ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം
രാജാക്കാട്: കുരുവിളസിറ്റിയിലും മുള്ളന്‍തണ്ടിലും ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകള്‍ നിരവധി കൃഷിയിടങ്ങളിലെ കുരുമുളക് ചെടികള്‍ ഉള്‍പ്പെടെ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തിനു ശേഷം എത്തിയ രണ്ട് ആനകളാണു ജനങ്ങളില്‍ ഭീതി വിതച്ചുകൊണ്ട് പ്രദേശത്ത് വിളയാടിയത്.
കലവനാക്കുന്നേല്‍ തങ്കച്ചന്‍, തുമ്പേപ്പറമ്പില്‍ സുജില്‍, ഇല്ലത്ത് മോഹനന്‍, പുലക്കുടിയില്‍ വല്‍സലന്‍ തുടങ്ങിയവരുടെ വീടുകള്‍ക്ക് സമീപത്ത് എത്തിയ ആനകള്‍ പറമ്പിലും മുറ്റത്തിനു സമീപത്തും നിന്നിരുന്ന കുരുമുളക്, വാഴ, പച്ചക്കറികള്‍, കപ്പ തുടങ്ങിയ വിളകള്‍ വലിച്ചൊടിച്ചും, ചവിട്ടി മെതിച്ചും നശിപ്പിച്ചു. പതിനായിരക്കണക്കിനു രൂപയുടെ നഷ്ടമാണു ഒറ്റ രാത്രി കൊണ്ട് വരുത്തി വച്ചത്. നൂറ്റിപ്പാടം രവിയുടെ പുരയിടത്തിലെ പ്ലാവ് കുത്തി മറിക്കുന്നതിനും ആനകള്‍ ശ്രമം നടത്തി. പല കൃഷിയിടങ്ങളിലെയും കല്ല് കയ്യാലകള്‍ ചവിട്ടി തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ശബ്ദം കേട്ട് പുറത്തിറങ്ങിയ നാട്ടുകാര്‍ രാത്രി വൈകുവോളം ശബ്ദമുണ്ടാക്കിയാണു ആനകളെ ഓടിച്ചകറ്റിയത്. വീടുകളുടെ മുറ്റത്തുകൂടി വന്നുവെങ്കിലും വീടുകള്‍ ആക്രമിച്ചില്ലെന്നത് മാത്രമാണു നാട്ടുകാരുടെ ആശ്വാസം.
മതികെട്ടാന്‍ വനമേഖലയില്‍ നിന്നും ഏറെ അകന്നു കിടക്കുന്ന ഈ ഭാഗത്ത് കാട്ടാനക്കൂട്ടം എത്തിയത് ജനങ്ങളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ഏതാനും വര്‍ഷം മുന്‍പ് പത്തോളം ആനകള്‍ അടങ്ങിയ സംഘം കുളപ്പാറച്ചാല്‍, കുരുവുളസിറ്റി, മുള്ളന്‍തണ്ട്, സേനാപതി, പള്ളിക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ ഇറങ്ങി കൃഷികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. മഴക്കാലമാകുന്നതോടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീതിയിലാണു നാട്ടുകാര്‍. കൊച്ചി - ധനുഷ്‌ക്കോടി ദേശീയപാതയില്‍ യാത്രക്കാരെ കാട്ടാനകള്‍ കൊലപ്പെടുത്തിയ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ ജനങ്ങളുടെ ജീവനും സ്വത്തു വകകള്‍ക്കും നാശം വരുത്തുന്ന ആനകളെ തടയുവാന്‍ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്നും, അക്രമണകാരികളായ കാട്ടുമൃഗങ്ങളെ അവയുടെ ആവാസകേന്ദ്രമായ മതികെട്ടാന്‍ ദേശീയോദ്യാനത്തിലും, പരിസര പ്രദേശങ്ങളിലുമായി നിയന്ത്രിച്ചു നിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് പഠനം നടത്തുമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."