പണമിടപാടു സ്ഥാപനത്തിലെത്തിയ സംഘം പണം കവര്‍ന്നു
ചെറുപുഴ: പണം പരിശോധിക്കാനെന്ന വ്യാജേന സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെത്തിയവര് 24,000 രൂപ കവര്‍ന്നതായി പരാതി. ചെറുപുഴ തിരുമേനി റോഡില്‍ പ്രവര്‍ത്തിക്കുന്ന റോയല്‍ ഫൈനാന്സില് നിന്നാണ് പണം കവര്‍ന്നത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30നും മൂന്നിനുമിടയില്‍ സ്ഥാപനത്തിലെത്തിയാണ് തട്ടിപ്പു നടത്തിയത്.
പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെന്ന വ്യാജേന പുരുഷനും സ്ത്രീയും ചേര്‍ന്ന് കറന്‍സി കാണണമെന്നാവശ്യപ്പെട്ടു. രണ്ടായിരത്തിന്റെ നോട്ട് വാങ്ങി പരിശോധിച്ച് തിരികെ നല്കി. പിന്നീട് രണ്ടായിരത്തിന്റെ നോട്ട് കെട്ട് കൈക്കലാക്കി എണ്ണി നോക്കി. കുഴപ്പമില്ലെന്ന് പറഞ്ഞ് തിരികെ നല്കി. ഈ സമയം സ്ഥാപനത്തില്‍ രണ്ട് സ്ത്രീ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്.
പിറ്റേദിവസം രാവിലെ പണം എണ്ണി നോക്കുമ്പോഴാണ് രണ്ടായിരത്തിന്റെ പന്ത്രണ്ട് നോട്ട് നഷ്ടപ്പെട്ടതായി അറിയുന്നതെന്ന് ചെറുപുഴ പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ഏഴടി ഉയരമുള്ള പുരുഷനും മുസ്ലിം വേഷം ധരിച്ചെത്തിയ സ്ത്രീയുമാണ് തട്ടിപ്പ് നടത്തിയത്. തൊട്ടടുത്ത സ്ഥാപനത്തിലെ സി.സി.ടി.വി.യില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
തളിപ്പറമ്പ സ്വദേശി സി.ജെ സ്കറിയയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ചെറുപുഴ പൊലിസ് സ്റ്റേഷനില്‍ പരാതി നല്കി. എസ്.ഐ കെ.വി സ്മിതേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."