വിഴിഞ്ഞം തുറമുഖ വാര്‍ഫിനെ 'ഓപ്പണ്‍ ബാറാക്കി' മദ്യപസംഘങ്ങള്‍
വിഴിഞ്ഞം: തുറമുഖ വാര്‍ഫിനെ ഓപ്പണ്‍ ബാറാക്കി മദ്യപ സംഘങ്ങള്‍.സംഘം ചേര്‍ന്ന് എത്തുന്ന കുടിയന്‍മാര്‍ ഏറെ സുരക്ഷ വേണ്ട തുറമുഖത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയാകുന്നതായി ആക്ഷേപം ഉയരുന്നു. സാമൂഹ്യ വിരുദ്ധരുടെ ഭീഷണി ഭയന്ന് പോര്‍ട്ടിലെ സുരക്ഷാ ഉദ്യേഗസ്ഥരടക്കമുള്ളവര്‍ നേരം ഇരുട്ടുന്നതോടെ സ്ഥലംവിടേണ്ട സാഹചര്യമാണുള്ളത്. വിഴിഞ്ഞത്തെ പഴയ വാര്‍ഫാണ് മദ്യപന്‍മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറിയതായി ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പ്രദേശ വാസികളും ഇവരുടെ ഒത്താശയോടെ എത്തുന്ന പുറത്തു നിന്നുള്ള കുടിയന്‍മാരും ഓട്ടോകളിലും ബൈക്കുകളിലുമായി കൂട്ടത്തോടെ എത്തി പരസ്യ മദ്യപാനം നടത്തുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
വാര്‍ഫിന്റെ സുരക്ഷക്കായി ചുറ്റുമതില്‍ നിര്‍മിച്ചെങ്കിലും ഗേറ്റിട്ട് പൂട്ടാന്‍ അധികൃതര്‍ക്കായില്ല. എപ്പോഴും തുറന്ന്കിടക്കുന്ന ഗേറ്റും സെക്യൂരിറ്റി ഉദ്യോഗസ്ഥരില്ലാത്തതും മുതലെടുത്താണ് കുടിയന്‍മാരുടെ വരവ്. പൊട്ടിച്ചിതറിയ കുപ്പിച്ചില്ലുകളും ഒഴിഞ്ഞ മദ്യ കുപ്പികളും കാരണം വാര്‍ഫും പരിസരവും അപകട ഭീതിയില്ലാതെ കാല്‍ കുത്താന്‍പറ്റാത്ത അവസ്ഥയിലായതായി തുറമുഖ വകുപ്പിന്റെയും കസ്റ്റംസിന്റെയും ഉദ്യോഗസ്ഥര്‍ പറയുന്നു. മദ്യപന്‍മാരുടെ ശല്യം സഹിക്കവയ്യാതെ വന്നതോടെ ഉദ്യോഗസ്ഥര്‍ഉന്നതര്‍ക്ക് പരാതി നല്‍കി. പരാതിയെ തുടര്‍ന്നെത്തിയ വിഴിഞ്ഞം പൊലിസ് ഒരാഴ്ച മുന്‍പ് ഒറ്റ ദിവസം പന്ത്രണ്ട് കുടിയന്‍മാരെ അകത്താക്കിയിരുന്നു. പിന്നെ തിരിഞ്ഞ് നോക്കാതെ വന്നതോടെ സാമൂഹ്യ വിരുദ്ധര്‍ക്ക് ഉദ്യേഗസ്ഥരോടുള്ള ശത്രുത വര്‍ധിച്ചു. ഇതോടെ കുടിച്ച ശേഷം ഒഴിയുന്ന മദ്യക്കുപ്പികള്‍ പോര്‍ട്ടിന്റെയും കസ്റ്റംസിന്റെയും ഓഫീസിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും അധികൃതര്‍ പറയുന്നു. കൂട്ടമായെത്തുന്ന സാമൂഹ്യ വിരുദ്ധരെ ചെറുക്കാന്‍ കഴിയാതെ വന്നതോടെ വൈകുന്നേരങ്ങളില്‍ ഓഫിസ് തുറക്കാന്‍ പോലും ഉദ്യേഗസ്ഥര്‍ തയ്യാറാകുന്നില്ല. മുക്കോല, വെള്ളാര്‍ എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള ബിവറേജസ് ഔട്ടുലെറ്റുകളില്‍ നിന്ന് മദ്യം വാങ്ങുന്നവര്‍ കുടിക്കാന്‍ സുരക്ഷിത താവളമായി തുറമുഖ വാര്‍ഫിനെ ഉപയോഗിക്കുകയാണ്. ഇത് തടയാനുള്ള പൊലിസോ എക്‌സൈസോ മറ്റ് ബന്ധപ്പെട്ട അധികൃതരോ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
സമുദ്രമാര്‍ഗ്ഗം ലോകം ചുറ്റുന്ന വിദേശ വിനോദ സഞ്ചാരികളുമായി ഐലന്റ്‌സ് കൈ എന്ന ആഡംബര കപ്പല്‍ ഈ മാസം ഇരുപത്തിരണ്ടിന് ഈ വാര്‍ഫിലാണ് നങ്കൂരമിടേണ്ടത്. ദൈവത്തിന്റെ സ്വന്തം നാടുകാണാന്‍ കാല്‍ കുത്തുന്ന സഞ്ചാരിക്കും വാര്‍ഫില്‍ പരന്നുകിടക്കുന്ന കുപ്പിച്ചില്ല് ചവിട്ടി വേണം കടന്നു പോകാന്‍. അതോടൊപ്പം മദ്യപന്‍മാര്‍ നിക്ഷേപിച്ച വേസ്റ്റ്കൂനയും മറ്റു മാലിന്യങ്ങളും കൊതുകുമാണ് വിനോദസഞ്ചാരികളെ എതിരേല്‍ക്കാന്‍ കാത്തിരിക്കുന്നത്. വാര്‍ഫും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ട ചുമതല ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിനാണ്. ശുചീകരണ പ്രവര്‍ത്തനം നടക്കുന്നില്ലെങ്കിലും ശുചീകരണത്തിന്റെ പേരിലുള്ള ചെലവ് ഇനത്തില്‍ നല്ലൊരു തുകയുടെ ബില്ല് മാറി പോകുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."