പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി സംസ്ഥാനം ഉപേക്ഷിക്കണം: ചെന്നിത്തല
തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂര്‍ ഡി.സി.സി ഓഫിസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവില വര്‍ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 18 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. നോട്ട് പിന്‍വലിക്കലിലൂടെ വലഞ്ഞ ജനങ്ങള്‍ക്ക് മോദി നല്‍കിയ ഇരുട്ടടിയാണ് ഇന്ധനവില വര്‍ധന. മോദി സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ മറയാക്കി പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മോദിയുടെ മറ്റൊരു പകര്‍പ്പാണ് പിണറായി. സമസ്തമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ആറ് മാസത്തെ ഭരണത്തിന്റെ ബാക്കിപത്രം നിര്‍ജീവാവസ്ഥ മാത്രമാണ്. ദുരിതാശ്വാസ നിധിയില്‍ നിന്നും പണം കൊടുക്കുന്ന ജോലി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നത്.
റേഷന്‍കടകളില്‍ അരി ഇല്ല. ധാന്യങ്ങള്‍ എഫ.്‌സി.ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നു. തൊഴിലാളികളുടെ കൂലി വിഷത്തിലെ തര്‍ക്കമാണ് അതിന് കാരണം. ഈ വിഷയത്തിലൊന്നും ഇടപെടാതെ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ക്രിസ്മസിന് ജനങ്ങളെ പട്ടിണിക്കിടുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമാകുവാനാണ് സാധ്യത. യു.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ധം ചെലുത്തി നിലവില്‍ അനുവദിക്കുന്ന അരിയേക്കാള്‍ കൂടുതല്‍ മെട്രിക് ടണ്‍ അരി കേരളത്തിന് അനുവദിപ്പിച്ചിരുന്നു.
അഡീഷണല്‍ അലോട്ട്‌മെന്റ് ആവശ്യപ്പെടാന്‍ പോലും എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും മുഖ്യമന്ത്രി ഇടപെടുന്നില്ല. ഔദ്യോഗികസംവിധാനം ഉപയോഗിച്ച് ഐ.എ.എസ്-ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് കുടിപ്പക തീര്‍ക്കുകയാണ്. ഇത് ഭരണതലത്തില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഭരണകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള തര്‍ക്കം തെരുവീഥികളില്‍ എത്തി. മാവോയിസ്റ്റുകളുടെ കാര്യത്തിലായാലും അതിരപ്പിള്ളിയുടെ കാര്യത്തിലായാലും ഇരുപാര്‍ട്ടികളിലും അഭിപ്രായ വ്യത്യാസമുണ്ടെന്നും അദ്ദേഹം വ്യക്താക്കി.
ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനം സംബന്ധിച്ച ഹൈക്കമാന്റ് തീരുമാനം അന്തിമമാണ്. ആ തീരുമാനം അംഗീകരിച്ച് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഡി.സി.സി പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം കഴിവ് തെളിയിച്ചിട്ടുള്ളവരാണെന്നും ചെന്നിത്തല പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപനും സന്നിഹിതനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."