മാലിന്യസംസ്‌കരണം പേരിലൊതുങ്ങി: ദുര്‍ഗന്ധം പേറി നാടും നഗരവും
പാലക്കാട്: നഗരസഭ ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഉറവിട മാലിന്യസംസ്‌കരണം നിലച്ചതോടെ നഗരമെങ്ങും മാലിന്യങ്ങള്‍ നിറഞ്ഞു. ശേഖരീപുരം, ഒലവക്കോട്, മാട്ടുമന്ത, ജി.ബി.റോഡ്, കെ.എസ്.ആര്‍.ടി.സിക്ക് പിന്‍വശം, ഹരിക്കാര സ്ട്രീറ്റ്, കല്‍മണ്ഡപം, മാങ്കാവ് തുടങ്ങീ നഗരത്തിലെങ്ങും മാലിന്യങ്ങളുടെ കൂമ്പാരമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ശേഖരീപുരം മുതല്‍ കല്‍മണ്ഡപം വരെയുള്ള ദേശീയപാതക്ക് ഇരുവശവും ലോറിയില്‍ മാലിന്യം തള്ളുന്നതിനെതിരേ നടപടി സ്വീകരിക്കാന്‍ നഗരസഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മാത്രമല്ല മറ്റു നഗരങ്ങളില്‍ നിന്നുള്ള മാലിന്യനിക്ഷേപം വര്‍ദ്ധിച്ചിട്ടും പൊലിസില്‍ പരാതി നല്‍കുന്നതിനു പോലും ഭരണകൂടത്തിന് കഴിയാത്തത് നഗരസഭയിലെ തമ്മിലടിമൂലമാണെന്നും പരാതിയുണ്ട്. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടന മാമാങ്കത്തിനു മാത്രമാണ് താത്പര്യമെന്നാണ് പറയുന്നത്.
ഓരോ നഗരസഭായോഗത്തിലും മാലിന്യസംസ്‌കരണത്തിനെതിരെ പ്രതിഷേധിക്കുക മാത്രമാണ് പ്രതിപക്ഷ കക്ഷികള്‍ ചെയ്യുന്നത്. എങ്ങനെയെങ്കിലും ഈ നഗരസഭ കാലാവധി അവസാനിക്കുന്നതിനു മുമ്പ് സ്വയം ഒഴിഞ്ഞുപോകുമെന്ന പ്രതീക്ഷയാണ് ശക്തമായ പ്രതിഷേധ രീതികളില്‍ നിന്നും അവരെ പിന്നോട്ട് നയിക്കുന്നത്.
നഗരസഭാ പരിസരം തന്നെ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുമ്പോള്‍ ജൈവമാലിന്യ സംസ്‌കരണം നടക്കുന്നുവെന്ന് പറയുന്നതല്ലാതെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. നഗരത്തിലെ കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വാഹനം വിട്ടുനല്‍കിയെന്ന് നഗരസഭ പറയുമ്പോള്‍ കാര്യങ്ങള്‍ കണ്ടറിയണം. കഴിഞ്ഞ കുറേകാലങ്ങളായി മാലിന്യസംസ്‌കരണവും മാലിന്യനീക്കവും നിലച്ചമട്ടിലാണ്. വരും ദിവസങ്ങളിലെങ്കിലും മാലിന്യനീക്കം നടന്നില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പകരുമെന്ന ഭീതിയിലാണ് നഗരസഭാവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."