ക്രിസ്മസ് ശമ്പളം നല്‍കിത്തുടങ്ങാന്‍ രണ്ടുദിവസം മാത്രം; കെ.എസ്.ആര്‍.ടി.സി രൂക്ഷമായ പ്രതിസന്ധിയിലേക്ക്
തിരുവനന്തപുരം: ക്രിസ്മസ് ശമ്പളം നല്‍കിത്തുടങ്ങാന്‍ രണ്ടുദിവസം ശേഷിക്കേ കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമായി. പ്രതിസന്ധിക്കു പരിഹാരം തേടി 6,000 എം പാനല്‍ ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിട്ട് സുശീല്‍ ഖന്ന റിപോര്‍ട്ട് നടപ്പാക്കാനുള്ള നീക്കവും കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ് ആരംഭിച്ചിരിക്കുകയാണ്.
നവംബര്‍ മാസത്തിലെ ശമ്പളം പോലും പകുതിയിലേറെ ജീവനക്കാര്‍ക്കു കൊടുത്തുതീര്‍ക്കാന്‍ കഴിയാതെ കെ.എസ്.ആര്‍.ടി.സി ചക്രശ്വാസം വലിക്കുന്നതിനിടെയാണ് ക്രിസ്മസ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നത്. മുന്‍കാലങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഡിസംബറിലെ ശമ്പളം 20 മുതല്‍ നല്‍കിത്തുടങ്ങുമായിരുന്നു. എന്നാല്‍, ഇത്തവണ നവംബര്‍ മാസത്തിലെ ശമ്പളം 12,000ത്തിലേറെ ജീവനക്കാര്‍ക്കാണ് ഇനിയും നല്‍കാന്‍ ബാക്കിയുള്ളത്. ഇതുതന്നെ എന്നു കൊടുത്തുതീര്‍ക്കാനാകുമെന്ന് അധികൃതര്‍ക്കുപോലും വ്യക്തതയില്ല.
പെന്‍ഷന്‍ വിതരണവും പാതിവഴിയില്‍ കിടക്കുകയാണ്. നവംബറിലെ പെന്‍ഷന്‍ പൂര്‍ണമായും കൊടുത്തിട്ടില്ല. ഒക്ടോബറിലെ പെന്‍ഷന്‍ കുടിശ്ശികയുമാണ്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍, തിരുവനന്തപുരം സെന്‍ട്രല്‍, വികാസ് ഭവന്‍ തുടങ്ങി കൊല്ലം, ചടയമംഗലം, കൊട്ടാരക്കര, എറണാകുളം, ആലുവ, കോഴിക്കോട്, മണ്ണാര്‍ക്കാട് ഉള്‍പ്പടെ സംസ്ഥാനത്തെ ഭൂരിപക്ഷം ഡിപ്പോകളിലും ജീവനക്കാര്‍ക്ക് നവംമ്പറിലെ ശമ്പളം പൂര്‍ണമായി വിതരണം ചെയ്യാനായിട്ടില്ല. ഇതോടെ, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്രിസ്മസ് ആഘോഷം ഇത്തവണ ദുരിതപൂര്‍ണമാകും.
ശമ്പള പ്രതിസന്ധിയെ തുടര്‍ന്നു ഭരണപക്ഷത്തെ എ.ഐ.ടി.യു.സി യൂനിയനുകളടക്കം പ്രക്ഷോഭത്തിലാണ്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി ഗുരുതരമായ സ്ഥിതിയിലൂടെ കടന്നുപോകുമ്പോഴും സി.ഐ.ടി.യു യൂനിയന്‍ മൗനത്തിലാണ്. ഇതുവരെ വിഷയത്തില്‍ ഇടപെടാനോ നിലപാട് വ്യക്തമാക്കാനോ സി.ഐ.ടി.യു തയാറായിട്ടില്ല.
ഇതു ഭരണപക്ഷ അനുകൂല ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. 20നു തൊഴിലാളി യൂനിയനുകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാനുള്ള അനുകൂല തീരുമാനം യൂനിയനുകള്‍ പ്രതീക്ഷിക്കുന്നില്ല.
പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ സുശീല്‍ ഖന്ന റിപോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം മാനേജ്‌മെന്റ് ആരംഭിച്ചത്. ആദ്യഘട്ടമായി 6,000 എം പാലനല്‍ ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിടാനുള്ള നടപടികളാണു തുടങ്ങിയത്. 10,000ത്തിലേറെ സ്ഥിരംജീവനക്കാരെ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുന്ന സുശീല്‍ ഖന്ന റിപോര്‍ട്ട് പൂര്‍ണമായി നടപ്പാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല. സ്ഥിരംജീവനക്കാരെ കൊണ്ട് വി.ആര്‍.എസ് എടുപ്പിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുക പ്രയാസമാണ്. അതു കൂടുതല്‍ സാമ്പത്തിക ബാധ്യതയിലേക്കും നയിക്കും. ഇതിനാലാണ് എം പാനലുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."