ആവേശം കൊടുമുടി കയറി
കൊച്ചി: കൊമ്പന്‍മാര്‍ കിരീടം ചൂടുന്നത് കാണാന്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മഞ്ഞയില്‍ കുളിച്ചാടി കാല്‍പന്തു കളിയെ നെഞ്ചേറ്റിയ ഫുട്‌ബോള്‍ പ്രേമികളുടെ ഒഴുക്കായിരുന്നു. വുവുസേല വിളികളുമായി വടക്കും തെക്കും നിന്നു മഞ്ഞയില്‍ കുളിച്ചവര്‍ ഒഴുകിയെത്തി. ആവേശം വാനോളമായിരുന്നു. ആര്‍പ്പു വിളിയും ബാന്റു മേളവും അരങ്ങു തകര്‍ത്തു.
കേരളം ഒന്നായി കൊച്ചിയിലേക്ക് ഒരു മനസോടെ ഒഴുകി. ഉച്ച കഴിഞ്ഞ് 3.30 മുതല്‍ മാത്രമേ ഗ്യാലറിയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതെങ്കിലും ജനങ്ങളുടെ ഒഴുക്കില്‍ എല്ലാം താളം തെറ്റി. പൊലിസിന് കാഴ്ചക്കാരുടെ റോള്‍ മാത്രമായി. ഉച്ചയോടെ സ്റ്റേഡിയം പരിസരത്ത് രൂപപ്പെട്ട കുരുക്ക് വൈകിട്ടോടെ നഗരത്തിലേക്ക് പടര്‍ന്നു. പ്രവേശന പാസ് ഇല്ലാത്തവരെ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്നു കര്‍ശനമായി അറിയിച്ചിരുന്നെങ്കിലും എങ്ങനെയും ഗ്യാലറിയില്‍ കയറിപ്പറ്റാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ പുറത്തു കാത്തു നിന്നത് ആയിരങ്ങളായിരുന്നു. ഫൈനല്‍ ദിനത്തില്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍പ്പന ഉണ്ടായില്ലെങ്കിലും പ്രതീക്ഷ കൈവിടാതെ എത്തിയത് ആയിരങ്ങളായിരുന്നു. ടിക്കറ്റിനു വേണ്ടി എത്ര തുക വേണമെങ്കിലും മുടക്കാന്‍ തയ്യാറായി ജനങ്ങള്‍. സുരക്ഷാ ജീവനക്കാരുടെയും പൊലിസുകാരുടെയും കാരുണ്യത്തില്‍ ഗാലറിയില്‍ കയറാനുള്ള ശ്രമം. ടിക്കറ്റില്ലാത്തവര്‍ പൊലിസിന് തലവേദന സൃഷ്ടിച്ചു. നേരിയ തോതില്‍ ലാത്തി വീശിയാണ് തള്ളിയക്കയറ്റത്തെ പൊലിസ് നിയന്ത്രിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."