ഒരു വര്‍ഷത്തിനിടെ അപകടത്തില്‍ മരിച്ചത് 4500 പേര്‍; അശ്രദ്ധ കുറച്ചാല്‍ അപകടം കുറയ്ക്കാം
വിഴിഞ്ഞം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 4500ല്‍ അധികമാണെന്നും അശ്രദ്ധ കൊണ്ടാണിതു മുഴുവനും സംഭവിക്കുന്നതെന്നും അപകടത്തില്‍പ്പെടുന്നവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ മരണ നിരക്ക് ഗണ്യമായി കുറയ്ക്കാനാവുമെന്നും റൂറല്‍ എസ്.പി കെ. ഷഫീന്‍ അഹമ്മദ്. കേരളാ പൊലീസിന്റെ 'ശുഭയാത്ര' പദ്ധതിയുടെ ഭാഗമായ സോഫ്റ്റ് (സേവ് ഔവര്‍ ഫെലോ ട്രാവലര്‍) പദ്ധതിയുടെ പരിശീലനം അരുമാനൂര്‍ എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു എസ്.പി.
കാക്കി കാണുമ്പോള്‍ യാത്രക്കാര്‍ അച്ചടക്കം പാലിക്കുന്നുണ്ടെന്നും വാഹന പരിശോധന നടത്താന്‍ പൊലിസിനെ നിയോഗിക്കുന്നത് യാത്രക്കാര്‍ അച്ചടക്കം പാലിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം വിശദീകരിച്ചു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എം.കെ സുല്‍ഫിക്കര്‍ അധ്യക്ഷനായി. നാറ്റ്പാക്ക് കണ്‍സള്‍ട്ടന്റ് ടി.വി ശശികുമാര്‍, ഡോ. ഷിജു സ്റ്റാന്‍ലി എന്നിവര്‍ ക്ലാസ് നയിച്ചു. പൂവാര്‍, പാറശാല സര്‍ക്കിളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 100 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പാറശാല സി.ഐ ജെ. സന്തോഷ്‌കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ടി സജീദ്, പ്രിന്‍സിപ്പല്‍ എന്‍.വി സുരേഷ്, പി.ടി.എ പ്രസിഡന്റ് ആര്‍.ടി. ജയപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."