വികലാംഗര്‍ക്കുള്ള ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി
ചാവക്കാട്: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശാരീരിക ന്യൂനതയുള്ളവര്‍ക്കും അംഗവൈകല്യം ബാധിച്ചവര്‍ക്കായി പ്രഖ്യാപിച്ച ഫണ്ട് പഞ്ചായത്തുകളില്‍ നിന്നും അര്‍ഹരായവര്‍ക്ക് ലഭിക്കുന്നില്ലെന്ന് പരാതി. വികലാംഗ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ വികലാംഗരുടെ അഭിപ്രായം സ്വീകരിക്കാനോ ചര്‍ച്ചകളില്‍ ഇവരെ പങ്കെടുപ്പിക്കാനോ അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകള്‍തോറും നടന്ന വികലാംഗ സര്‍വേപോലും പ്രഹസനമായി മാറിയെന്നും ആക്ഷേപമുണ്ട്.
മിക്ക പഞ്ചായത്തുകളിലും വികലാംഗ ക്ഷേമത്തിനായി അനുവദിച്ച ഫണ്ടുകള്‍ ലാപ്‌സാകുകയാണ്.
മെഡിക്കല്‍ ക്യാംപുകളിലൂടെ എത്ര ശതമാനം വൈകല്യം ഉണ്ടെന്ന് കണ്ടെത്തി പഞ്ചായത്തുകള്‍ വികലാംഗര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നിരിക്കെ പലയിടത്തും ഇതു നടന്നിട്ടില്ല. ഇതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പലര്‍ക്കും ലഭിക്കുന്നില്ല.
1955ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം അനുസരിച്ച് അന്ധര്‍, മൂകര്‍, കാഴ്ചക്കുറവുള്ളവര്‍, അസ്ഥി സംബന്ധമായ തകരാര്‍ ഉള്ളവര്‍, ബുദ്ധിമാന്ദ്യം ഉള്ളവര്‍, മാനസിക രോഗമുള്ളവര്‍ എന്നിവരെ ശാരീരിക ന്യൂനതയുള്ളവരായി പരിഗണിക്കേണ്ടതുണ്ട്. ശാരീരിക ന്യൂനതയുള്ളവരെ സംരക്ഷിക്കാന്‍ നിരവധി വ്യക്തികള്‍ മുന്നോട്ടുവന്ന് സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുപോലും സര്‍ക്കാര്‍ സഹായം ലഭ്യമാകുന്നില്ല.
ജീവിതം ദുരിതമായ വികലാംഗര്‍ക്കും ശാരീരിക മാനസിക ന്യൂനതയുള്ളവര്‍ക്കും അര്‍ഹമായ സഹായങ്ങള്‍ നല്‍കാന്‍ പഞ്ചായത്തുകളും സര്‍ക്കാരും അടിയന്തിരനടപടി സ്വീകരിക്കണമെന്ന് വികലാംഗര്‍ ആവശ്യപ്പെട്ടു.
അനര്‍ഹരായവര്‍ക്ക് ഇവ നല്‍കുന്നതായി പരാതി ഉയരുമ്പോള്‍ അന്വേഷണം നടത്താന്‍പോലും ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."