ഇയാം ഹ്യൂമും സി.കെ വിനീതും ശ്രദ്ധാകേന്ദ്രങ്ങള്‍
കൊച്ചി: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഇയാന്‍ ഹ്യൂമിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി.കെ വിനീതിലുമാണ് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതീക്ഷ. രണ്ടു മത്സരങ്ങളില്‍ തുടര്‍ച്ചയായി മഞ്ഞകാര്‍ഡ് കണ്ട ഹോസുവിനു ഫൈനലില്‍ കളിക്കാന്‍ കഴിയില്ലെന്നതോടെ ബ്ലാസ്റ്റേഴ്‌സ് പ്രേമികളുടെ ശ്രദ്ധ സി.കെ വിനീതിലേക്കാണ്. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി അഞ്ചു ഗോളുകള്‍ നേടി ഇന്ത്യന്‍ കളിക്കാരില്‍ കൂടുതല്‍ ഗോള്‍ വല ചലപ്പിച്ച റെക്കോര്‍ഡുമായി തിളങ്ങി നില്‍ക്കുന്ന സി.കെ വിനീതിനെ അപകടകാരിയായി കണ്ടുകൊണ്ടുള്ള പ്രതിരോധമായിരുന്നു കഴിഞ്ഞ കളികളില്‍ ഡല്‍ഹി പുറത്തെടുത്തത്. നിര്‍ണായക ഘട്ടത്തിലുള്ള വിനീതിന്റെ ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിച്ചത്.
കേരളീയരുടെ പ്രിയ താരമായി ആദ്യ സീസണില്‍ ഇടം പിടിച്ച ഇയാന്‍ ഹ്യൂ എതിര്‍ ചേരിയിലാണെന്നത് മലയാളികള്‍ക്ക് നിരാശയായി അവശേഷിക്കുകയാണ്. ഐ.എസ്.എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ചതിന്റെ ക്രെഡിറ്റ് ഇയാന്‍ ഹ്യൂമിനായിരുന്നു. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരവും ഇയാന്‍ ഹ്യൂം ആണ്. 22 ഗോളുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഈ സീസണില്‍ ആദ്യ ഘട്ടത്തില്‍ ഹ്യൂം നിറം മങ്ങിയിരുന്നു.
ആദ്യ ഏഴു മത്സരങ്ങളില്‍ വെറും രണ്ടു ഗോളുകളാണ് ഹ്യൂമിന്റെ പേരില്‍ കുറിച്ചത്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടി. രണ്ടു വര്‍ഷം മുന്‍പ് ഇയാന്‍ ഹ്യൂം അടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിനെ മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വേണ്ടി മുട്ടുകുത്തിച്ച റഫീഖ് ഇപ്പോള്‍ ബ്ലാസ്റ്റേഴിനൊപ്പമാണെന്നത് മറ്റൊരു സവിശേഷത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."