ബാരാപോളില്‍ വൈദ്യുതി ഉത്പാദനം നിലയ്ക്കും
ഇരിട്ടി: ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തകരാറിലായ ജനറേറ്റര്‍ പ്രവര്‍ത്തന സജ്ജമായി. എന്നാല്‍ മഴനിലച്ചതിനെ തുടര്‍ന്നു പുഴയില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്ക് ദുര്‍ബലമായതോടെ വൈദ്യുതി ഉത്പാദനം ഉടന്‍ നിലയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇപ്പോള്‍ 20000ത്തില്‍ താഴെ യൂനിറ്റ് വൈദ്യുതി മാത്രമാണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നത്. 130 കോടി രൂപ മുടക്കി ദക്ഷിണേന്ത്യയില്‍ ആദ്യമായി നിര്‍മിച്ച പദ്ധതിയിലെ 20 കോടി മുതല്‍മുടക്കുള്ള ജനറേറ്ററുകളും ട്രാന്‍സ്‌ഫോമറുകളും ഉള്‍പ്പെടെയുള്ള അനുബന്ധ സാമഗ്രികള്‍ സ്ഥാപിക്കാന്‍ കിര്‍ലോസ്‌ക്കര്‍ കമ്പനിയാണു കരാര്‍ ഏറ്റെടുത്തത്.
വൈദ്യുതി ഉത്പാദിപ്പിക്കാന്‍ അഞ്ചു മെഗാവാട്ടിന്റെ മൂന്നു ജനറേറ്ററുകളാണുള്ളത്. ഇതില്‍ ആദ്യത്തെ ജനറേറ്ററില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ തകരാറിലായി. ജൂലൈ 15 മുതല്‍ രണ്ടു ജനറേറ്ററില്‍ നിന്നു മാത്രമാണു വൈദ്യുതി ഉത്പാദിപ്പിച്ചു തുടങ്ങിയത്.
പ്രതിവര്‍ഷം 36 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയില്‍ നിന്നു (രണ്ടു ജനറേറ്ററില്‍ നിന്നുമായി) ഇതുവരെ ഏകദേശം 16 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കാന്‍ സാധിച്ചത്.
ഒരു ജനറേറ്റര്‍ തകരാറിലായതോടെ ലക്ഷങ്ങളുടെ നഷ്ടമാണു കെ.എസ്.ഇ.ബിക്കുണ്ടായത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രശ്‌നങ്ങളും പഠിക്കാന്‍ നിയോഗിച്ച മുന്‍മന്ത്രി സി ദിവാകരന്‍ ചെയര്‍മാനായ നിയമസഭാ സമിതി കഴിഞ്ഞ സെപ്റ്റംബര്‍ 20നു ബാരാപോള്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ഡിസംബര്‍ 20നകം മൂന്നു ജനറേറ്ററുകളില്‍ നിന്നും പൂര്‍ണതോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കിര്‍ലോസ്‌ക്കര്‍ കമ്പനിക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
കരാര്‍ കാലാവധി പൂര്‍ത്തിയായിട്ടും പൂര്‍ണതോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നു വൈദ്യുതി ബോര്‍ഡിനുണ്ടായ നഷ്ടം ഈടാക്കാന്‍ കിര്‍ലോസ്‌ക്കര്‍ കമ്പനിക്കെതിരേ നിയമനടപടി ആലോചിക്കുമെന്നു സമിതി അംഗം രാജു ഏബ്രഹാമും വ്യക്തമാക്കിയിരുന്നു.
തകരാറിലായ ജനറേറ്ററില്‍ നിന്നു പൂര്‍ണതോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തണമെങ്കില്‍ അടുത്തവര്‍ഷം ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരും.
പ്രതിവര്‍ഷം 36 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ 19 വര്‍ഷം കൊണ്ട് മുതല്‍മുടക്കിയ 130 കോടി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് എത്രനാള്‍ കാത്തിരിക്കണമെന്ന ആശങ്കയിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."