മനുഷ്യന്‍
വെയിലേറ്റു തളര്‍ന്ന ക്ഷീണം തീര്‍ക്കാന്‍ കുഞ്ഞിക്കിളി അടുത്തുകണ്ട ഒരു മരക്കൊമ്പിലിരുന്നു. ഇലകളൊക്കെ പഴുത്തു കൊഴിഞ്ഞിരിക്കുന്നു. ചില്ലകള്‍ മാത്രം ആകാശം നോക്കിയിരിക്കുന്നു. കുഞ്ഞിക്കിളി മെല്ലെ താഴോട്ടു നോക്കി.
അയ്യയ്യോ... എന്തൊരു കഷ്ടം. പയറും ചീരയുമെല്ലാം കരിഞ്ഞുണങ്ങിയിരിക്കുന്നു.
വീട്ടുകാരി പരാതി പറയുന്നത് കുഞ്ഞിക്കിളി കേട്ടു.
എന്തൊരു വെയില്‍. എത്ര നനച്ചിട്ടും കാര്യമില്ല. എന്തൊരു കഷ്ടകാലമാ ദൈവമേ... പുറത്തിറങ്ങി ഒരു പണിയും ചെയ്യാനാകില്ലല്ലോ നാശം.
അല്‍പ്പം കഴിഞ്ഞപ്പോള്‍ കുഞ്ഞിക്കിളിയുടെ ക്ഷീണം മാറി. തനിക്കിരിക്കാന്‍ മരക്കൊമ്പു തന്ന ദൈവത്തെ സ്തുതിച്ച് അവള്‍ പറന്നകന്നു. അകലെയെത്തുവോളം വീട്ടുകാരിയുടെ ശകാരം കുഞ്ഞിക്കിളിക്കു കേള്‍ക്കാമായിരുന്നു.
മാസങ്ങള്‍ കഴിഞ്ഞു. മഴക്കാലം വന്നു. പ്രകൃതി വീണ്ടും തളിര്‍ത്തു. എങ്ങും പച്ചപ്പ്. എന്നും തോരാത്ത മഴ. മഴയൊന്നു കുറഞ്ഞപ്പോള്‍ കുഞ്ഞിക്കിളി തീറ്റതേടിയിറങ്ങി. കുഞ്ഞു മക്കളെയും കൂടെക്കൂട്ടി. പെട്ടെന്നാണ് പെരുമഴ പെയ്തത്. വേഗം മക്കളെയും കൂട്ടി അടുത്തുകണ്ട വീടിന്റെ ചുമരരികില്‍ അഭയംതേടി. മഴയേല്‍ക്കാതെ തങ്ങള്‍ക്ക് സൗകര്യം ഒരുക്കിയ ദൈവത്തെ അവള്‍ സ്തുതിച്ചു.
അപ്പോഴാണ് പരിചിതമായ ഒരു ശബ്ദം.
എന്നു തുടങ്ങിയതാ ഈ നശിച്ച മഴ... ഒരു കാര്യവും നടക്കുന്നില്ലല്ലോ ദൈവമേ. എപ്പോഴാണിതൊന്നു തോര്‍ന്നുകിട്ടുക.?
ശബ്ദം കേട്ട മക്കള്‍ ചോദിച്ചു.
അതാരാണമ്മേ... കുഞ്ഞിക്കിളി പറഞ്ഞു.
അതാണു മക്കളേ മനുഷ്യര്‍... അവര്‍ക്കുവേണ്ടിയാ ഈ പ്രപഞ്ചം തന്നെ ദൈവം സൃഷ്ടിച്ചത്. എല്ലാ കഴിവുകളും സൗകര്യങ്ങളും അവര്‍ക്കു കൊടുത്തു. എന്നിട്ടും ഇത്രയും നന്ദികെട്ട വര്‍ഗം വേറെയില്ല. ബാക്കി എല്ലാ സൃഷ്ടികളും ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടേയിരിക്കുമ്പോള്‍ ഇവര്‍ മാത്രം ദൈവത്തെ ശപിച്ചുകൊണ്ടേയിരിക്കുന്നു. കുഞ്ഞിക്കിളികള്‍ അത്ഭുതത്തോടെ ആ വിചിത്രജീവിയെ നോക്കിക്കൊണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."