വികസന പദ്ധതികള്‍; ആദിവാസി കൗണ്‍സില്‍ രൂപികരിക്കണം: എ.കെ.എസ്
പനമരം: ആദിവാസി വികസനപദ്ധതി തയാറാക്കുന്നതിനും പരിശോധിക്കുന്നതിനും നടപ്പിലാക്കുന്നതിനും ജില്ലാതല ആദിവാസി കൗണ്‍സില്‍ രൂപികരിക്കണമെന്ന് എ.കെ.എസ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇങ്ങനെ രൂപീകരിക്കുന്ന കൗണ്‍സിലിന് സ്റ്റാറ്റിയൂട്ടറി പദവി നല്‍കണം. ആദിവാസി പ്രതിനിധികളും പൊതു പ്രവര്‍ത്തകരും അടങ്ങുന്നതായരിക്കണം കൗണ്‍സില്‍.
ജനാധിപത്യപരമായും സുതാര്യപരമായും ഊരുകൂട്ടങ്ങള്‍ ചേര്‍ന്ന് കോളനി അടിസ്ഥാനത്തിലുള്ള സമഗ്രവികസനപദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥതലത്തില്‍ മാത്രം തീരുമാനിക്കുന്ന പദ്ധതികള്‍ ഈ വിഭാഗങ്ങളില്‍ അന്യതാബോധമാണ് ഉണ്ടാക്കുന്നത്. ഇതിന് പകരം ഊരുകൂട്ടങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആദിവാസികളെ വിശ്വാസത്തിലെടുത്താണ് പദ്ധതികള്‍ തയ്യാറാക്കുന്നത് എന്ന് ആദിവാസികള്‍ക്ക് അനുഭവപ്പെടണം. ഇത്തരം ശ്രമകരമായ പ്രവര്ത്തനങ്ങളിലൂടെയയെ ആദിവാസി സമൂഹത്തിന് സ്വയംപര്യാപ്തത കൈവരിക്കാനാവൂ എന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സീതാബാലന് പ്രതിനിധിസമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. എ.കെ.എസ് സംസ്ഥാന സെക്രട്ടറി വിദ്യാദരന് കാണി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന പ്രകടനത്തോടെയും പൊതു സമ്മേളനത്തോടെയും സമ്മേളനം സമാപിക്കും. പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ ശൈലജ, വിദ്യാദരന് കാണി എന്നിവര്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."