സംസ്ഥാനത്തെ പ്രഥമ തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്
കുഴല്‍മന്ദം: സംസ്ഥാനത്തെ ആദ്യത്തെ ഇരട്ടത്തുരങ്കപാതയുടെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. വാളയാര്‍-മണ്ണുത്തി ദേശീയപാതയില്‍ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാന്‍ മലക്കുള്ളിയിലൂടെ തുരങ്കം നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യ തുരങ്കപാതയാണ് യാഥാര്‍ഥ്യമാകുന്നത്. ആദ്യ തുരങ്കം 765 മീറ്ററും രണ്ടാം തുരങ്കം 280 മീറ്ററും പിന്നിട്ടുകഴിഞ്ഞു. കുതിരാനിലെ തുരങ്കത്തിന്റെ മറുഭാഗമായ വഴുക്കമ്പാറ നരികിടന്ന മലയില്‍നിന്നു രണ്ടു തുരങ്കങ്ങളുടെ നിര്‍മാണവും തുടങ്ങി.
ഇവ കൂട്ടിയോജിപ്പിക്കുന്നതോടെ തുരങ്കം യാഥാര്‍ഥ്യമാവും. ആദ്യ തുരങ്കത്തിന്റെ നിര്‍മാണം ഈമാസം അവസാനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ മുന്‍കരുതലുകളില്ലെന്ന് ആരോപിച്ചു പാറ പൊട്ടിക്കല്‍ നാട്ടുകാര്‍ നേരത്തെ തടഞ്ഞിരുന്നു. അനുവദനീയമായ തോതിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്നതായുള്ള നാട്ടുകാരുടെ പരാതിയില്‍ ഒടുവില്‍ നടപടിയുണ്ടായി. സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പാക്കിയാണിപ്പോള്‍ നിര്‍മാണം നടക്കുന്നത്. പ്രദേശത്തെ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായതോടെ സമരങ്ങള്‍ അവസാനിച്ചു.
മുന്നൂറോളം തൊഴിലാളികളാണിപ്പോള്‍ തുരങ്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവരിലേറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബൂമര്‍ യന്ത്രം ഉപയോഗിച്ചാണ് പാറതുരക്കല്‍ നടക്കുന്നത്. ഓരോ തുരങ്കത്തിനും 915 മീറ്റര്‍ ദൂരമാണുള്ളത്. പത്ത് മീറ്റര്‍ ഉയരത്തിലും 14 മീറ്റര്‍ വീതിയിലുമാണു തുരങ്കനിര്‍മാണം. ഓരോ തുരങ്കത്തില്‍കൂടിയും മൂന്നുവരി പാതയാണുണ്ടാവുക. തടസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ 2017 മാര്‍ച്ചിനുള്ളില്‍ രണ്ടു തുരങ്കങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് നിര്‍മാണ കമ്പനി അധികൃതര്‍ പറയുന്നത്. വാളയാര്‍ മുതല്‍ വടക്കഞ്ചേരിവരെ റോഡ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന ആരോപണവും ശക്തമാണ്. പാതയില്‍നിന്ന് മഴവെള്ളം ഒഴുകിപോവാനുള്ള പൈപ്പുകള്‍ ഇതുവരെയും സ്ഥാപിച്ചിട്ടില്ല.അപ്രോച്ച് റോഡുകളും പ്രധാനപാതയും ഒരേ നിരപ്പില്‍തന്നെ സ്ഥാപിക്കാമെന്നിരിക്കേ അപ്രോച്ച് റോഡുകളുടെ ഉയരക്കുറച്ചിലും ഏറ്റക്കുറച്ചിലും അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്. വടക്കഞ്ചേരിവരെയുള്ള റോഡ് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ തന്നെ നിര്‍മാണ കമ്പനി ടോള്‍ പിരിവ് ആരംഭിച്ചിരുന്നു. ഏതായാലും തുരങ്കം നിര്‍മിച്ചുള്ള ദേശീയപാത യാഥാര്‍ഥ്യമാവുന്നതോടെ വാളയാര്‍-കൊച്ചി ചരക്ക് ഗതാഗതം സുഗമമാവുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."