പ്രവാസം പെട്ടികെട്ടുന്നു
ഞങ്ങളത് ഉറപ്പിക്കട്ടെ മോനെ... സൈനുവിനും നല്ലോണം പറ്റീക്ക്ണ്.. അന്റെ ഒരൊറപ്പു കിട്ടീട്ടു മാണം ഞങ്ങക്ക്....
ഉമ്മാ... കടയില്‍ കൊറച്ച് തെരക്കുണ്ട്. ഞാനങ്ങട്ടു വിളിക്കാ...
സാജിദ് ഫോണ്‍ വച്ച് കട്ടിലില്‍ എഴുന്നേറ്റിരുന്നു. തണുപ്പിലും വിയര്‍ത്തൊലിക്കുന്ന സാജിദിനെ നോക്കി സഹമുറിയന്‍ സമദ് ഉറക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു. നീയും നുണ പറഞ്ഞു പഠിച്ചു അല്ലേ..?
മൂന്നു മാസമായി ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നു പുറത്താക്കപ്പെട്ട സമദ് ചിരിച്ചുകൊണ്ടു തന്നെ സാജിദിനെ തന്നോടു ചേര്‍ത്തുപിടിച്ചു. മൂന്നു മാസമായി ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിച്ചതില്‍ നിന്നുണ്ടായ കരുത്താവണം സമദിന്. മുതിര്‍ന്നവര്‍ മൂന്നു പേരുണ്ടായിട്ടും പ്രവാസം എപ്പോഴോ അവന് പതിച്ചുനല്‍കിയ പദവിയാണ് കുടുംബത്തിലെ കാരണവര്‍ പട്ടം. വയസു മൂപ്പല്ല, സാമ്പത്തികമാണ് കരണവര്‍ സ്ഥാനം എന്നു സാജിദിന് മുന്‍പേ തിരിച്ചറിഞ്ഞവരാണ് അവന്റെ ബന്ധുക്കള്‍. സാജിദും സമദും കെട്ടുകഥകളിലെ സാങ്കല്‍പിക കഥാപാത്രങ്ങളല്ല. ഏറെക്കുറെ എല്ലാ പ്രവാസ മുറികളിലും ജീവിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. പേരുകളും ആവശ്യങ്ങളും മാറുന്നുവെന്നു മാത്രം.
ഭാര്യ പറഞ്ഞു,
'ഇങ്ങളിങ്ങട്ട് പോരീം. ഞമ്മക്ക് ഉള്ളതുകൊണ്ട് ഇവിടെ കഴിയാം'
ഉമ്മ പറഞ്ഞു,
'മോന്റെ ഇഷ്ടം പോലെ ചെയ്താള'
ഉപ്പ പറഞ്ഞു,
'ഇപ്പോ ഇവിടെ വന്നിട്ട് എന്തു ചെയ്യാനാണ് ?'
ഭാര്യയുടേത് ജീവിക്കാനുള്ള മോഹമാണ്.
ഉമ്മയുടേത് കളങ്കമില്ലാത്ത സ്‌നേഹമാണ്.
ഉപ്പയുടേത് ഒരുപാട് ജീവിതങ്ങള്‍ കണ്ടവന്റെ വേവലാതിയാണ്.
ഇവിടെയാണ് പ്രവാസി ഉത്തരം കിട്ടാതെ തോറ്റുപോകുന്നത്.
- ഫേസ്ബുക്ക് പോസ്റ്റ്
നിക്കാഹുകളും തറക്കു കുറ്റിയടിക്കലും അടിയില്‍ സെറാമിക്കോ ഗ്രാനൈറ്റോ എന്നു തുടങ്ങി നാട്ടില്‍ നിന്നുള്ള പല ചോദ്യങ്ങളും... ഇങ്ങനെ ഉത്തരം കിട്ടാതെ പാതിവഴിയില്‍ മുറിയുന്ന ടെലിഫോണ്‍ വിളികളുമായി മല്ലിട്ടു തുടങ്ങിയിട്ട് കുറച്ചു മാസങ്ങളായി...
പ്രവാസത്തിന്റെ പളപളപ്പുകള്‍ക്ക് ചുളിവു വീഴ്ത്തി പുതിയ നിയമങ്ങളും സ്വദേശിവല്‍ക്കരണവും മലയാളികള്‍ ഉള്‍പ്പെടെയുള്ള അനവധി പ്രവാസി കുടുംബങ്ങളെ പ്രവാസം മതിയാക്കാന്‍ നിര്‍ബന്ധിതമാക്കുകയാണ്. നിലവിലെ തസ്തികകള്‍ വെട്ടിക്കുറച്ചും ഉള്ളതില്‍ തന്നെ ശമ്പളം കുറച്ചും ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞും കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാനൊരുങ്ങവേ മടക്കയാത്രക്ക് ഒരുങ്ങേണ്ട അവസ്ഥയിലാണ് പ്രവാസി കുടുംബങ്ങള്‍.
പുതിയ മാനേജരെ അവരോധിച്ചുകൊണ്ട് മുഖം നോക്കാതെ നടപടിയെടുക്കുന്ന തന്ത്രമാണ് അധികം കമ്പനികളും പയറ്റുന്നത്. പുതിയ ആളാകുന്നതോടെ ജോലിക്കാരന്റെ മുന്‍കാല പ്രവര്‍ത്തന മികവോ വ്യക്തി ബന്ധമോ സോഫ്റ്റ് കോര്‍ണറുകളോ അവരെ പിരിച്ചുവിടുന്നതിനോ ആനുകൂല്യങ്ങള്‍ കുറയ്ക്കുന്നതിനോ തടസമാകില്ല എന്നതാണ് ഈ തന്ത്രം പയറ്റാന്‍ പല ചെറുകിട കമ്പനികളെയും നിര്‍ബന്ധിതരാക്കുന്നത്.
പ്രവാസികളുടെ വരുമാനത്തിലുണ്ടാകുന്ന ഇടിവിനു പുറമെ ചെലവ് കുത്തനെ കൂടുന്നു എന്നതും കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. ശമ്പളത്തിലെ ഇടിവ് വിദേശികള്‍ക്കെന്നപോലെ സ്വദേശികള്‍ക്കും ബാധകമാണെന്നത് ചെറുകിട വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്നവരെയും ബാധിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് തസ്തികയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ 20 ശതമാനം വരെ കുറവും നല്‍കിക്കൊണ്ടിരുന്ന വാര്‍ഷിക അലവന്‍സും എടുത്തുകളഞ്ഞതോടെ സ്വകാര്യ കമ്പനികളും തൊഴില്‍ മേഖലയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഊര്‍ജിതശ്രമം ആരംഭിച്ചിരിക്കുന്നു. യാതൊരു മുന്നറിയിപ്പും കൂടാതെ തൊഴിലാളികളെ പിരിച്ചുവിട്ടും സ്ഥലം മാറ്റിയും കമ്പനികള്‍ നടത്തുന്ന പരിഷ്‌കരണം തങ്ങളുടെ ജീവിതം ദുസ്സഹമാക്കിയെന്നു പതിമൂന്ന് വര്‍ഷമായി ഒപ്റ്റിക്കല്‍ കമ്പനിയില്‍ ജോലി ചെയ്യുകയും ദമാമിലേക്കു നിര്‍ബന്ധിതമായി സ്ഥലം മാറ്റുകയും ചെയ്ത സിറാജ് കരുമാടി പറയുന്നു.
വളരെ വര്‍ഷത്തെ പരിശ്രമഫലമായി ഉണ്ടാക്കിയ കാസ്റ്റമേഴ്‌സിനെയും ബന്ധങ്ങളെയും വിട്ടു പുതിയ മേച്ചില്‍പുറത്തെത്തിയ സിറാജ് എല്ലാം ഒന്നില്‍നിന്നു തുടങ്ങേണ്ട അവസ്ഥയിലാണ്. എതിര്‍ചോദ്യം പിരിച്ചു വിടലില്‍ കലാശിക്കുമെന്നതിനാല്‍ നിശബ്ദനാകുക എന്നല്ലാതെ മറ്റു മാര്‍ഗമില്ല.
ഈയിടെ അല്‍കോബാറിലേക്കു സ്ഥലം മാറ്റിയ ബഷീര്‍ കാഞ്ഞിരപ്പുഴക്കും പറയാനുള്ളത് മറ്റൊരു കഥയല്ല. സര്‍വിസിന്റെ അവസാനകാലത്ത് കലഹത്തിലൂടെ അവസാനിപ്പിക്കാനാവില്ല എന്ന ഒറ്റകാരണം കൊണ്ടാണ് അദ്ദേഹം ആ ട്രാന്‍സ്ഫര്‍ തീരുമാനത്തെ അംഗീകരിച്ചത്. സര്‍വിസ് മണി കൂടി നഷ്ടപ്പെടുത്തി നാടണയേണ്ടി വന്നവരുടെ അനുഭവസാക്ഷ്യങ്ങള്‍ അദ്ദേഹത്തിനു മുന്നിലുണ്ട്.
കമ്പനിയുടെ അക്കമഡേഷനില്‍ പാതിരാത്രിയില്‍ ടിക്കറ്റും എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടുമായി വന്ന് മടക്കവിരുന്നൊരുക്കിയ കമ്പനികളും ഉണ്ട്. ഏതുനിമിഷവും പിരിച്ചുവിടലിന്റെ ഭീതിയിലാണു സഊദിയിലെ പ്രവാസി തൊഴിലാളികള്‍.
മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം വന്നു കഴിഞ്ഞു. ആയിരക്കണക്കിനു മലയാളികള്‍ക്കാണ് ജോലി നഷ്ടമായത്. സ്വദേശിവല്‍ക്കരണം, പച്ചക്കറി മാര്‍ക്കറ്റുകളില്‍ നടത്തുന്ന റെയ്ഡുകള്‍, ഭക്ഷണ സ്ഥാപനങ്ങള്‍ക്കു ചുമത്തുന്ന ഭീമമായ പിഴകള്‍ എന്നിവയ്ക്കു പുറമെ ഓണ്‍ലൈന്‍ ടാക്‌സികളില്‍ കൂടി നിയമം പിടിമുറുക്കുന്നതോടെ മലയാളികളുടെ മരതക മോഹങ്ങളില്‍ മണല്‍ക്കാറ്റടിച്ചു തുടങ്ങി.
വിസിറ്റിങ് വിസയിലെ ഫീസിനത്തിലുണ്ടായ വന്‍ വര്‍ധനവ് ഗര്‍ഭകാല പരിചരണത്തിനും മറ്റുമായി നാട്ടില്‍നിന്നു മാതാവിനെകൊണ്ടുവന്നിരുന്നവര്‍ക്കും സ്ഥിരമായി വിസ പുതുക്കിക്കൊണ്ട് മാതാപിതാക്കളെ കൂടെ നിര്‍ത്തിയിരുന്നവര്‍ക്കും കടുത്ത തിരിച്ചടിയായിരിക്കുകയാണ്. വിസിറ്റിങ് വിസയില്‍ സെലബ്രിറ്റികളെ കൊണ്ടുവരികയും പ്രവാസികള്‍ക്കു സാംസ്‌കാരിക സംഗീത വിരുന്നൊരുക്കുകയും ചെയ്തിരുന്ന പ്രവാസി സംഘടനകളും നിരക്ക് കൂടിയതോടെ പ്രതിസന്ധിയിലാണ്. വാരാന്ത്യങ്ങളിലെ ആഹ്ലാദങ്ങള്‍ ഇതോടെ പ്രവാസിക്കു നഷ്ടമാകും. ഒറ്റയടിക്ക് പത്തിരട്ടിയിലധികമാണ് കൂടിയ വിസിറ്റിങ് വിസ സ്റ്റാമ്പിങ് നിരക്ക്.
ആറു മാസത്തെ റീ എന്‍ട്രിക്ക് പാസ്‌പോര്‍ട്ടൊന്നിനു 600 റിയാല്‍ കൂടി ആയതോടെ ഇനിയും പിടിച്ചുനില്‍ക്കുക അസാധ്യമാണെന്നും തിരിച്ചുപോക്കിനു സമയമായെന്നും ഭൂരിഭാഗം പ്രവാസികളും മനസിലാക്കിത്തുടങ്ങിയിട്ടുണ്ട്.
അപ്രതീക്ഷിതമാണ് ചിലരുടെ വീഴ്ചകള്‍. എല്ലാ പ്രതീക്ഷകളും അസ്തമിച്ച് കുട്ടികളും കുടുംബവുമായി മടങ്ങുന്ന ഗൃഹനാഥന്മാര്‍ സഊദിയിലെ സ്ഥിരം കാഴ്ചയായിരിക്കുന്നു. സുഖസൗകര്യങ്ങളോടെ കഴിഞ്ഞുകൂടിയ കാലങ്ങളില്‍ ഒന്നും മിച്ചം വയ്ക്കാത്തതും ഈ കുടുംബങ്ങള്‍ക്കു പ്രശ്‌നമായി. ഉയരങ്ങളില്‍നിന്നാണ് പലരും താഴെ വീണത്. അതിന്റെ ആഘാതം വിവരണാതീതമാണ്. എണ്ണ വിലയിടിവ് ഉണ്ടാക്കിയ പ്രയാസങ്ങളില്‍നിന്നു കരകയറാതെ ഗള്‍ഫ് പ്രവാസം ഇനി സുഖകരമാകില്ല.
നോട്ടു പ്രതിസന്ധിയിലേക്കാണ് സഊദിയിലെ ദമാമില്‍ നിന്നും കൂടരഞ്ഞിയിലെ അബ്ദുല്‍ സലാം നാട്ടിലേക്കു വന്നിറങ്ങിയത്. ഭാര്യയുടെ പ്രസവമടുത്തിരിക്കുന്നു. പണമൊക്കെ ബാങ്കിലുണ്ടല്ലോ എന്ന സമാധാനമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ എത്തിയപ്പോഴാണ് പ്രതിസന്ധിയുടെ ആഴമറിഞ്ഞത്. ആദ്യത്തെ കുഞ്ഞാണ്. സിസേറിയനും. പണത്തിനേറെ അത്യാവശ്യമുള്ള സമയം. പക്ഷേ ആശുപത്രിയിലെ ബില്ലടക്കാന്‍ പോലും ബാങ്കില്‍ നിന്നു പണം കിട്ടിയില്ല. ഒടുവില്‍ ആശുപത്രി ബില്ലു മുഴുവന്‍ ബാങ്ക് മാനേജരെ കാണിച്ച് കെഞ്ചിയപ്പോള്‍ കിട്ടിയതാകട്ടെ 24000 രൂപ. സ്വന്തമായി അധ്വാനിച്ച പണം ബാങ്കിലുണ്ടായിട്ടും ബന്ധുക്കളോടും സുഹൃത്തുക്കളോടും യാചിച്ചാണ് അത്യാവശ്യങ്ങള്‍ സാധിക്കാനായത്. സലാം പറയുന്നു, ഈ നാട്ടിലേക്കുവേണം പ്രവാസികള്‍ക്ക് ഓട്ടക്കീശയുമായി വന്നുകയറാന്‍. പുതിയ ജീവിത രീതികളോടുവേണം അവനു പൊരുത്തപ്പെടാന്‍. മറ്റെന്തു ചെയ്യും അവര്‍? എങ്ങോട്ടുപോകും?
മൊബൈല്‍ രംഗത്തും മറ്റും നടത്തിയ സ്വദേശിവല്‍ക്കരണം വിജയമായതും പുതിയ മിഷന്‍ ട്വന്റി തേര്‍ട്ടി എന്ന ലക്ഷ്യത്തിനായി കരുതലോടെയും ദീര്‍ഘവീക്ഷണത്തോടെയും കാര്യങ്ങളെ സമീപിക്കുന്ന ഭരണനേതൃത്വം മുന്‍കാലങ്ങളെ അപേക്ഷിച്ച് തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു എന്നതും നിലവിലുള്ള അവസ്ഥക്ക് കാര്യമായ മാറ്റമുണ്ടാകില്ല എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്.
ഡോ. അലി അല്‍ ഗസീഫിനെ അടുത്ത കാലത്തു പുതിയ തൊഴില്‍ മന്ത്രിയായി സല്‍മാന്‍ രാജാവ് നിയോഗിച്ചത് പ്രതീക്ഷയോടെ നോക്കിക്കാണുന്നവരുപോലും ഇനി അധികകാലം മരുപ്രവാസത്തിന് ആയുസില്ല എന്നു തിരിച്ചറിയുന്നവര്‍ തന്നെയാണ്.
ഗള്‍ഫ് പണത്തിന്റെ വരവ്
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. 1970കളുടെ അവസാനത്തോടെയാണ് ഈ അവസ്ഥയ്ക്കു മാറ്റം വന്നത്. 1974ല്‍ സംസ്ഥാന ജനസംഖ്യയില്‍ ദരിദ്രര്‍ 40.42 ശതമാനമായിരുന്നു. എന്നാല്‍ 1994ല്‍ അത് 25.43 ശതമാനമായി കുറഞ്ഞു. കേരളം സാമ്പത്തിക വളര്‍ച്ചയിലും പ്രതിശീര്‍ഷ വരുമാനത്തിലും പിന്നെ രാജ്യത്തെ മുന്‍നിര സംസ്ഥാനമായി മാറി. ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗള്‍ഫ് പണത്തിന്റെ വരവായിരുന്നു. കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം മൂന്നുകോടി രൂപയാണ്. അതിന്റെ മൂന്നിലൊന്നും പ്രവാസികളുടെ സംഭാവന തന്നെ. എന്നാല്‍ ഇതൊരു കൃത്യമായ കണക്കല്ല.
കേരളത്തിന്റെ സിനിമയടക്കമുള്ള വിനോദങ്ങളെ, രാഷ്ട്രീയ പാര്‍ട്ടികളെ, മതസ്ഥാപനങ്ങളെ, പത്രങ്ങളെ, ചാനലുകളെ എല്ലാം സാമ്പത്തികമായി കരകയറ്റിയിട്ടുള്ളത് ഗള്‍ഫ് മലയാളികളാണ്. കൃത്യമായി കൈകാര്യം ചെയ്താല്‍ കേരളത്തെ കടക്കെണിയില്‍ നിന്നു രക്ഷപ്പെടുത്താന്‍ കഴിയുന്ന ഖജനാവാണ് ഗള്‍ഫെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ പ്രവാസി എഴുത്തുകാരനായിരുന്ന ബാബു ഭരദ്വാജ് നിരീക്ഷിച്ചിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് ഒരു കൊല്ലം ഇവിടെയെത്തുന്ന പണംകൊണ്ട് കേരളത്തിന്റെ അറുപതു ശതമാനം കടബാധ്യതയും തീര്‍ക്കാന്‍ കഴിയുമെന്ന് സി.ഡി.എസിന്റെ പഠനവും വ്യക്തമാക്കിയിട്ടുണ്ട്.
കുടിയേറ്റക്കാര്‍
ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ ഏറ്റവും കൂടുതലുള്ളത് യു.എ. ഇയിലും സഊദി അറേബ്യയിലുമാണ്. നാല്‍പ്പത്തിരണ്ടു ശതമാനം പ്രവാസികള്‍ യു.എ.ഇയില്‍ മാത്രമുണ്ട്. സ്വദേശികളേക്കാള്‍ അവിടെ പ്രവാസികളാണ് കൂടുതല്‍. മലയാളികള്‍ പത്തു ലക്ഷം വരും, സഊദിയില്‍ 8.55 ലക്ഷവും. ഒമാന്‍ (1.89), കുവൈത്ത് (1.83), ബഹ്‌റൈന്‍ (1.50), ഖത്തര്‍ (1.06), മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ 0. 21 ശതമാനവുമാണ്. മൊത്തം 20.70 ശതമാനം. ഇതു 2015ലെ കണക്കാണ് (സ്രോതസ്: സഖറിയ ആന്‍ഡ് ഇരുദയ രാജന്‍). കേരളത്തിലെ നൂറു കുടുംബങ്ങളില്‍ 27 പേരും വിദേശത്താണെന്നതും പഴയ കണക്കുതന്നെ. എന്നാല്‍ വിദേശരാജ്യങ്ങളിലായി 24 ലക്ഷത്തോളം മലയാളികള്‍ അന്നം തിരയുന്നുവെന്നതത്രെ പുതിയ കണക്ക്.
മലയാളിയുടെ ഒറ്റമൂലി ഇനി
വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ മൂന്നു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. 75 ശതമാനവും സാദാ തൊഴിലാളികളാണ്. കത്തിയെരിയുന്ന തകരഷീറ്റിനടിയിലെ ലേബര്‍ ക്യാംപില്‍ ആറടി നീളവും മൂന്നടി വീതിയുമുള്ള കട്ടിലിലാണവര്‍ 365 ദിവസവും മെഴുകുതിരിപോലെ ഉരുകിത്തീരുന്നത്. 23 ശതമാനം ഇടത്തരം കച്ചവടക്കാരും വിവിധ ഉദ്യോഗങ്ങളില്‍ കഴിയുന്നവരുമുണ്ട്. ബാക്കിയുള്ള മൂന്നു ശതമാനം മാത്രമാണ് സാമാന്യം ഭേദപ്പെട്ട നിലയില്‍ കഴിയുന്നത്. കുടുംബത്തോടും കുട്ടികളോടുമൊപ്പം ഒരുമിച്ചു കഴിയാന്‍ ഭാഗ്യം ലഭിച്ചവര്‍ അഞ്ചു ശതമാനമേയുള്ളൂ.
എന്നിട്ടും ഇന്നും ശരാശരി മലയാളിക്കു ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒറ്റമൂലി തന്നെയാണ് ഗള്‍ഫ് ജോലി. എങ്ങനെയും എണ്ണപ്പണത്തിന്റെ നാട്ടിലെത്തുക എന്നതാണു ജീവിതവ്രതം. ആ സ്വപ്നത്തിന് ഇപ്പോഴും വിപണിയുണ്ടെന്ന് അറിയുന്നതുകൊണ്ടാണ് ആ സഞ്ചാരം തുടര്‍ന്നു കൊണ്ടേയിരിക്കുന്നത്, നേരത്തെ അവിടെ എത്തിപ്പെട്ടവര്‍ കടിച്ചുപിടിച്ച് തുടരുന്നതും.
എന്നാല്‍ അത്തറിന്റെ സുഗന്ധമുള്ള ഗള്‍ഫുകാരന്റെ മടക്കയാത്ര അകലത്തിലല്ലെന്ന വിപല്‍സന്ദേശങ്ങള്‍ പിന്നെയും അവരെ അസ്വസ്ഥരാക്കുന്നു. വിസയ്ക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയ നിരക്ക് മലയാളികളുടെ നെഞ്ചത്തടിക്കുന്നു. കുടുംബത്തോടൊപ്പം കഴിയാനുള്ള മലയാളികളുടെ ആഗ്രഹങ്ങള്‍ക്കും ഇതോടെ ഫുള്‍സ്റ്റോപ്പിടേണ്ടിവരും. ഇതു ചോര്‍ത്തുന്നത് മലയാളികളുടെ ആത്മവീര്യത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെക്കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."