ബാങ്കിലെത്തിയതില്‍ കള്ളപ്പണം എത്രയെന്ന് വ്യക്തമാക്കണം: കെ.വി തോമസ്
കൊച്ചി: നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തെ വിവിധ ബാങ്കുകളില്‍ എത്തിയ 13 ലക്ഷം കോടിയില്‍ കള്ളപ്പണം എത്ര കോടി രൂപയാണെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി. തോമസ്. ഓരോരുത്തര്‍ക്കും തുച്ചമായ തോതില്‍ മാത്രം പുതിയ നോട്ട് പിന്‍വലിക്കാമെന്നിരിക്കേ കോടിക്കണക്കിനു രൂപയുടെ പുതിയ നോട്ട് കള്ളപ്പണക്കാരുടെ കൈയില്‍ എങ്ങനെ എത്തിയതെന്നതിന് ഉത്തരം പറയേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്. നോട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ അഴിമതി പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞതോടെ രാഹുല്‍ഗാന്ധി പുറത്തുപറയുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക അരാജകത്വമാണ് ഇപ്പോഴുള്ളത്. ഇക്കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ മാധ്യമങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മള് പാകിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ അറ്റാക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടെങ്കിലും പാകിസ്ഥാന് നടത്തിയ അക്രമങ്ങള്‍ പുറത്തുപറയാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നു. എത്ര സൈനികര്‍ മരിച്ചുവെന്നും പുറത്തറിയിക്കുന്നില്ല- കെ.വി തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."