സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; സംസ്ഥാനത്ത് അഞ്ചുലക്ഷം വ്യാജ റേഷന്‍ കാര്‍ഡുകള്‍
ആലപ്പുഴ: റേഷന്‍ കാര്‍ഡുകളുടെ കാര്യത്തില്‍ പൊതുവിതരണ വകുപ്പില്‍ വീണ്ടും പാകപ്പിഴകള്‍. നിലവില്‍ സംസ്ഥാനത്ത് അഞ്ചുലക്ഷത്തോളം വ്യാജ റേഷന്‍ കാര്‍ഡുകളുണ്ടെന്നതാണു പുതിയ വിവരം. എന്നാല്‍, വ്യാജ കാര്‍ഡുകള്‍ കണ്ടെത്താനാകാതെ പൊതുവിതരണ വകുപ്പ് പ്രയാസപ്പെടുകയാണ്.
2007ല്‍ സംസ്ഥാനത്ത് 82 ലക്ഷം കാര്‍ഡുകളാണു വിതരണം ചെയ്തിരുന്നത്. അഞ്ചുവര്‍ഷം മാത്രം കാലാവധിയുളള കാര്‍ഡുകള്‍ ഇനിയും മാറ്റി നല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇക്കുറി പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ ഫോട്ടോ എടുപ്പില്‍ രണ്ടുലക്ഷത്തോളം കാര്‍ഡ് ഉടമകള്‍ എത്തിയിരുന്നില്ല. ഇവര്‍ക്കു പിന്നീട് അധികൃതര്‍ ഫോട്ടോ എടുക്കാന്‍ അവസരം ഒരുക്കിയിരുന്നെങ്കിലും ആരും എത്തിയില്ല. വ്യാജ റേഷന്‍ കാര്‍ഡുകള്‍ പെരുകുന്നുവെന്ന വാര്‍ത്ത പരന്നതാണ് ലോബികള്‍ പിന്‍വാങ്ങാന്‍ കാരണമായത്.
അതിര്‍ത്തി ജില്ലകളായ തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിലാണു വ്യാജന്മാരില്‍ അധികവും. ഇടുക്കി, കോട്ടയം ജില്ലകളിലെ തോട്ടംമേഖലയില്‍ പണിയെടുക്കുന്ന രണ്ടര ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ ഉള്ളതായാണ് അറിയുന്നത്. എന്നാല്‍ ഇവര്‍ സംസ്ഥാനം വിട്ടുപോയാലും കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് ഇരട്ട കാര്‍ഡുകളാണുള്ളത്. തമിഴ്‌നാട്ടിലും റേഷന്‍ സംവിധാനങ്ങള്‍ ലഭിക്കാന്‍ മതിയായ രേഖകള്‍ ഇവരുടെ പക്കലുണ്ട് എന്നാണറിയുന്നത്.
വിദേശത്ത് പണിയെടുക്കുന്ന പ്രവാസിമലയാളികളുടെ പേരിലും റേഷന്‍ കാര്‍ഡുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി വിദേശത്ത് കഴിയുന്ന ഇവരുടെ പേരിലും റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. മരണപ്പെട്ടവരുടെയും നിലവില്‍ നാട്ടില്‍ സ്ഥിരതാമസം ഇല്ലാത്തവരുടെയും പേരുകള്‍ റേഷന്‍ കാര്‍ഡുകളില്‍നിന്നു വെട്ടിമാറ്റണമെന്നാണു നിയമം. ഫോട്ടോ എടുക്കുന്ന വേളയില്‍ നടത്തുന്ന തിരിമറികളാണു വ്യാജ കാര്‍ഡുകള്‍ പെരുകാന്‍ കാരണമാകുന്നത്.
കാര്‍ഡുകളില്‍ അധികവും ബി.പി.എല്‍ വിഭാഗത്തിലായതിനാല്‍ ഇത് സര്‍ക്കാരിനു കനത്ത ബാധ്യതയാണ് ഉണ്ടാക്കുന്നത്. അഞ്ചുലക്ഷം കാര്‍ഡുകള്‍ക്കായുള്ള റേഷന്‍ വിഹിതം സംഭരിക്കണമെങ്കില്‍ കോടികള്‍ തന്നെ ആവശ്യമാണ്. ഈ വിഹിതമാണ് ഇതരസംസ്ഥാന അരി ലോബികള്‍ കടത്തിക്കൊണ്ടു പോകുന്നത്. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ വെട്ടിക്കുറച്ച റേഷന്‍ വിഹിതത്തില്‍നിന്നും വ്യാജന്മാര്‍ക്കും വിഹിതം നല്‍കേണ്ട ഗതികേടിലാണു സര്‍ക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."