കരുതലോടെ ഇന്ത്യന്‍ തുടക്കം
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 477 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി ഓപണര്‍മാരായ എല്‍ രാഹുലും പാര്‍ഥിവ് പട്ടേലും ചേര്‍ന്നു കരുതലോടെയുള്ള തുടക്കമാണ് നല്‍കിയത്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 60 റണ്‍സെടുത്തിട്ടുണ്ട്. 30 റണ്‍സുമായി രാഹലും 28 റണ്‍സുമായി പട്ടേലും ക്രീസില്‍.
നാലു വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ കൂടി നഷ്ടമായി. സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെ താങ്ങി നിര്‍ത്തി മോയിന്‍ അലി ഒരറ്റത്തു നില്‍ക്കേ ആറു റണ്‍സുമായി സ്റ്റോക്‌സും അഞ്ചു റണ്‍സുമായി ബട്‌ലറും മടങ്ങി.
പിന്നീട് ക്രീസിലെത്തിയ ലിയാം ഡോസന്‍ കരുതലോടെ കളിച്ചു. സ്‌കോര്‍ 321 ല്‍ നില്‍ക്കേ മോയിന്‍ അലി (146) പുറത്തായി. തലേദിവസത്തെ സ്‌കോറിലേക്ക് 26 റണ്‍സ് കൂടിയാണ് അലിക്ക് ചേര്‍ക്കാന്‍ സാധിച്ചത്. എട്ടാം വിക്കറ്റില്‍ ഡോസനു കൂട്ടായി ആദില്‍ റഷീദ് വന്നതോടെ ഇംഗ്ലണ്ട് വീണ്ടും തകര്‍ച്ചയെ അതിജീവിച്ചു. ഇരുവരും ചേര്‍ന്ന കൂട്ടുകെട്ട് 108 റണ്‍സെടുത്ത് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ആദില്‍ റഷീദ് (60) പുറത്തായ ശേഷമെത്തിയ ബ്രോഡ് (19), ജാക് ബാള്‍ (12) എന്നിവര്‍ അല്‍പനേരം പിടിച്ചു നിന്നു സ്‌കോര്‍ 470 കടത്തി. ലിയാം ഡോസന്‍ 66 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ദിനത്തില്‍ അലിക്കൊപ്പം ജോ റൂട്ട് (88) മികച്ച ബാറ്റിങുമായി കളം നിറഞ്ഞിരുന്നു.
ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും അശ്വിന്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."