കൈകളെന്തിന് കണ്‍മണീ...
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാര്‍ അറിയാന്‍, വെളിമണ്ണ ജി.എം.എല്‍.പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ആസിം എഴുതുന്നത്,
ഞാന്‍ ജന്മനാ ഇരു കൈകളും ഇല്ലാത്തവനാണ്. നടക്കാന്‍ പറ്റാത്ത വിധം എന്റെ കാലുകള്‍ക്ക് വൈകല്യവുമുണ്ട്. ദൂരെയുള്ള സ്‌കൂളില്‍പോയി പഠിക്കാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. പക്ഷേ കഴിയില്ല. എനിക്ക് പഠിച്ച് വലിയ ആളാകാന്‍ ആഗ്രഹമുണ്ട്. പക്ഷേ, എന്റെ രക്ഷിതാക്കള്‍ക്കും എന്നെ പറഞ്ഞയക്കാന്‍ കഴിവില്ല. ആയതിനാല്‍ ഞാന്‍ പഠിക്കുന്ന സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തു തരുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.
എന്ന് മുഹമ്മദ് ആസിം
ഒരു യു.പി സ്‌കൂളിനായുള്ള നാടിന്റെ കാത്തിരിപ്പും അതിന്റെ ആവശ്യവും ചൂണ്ടിക്കാട്ടി കുഞ്ഞു ആസിം ഈ കത്ത് എഴുതിയത് എങ്ങനെ എന്നാകും. രണ്ടു കൈകളുമില്ലാത്തവന്‍ എങ്ങനെ കത്തെഴുതും? എന്നാല്‍ തന്റെ കുഞ്ഞിക്കാലുകൊണ്ടാണ് ആസിം ആ കത്ത് പൂര്‍ത്തിയാക്കിയത്. കത്തു വായിച്ച ഉമ്മന്‍ചാണ്ടിയുടെ മനസലിഞ്ഞു. കത്തിനു ഫലവുമുണ്ടായി. സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ അദ്ദേഹം ഉത്തരവിട്ടു. ആ ചരിത്രം പിറന്നു.
കേരളത്തിലാദ്യമായി ഒരു കുട്ടിക്ക് വേണ്ടി ഒരു സ്‌കൂള്‍ അപ്‌ഗ്രേഡ് ചെയ്തു. അതോടെ ആസിം നാട്ടുകാരുടെ കണ്ണിലുണ്ണിയായി. പിന്നെ ഒരുപാട് വിദ്യാര്‍ഥികള്‍ അതേ സ്‌കൂളില്‍ തന്നെ യു.പി സ്‌കൂളില്‍ പഠിച്ചു. ഇപ്പോഴും ഓരോ ദിവസവും തങ്ങളുടെ മക്കളെ സ്‌കൂളിലേക്കയക്കുമ്പോള്‍ ഓരോ രക്ഷിതാക്കളും ആസിമിനെ ഓര്‍ക്കും. ഇതു ചരിത്രം. എന്നാല്‍ കോഴിക്കോട് ജില്ലയിലെ വെളിമണ്ണ ആലത്തുകാവില്‍ മുഹമ്മദ് ശഹീദിന്റെ മൂത്തമകന്‍ ആസിമിനു പറയാനുള്ളത് സന്തോഷകരമായ ഇന്നലെകളെക്കുറിച്ചല്ല.
കൊന്നുകൂടെ കൈകളില്ലാത്ത കുഞ്ഞിനെ ..?
ഇരുകൈകളുമില്ലാതെയാണ് അവന്‍ ഉമ്മയുടെ ഉദരത്തില്‍ വളരാന്‍ തുടങ്ങിയത്. ജനിക്കാനുള്ള അവകാശത്തെ പോലും പലരും ചോദ്യം ചെയ്തു. കുഞ്ഞിനെ നശിപ്പിക്കാന്‍ ഡോക്ടര്‍മാരും ബന്ധുക്കളുമെല്ലാം പിതാവ് മുഹമ്മദ് ഷഹീദിനെയും ഭാര്യ ജംസീനയെയും സദാ നിര്‍ബന്ധിച്ചു. ആരൊക്കെ നിര്‍ബന്ധിച്ചിട്ടും ആ കുരുന്നു ജീവനെ കൊല്ലാന്‍ അവര്‍ തയാറായില്ല. അവന്റെ രണ്ടു കൈകള്‍ക്കു പകരം ഞങ്ങളുടെ നാലു കൈകളില്ലേ... അവന്റെ കുറവുകളൊക്കെ സഹിക്കാന്‍ ഞങ്ങള്‍ മനസുകൊണ്ട്് ശീലിച്ചു. അവനെ ഞങ്ങള്‍ക്കുവേണം. ഷഹീദിന്റെ ആ മറുപടിക്കു മുന്നില്‍ എല്ലാവരും നിശബ്ദരായി.
ഒരുപാട് നാളത്തെ പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ശേഷം അവരുടെ ആദ്യത്തെ കണ്‍മണി പിറന്നു. ഇരു കൈകളുമില്ലാതെ, ഒരു കാലിനു സ്വാധീനമില്ലാതെ, താടിയെല്ലുകള്‍ ഉറയ്ക്കാതെ, പൂര്‍ണമായ വളര്‍ച്ചയെത്താത്ത ഒരു കണ്‍മണി. അപ്പോഴും അഭിനന്ദിക്കേണ്ടതിനു പകരം ഡോക്ടര്‍മാര്‍ അവരെ വഴക്കു പറഞ്ഞു. അത് അവരെ തെല്ലൊന്നു വിഷമിപ്പിച്ചെങ്കിലും പൊന്നോമനയുടെ ചിരി അവരെ അതില്‍നിന്നു മുക്തരാക്കി.
പരീക്ഷണ നാളുകള്‍
സാധാരണ കുട്ടികള്‍ കൈകൊണ്ട് ചെയ്യുന്നതെല്ലാം അവരേക്കാള്‍ മനോഹരമായി ആസിം ഒരു കാലുകൊണ്ട് ചെയ്യുന്നു. കാല്‍ കൊണ്ട് എഴുതുന്നു, ചിത്രം വരയ്ക്കുന്നു, കാലില്‍ സ്പൂണ്‍ വച്ച് ഭക്ഷണം കഴിക്കുന്നു. നടന്ന് സ്‌കൂളിലും പോകും
അവരവന് ആസിം എന്നു പേരിട്ടു. താടിയെല്ലിനു പ്രശ്‌നമുള്ളതിനാല്‍ ഉമ്മയുടെ മുലപ്പാല്‍ കുടിക്കാന്‍ പോലും കുഞ്ഞിനു കഴിഞ്ഞില്ല. മൂക്കിലൂടെ ട്യൂബിട്ട് ലാക്ടോജന്‍ കൊടുത്തു. ആശുപത്രിയും വീടുമായി കഴിഞ്ഞത് ആറു വര്‍ഷങ്ങള്‍. അതിനു ശേഷം ആസിം ജീവിതത്തിലേക്കു പിച്ചവച്ചു. പതിയെ പതിയെ നടക്കാന്‍ പഠിച്ചു. സംസാരിക്കാനും തുടങ്ങി. അതോടെ അക്ഷരലോകത്തേക്കു നയിച്ചു. ഒന്നാം ക്ലാസില്‍ പോകാതെത്തന്നെ ആസിം രണ്ടാം ക്ലാസിലേക്കു പ്രവേശനം നേടി. വായിക്കാനും എഴുതാനും അവന്‍ നിഷ്പ്രയാസം പഠിച്ചു. കൈയില്‍ കിട്ടുന്ന പുസ്തകങ്ങളെല്ലാം ആവേശത്തോടെ വായിച്ചു. ആസിമിന് പ്രസംഗിക്കാനും ഏറെ ഇഷ്ടമാണ്. മദ്‌റസയിലും പ്രസംഗത്തിന് ഈ മിടുക്കന്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി.
സാധാരണ കുട്ടികള്‍ കൈകൊണ്ട് ചെയ്യുന്നതെല്ലാം അവരേക്കാള്‍ മനോഹരമായി ആസിം ഒരു കാലുകൊണ്ട് ചെയ്യുന്നു. കാല്‍ കൊണ്ട് എഴുതും, ചിത്രം വരയ്ക്കും, കാലില്‍ സ്പൂണ്‍ വച്ച് ഭക്ഷണം കഴിക്കും. നടന്നു സ്‌കൂളിലും പോകും. വെളിമണ്ണ ജി.എല്‍.പി സ്‌കൂളില്‍ നാലാം ക്ലാസിലെത്തിയ ആസിമിന് തുടര്‍പഠനം വഴിമുട്ടി. അധിക ദൂരം പിന്നിട്ട് സ്‌കൂളില്‍ പോകാന്‍ കഴിയില്ല. എന്നാല്‍ പഠിക്കുകയും വേണം. അങ്ങനെയാണ് അവന്‍ കുഞ്ഞിക്കാലു കൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതിയത്.
എവിടെ ആ വീല്‍ചെയര്‍?
ഇപ്പോള്‍ ആസിം അഞ്ചാം ക്ലാസില്‍ പഠിക്കുകയാണ്. ദിവസവും നടന്നു സ്‌കൂളില്‍ പോകുന്നതിനാല്‍ കാലിനു ചെറിയ വേദനയുണ്ട്. ആസിമിന്റെ അവസ്ഥ കണ്ട് മുന്‍ സാമൂഹിക ക്ഷേമ മന്ത്രി ഒരു ഇലക്്ട്രിക് വീല്‍ചെയര്‍ നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. അതിന് ഫണ്ടു വകയിരുത്തുകയും ചെയ്തു. എന്നാല്‍ ഇതുവരെ വീല്‍ചെയര്‍ ലഭിച്ചിട്ടില്ല.
ഇരു കൈകളുമില്ലാത്തതിനാല്‍ ആസിമിന് വീല്‍ചെയര്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന മറുപടിയാണ് അധികൃതരില്‍ നിന്നു ലഭിച്ചതെന്ന് പിതാവ് മുഹമ്മദ് ഷഹീദ് പറയുന്നു. എന്നാല്‍ മറ്റൊരു ഇലക്ട്രിക് വീല്‍ചെയര്‍ ഉപയോഗിച്ച് ശീലിച്ചതിനാല്‍ ആസിമിന് കാലുകൊണ്ട് വീല്‍ചെയര്‍ ഓടിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എത്രയും പെട്ടെന്ന് സര്‍ക്കാര്‍ തനിക്കു വീല്‍ചെയര്‍ അനുവദിച്ചു തരുമെന്ന പ്രതീക്ഷയിലാണ് ഈ കുഞ്ഞ്.
ഉമ്മാ...എനിക്കെന്താ കൈകളില്ലാഞ്ഞേ?
മകനെ വളര്‍ത്തുന്നതിനിടയില്‍ പല ദുരിതാനുഭവങ്ങളും ഒപ്പം സന്തോഷകരമായ അനുഭവങ്ങളും ഉണ്ടായതായി ഷഹീദ് പറയുന്നു.
സഹോദരി ഹന്ന ജനിച്ചപ്പോള്‍ ആസിം അവളുടെ കൈകള്‍ കണ്ട് ഉമ്മയോട് ചോദിച്ചു. ഉമ്മാ.. ഹന്ന മോള്‍ക്ക് രണ്ടു കൈകളുമുണ്ടല്ലോ... എനിക്കെന്താ കൈകളില്ലാഞ്ഞേ.. ആ ചോദ്യത്തിനു മറുപടി കൊടുക്കാന്‍ അവര്‍ക്കെങ്ങനെയാകും? ഹാഫിളായ ഷഹീദിന് ആസിമിനെക്കൂടാതെ നാലു മക്കളുണ്ട്. ഏറെ വേദനിച്ചെങ്കിലും മകന്‍ കാരണം നാടിന് ഒരു യു.പി സ്‌കൂള്‍ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇവര്‍. ഇനിയും ഒരുപാട് പഠിക്കണമെന്നും ഉപ്പയെപ്പോലെ ഹാഫിള് ആകണമെന്നുമാണ് ആസിമിന്റെയും ആഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."