിയത്. രാജ്യത്തെ ശക്തമായി മുന്നോട്ടുനയിക്കുന്ന രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്ക് മന്ത്രിമാരും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളും ദേശീയ ദിന ആശംസ നേര്‍ന്നു. ബഹ്റൈനിനെ കൂടുതല്‍ കരുത്തോടെ വികസനത്തിലേക്കും ഉന്നമനത്തിലേക്കും നയിക്കാന്‍ ഭരണാധികാരികള്‍ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു.
വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ വ്യാഴാഴ്ച തന്നെ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചിരുന്നു. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ രക്തദാന ക്യാമ്പിനും തുടക്കം കുറിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബൈക്ക് റാലി, കാര്‍ റാലി, ഫുട്ബാള്‍ ടൂര്‍ണമെന്റ്, ഭക്ഷ്യ മേള തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ നേതൃത്വത്തില്‍ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും മറ്റ് പരിപാടികളും അടുത്ത ദിവസങ്ങളും തുടരും.
വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, പൊതു സ്ഥലങ്ങളിലെ ശുചീകരണം തുടങ്ങിയ പരിപാടികളും അടുത്ത ദിവസങ്ങളിലായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."