പ്രശ്‌നം മുത്വലാഖ് മാത്രമോ?
മതത്തിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ നേരിടുന്ന വിഷമതകള്‍ക്ക് മൂകസാക്ഷിയായിനിന്ന് ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ഭരണകൂടത്തിനാവില്ലെന്ന് ഹൈക്കോടതി. പൗരന്റെ തുല്യതയും അന്തസ്സും ഉറപ്പാക്കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. (മാതൃഭൂമി ഡിസംബര്‍ 17 ശനി)
മനുഷ്യജാതിയില്‍നിന്നും ഏതെങ്കിലും ഒരു പെണ്ണിനെ ശരിയാക്കിത്തന്നാല്‍ മതി ആ ഈഴവ യുവാവ് തന്റെ മുസ്‌ലിം സുഹൃത്തിന്റെ മുന്‍പില്‍ യാചിക്കുകയാണ്. എന്താണ് പ്രശ്‌നം എന്നോ? അയാളുടെ ജാതകം തന്നെ... ഇതൊരു ഉദാഹരണം മാത്രം. ലോകത്ത് ഒരേ ജാതകത്തില്‍ കോടിക്കണക്കിന് ആളുകള്‍ ജനിക്കുകയും വ്യത്യസ്ത സ്വഭാവത്തില്‍ ജീവിക്കുകയും ചെയ്യുന്നു.
ജാതക വിശ്വാസത്തിന്റെ നിരര്‍ഥകതക്ക് ഏറ്റവും വലിയ തെളിവ് ഈ അനുഭവം തന്നെയാണ് എന്നിരിക്കെ ജാതക പൊരുത്തക്കേട് കാരണം വിവാഹം മുടങ്ങുന്നതിന്റെ യുക്തി എന്താണ്, ഈ നിലക്കുള്ള നിരവധി വിശ്വാസങ്ങളും ധാരണകളും വച്ചുപുലര്‍ത്തുന്ന ഒരു രാജ്യമാണിത്. പൗരോഹിത്യത്തിന്റെ ചങ്ങലയില്‍ കുടുങ്ങി വിവാഹജീവിതം സ്വപ്നം മാത്രമായി കഴിയുന്ന നിരവധി യുവതീയുവാക്കളും ഇവിടെയുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതൊന്നും ഒരു കോടതിയും കാണുന്നില്ല. കാരണം അതെല്ലാം മതവിശ്വാസത്തിന്റെ ഭാഗമാണ് എന്നാല്‍ ഇവിടെയുള്ള ആകെ കുഴപ്പം മുത്വലാഖാണ്.
വിവാഹവും വിവാഹമോചനവും പൗരന്റെ വ്യക്തിസ്വാതന്ത്ര്യം ആണെങ്കില്‍ അതിനെന്താണ് കോടതി വ്യഥ കാണിക്കുന്നത്. ഒരു പ്രദേശത്തെ മുസ്‌ലിം ചെറുപ്പക്കാര്‍ തങ്ങള്‍ക്ക് വിവാഹ ജീവിതം വേണ്ടെന്ന് തീരുമാനിച്ചു എന്ന് കരുതുക. സ്വാഭാവികമായും ആ പ്രദേശത്തെ യുവതികള്‍ക്ക് വൈവാഹിക ജീവിതം തടയപ്പെടും. ഇത്തരം ഒരു കേസ് നമ്മുടേതെന്നിരിക്കട്ടെ എന്തായിരിക്കും നിലപാട്. ചുരുക്കത്തില്‍ വിവാഹവും മോചനവും പൗരന്മാരുടെ വ്യക്തിപരമായ അവകാശമാണ്. അതില്‍ നിയമ സംവിധാനങ്ങള്‍ കൈയിടുന്നത് അതിക്രമമാണ്.
ഈയിടെ ഒരു വക്കീല്‍ സുഹൃത്ത് പറഞ്ഞ കഥ ഉദ്ദരിക്കട്ടെ. അയാളുടെ എതിര്‍കക്ഷിയായ യുവതി കോടതിയില്‍ ഇങ്ങനെ വാദിച്ചു: പ്രസവശേഷം ഞാനെന്റെ ഭര്‍ത്താവുമായി ലൈംഗികബന്ധം പുലര്‍ത്തിയിട്ടില്ല. അതിനാല്‍ ത്വലാഖിന്റെ ഇദ്ദ ആചരിക്കാന്‍ ഞാന്‍ ഒരുക്കമല്ല. ഈ ഘട്ടത്തില്‍ നമ്മുടെ വക്കീല്‍ ഇങ്ങനെ ചോദിച്ചു: ഇസ്‌ലാമിക ശരീഅത്തിന്റെ തണലില്‍ കോടതിയില്‍ എത്തിയ നിങ്ങള്‍ ശരീഅത്തിന്റെ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിക്കാന്‍ ബാധ്യസ്ഥയല്ലേ. എങ്കില്‍ ഇദ്ദയും അതില്‍പെടുമല്ലോ.
ഇനി മുത്വലാഖിന്റെ ചര്‍ച്ചയിലേക്ക് വരാം. സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ ഇടയില്‍ രണ്ടോ മൂന്നോ മക്കള്‍ ജനിച്ച ദമ്പതിമാരാണ് ഇവിടെ നായകന്മാര്‍. ഒരു ദുര്‍ബല നിമിഷത്തില്‍ ഈ യുവതി കുട്ടികളെ കിണറ്റിലെറിഞ്ഞ് മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടുന്നു. ഇത്തരം ഒരു ഭാര്യയെ ഇനിയും വച്ചുകൊണ്ടിരിക്കാന്‍ തലയ്ക്ക് വെളിവുള്ള ഒരു പുരുഷനും തയാറാകില്ല. മൂന്ന് ത്വലാഖല്ല, മുന്നൂറ് ത്വലാഖുണ്ടെങ്കിലും ഒറ്റ ഇരുപ്പില്‍ ചൊല്ലാനാണ് ആരും തയാറാവുക. ഇവിടെ നമ്മുടെ കോടതി അഭിപ്രായപ്പെടുന്നത് പോലെയാണെങ്കില്‍ നീണ്ട ഇടവേളകള്‍ വേണ്ടിവരും. കഴിയുന്നത്ര വേഗത്തില്‍ ഈ ഭാണ്ഡം ചുമലില്‍നിന്നും ഇറക്കിവയ്ക്കാനാണ് ആരും ആഗ്രഹിക്കുക. അത് നിരോധിക്കണമെന്നാണ് കോടതികള്‍ പറയുന്നത്.
മറിച്ചൊരനുഭവം പ്രവാചക തിരുമേനിയോട് ഒരു ശിഷ്യന്‍ പരാതി പറഞ്ഞു. എന്റെ ഭാര്യ, അവളെ സ്പര്‍ശിക്കുന്ന ഒരു കരവും തട്ടിക്കളയുകയില്ല. എങ്കില്‍ അവളെ പറഞ്ഞുവിടുക. എനിക്ക് അതിന് പറ്റുകയില്ല. ഞാനവളെ അത്ര അധികം സ്‌നേഹിക്കുന്നു. എങ്കില്‍ അവളെ വച്ചുകൊണ്ടിരിക്കുക. നബിയുടെ മറുപടി.
ഇത്തരം ഒരു കേസ് നിയമസംവിധാനത്തില്‍ എത്തിയാല്‍ എന്തായിരിക്കും നിലപാട്. ഈ കഥയിലെ വധുവിനെ കൂടുതല്‍ തെറ്റുകളിലേക്ക് നയിക്കാതിരിക്കാനുള്ള തന്ത്രമാണ് നബിയുടെ ഉപദേശമെന്നൊരു വ്യാഖ്യാനം ഉണ്ടെന്ന കാര്യം മറക്കുന്നില്ല. നാട്ടില്‍ നടക്കുന്ന കേസുകളിലെല്ലാം മുസ്‌ലിംകളെ പ്രതിയാക്കാന്‍ ശ്രമിക്കുന്നവര്‍ മുസ്‌ലിംകള്‍ക്ക് സ്വാധീനം കുറഞ്ഞ പ്രദേശങ്ങളിലാണ് വിവാഹമോചനം കൂടുതല്‍ നടക്കുന്നത് എന്ന വസ്തുത വിസ്മരിക്കുന്നു. ഇവിടെ മുസ്‌ലിംകള്‍ കോടതിയില്‍ എത്തുമ്പോള്‍ പല ന്യായാധിപന്മാരും ഇസ്‌ലാമിക രാജ്യങ്ങളെ ഉദ്ദരിക്കാറുണ്ട്. ഇവിടെ ലളിതമായ സംശയം ഉന്നയിക്കട്ടെ.
നിങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇന്ത്യന്‍ ഭരണഘടനയോ വിദേശ രാജ്യത്തെ ഭരണഘടനയോ? മറ്റൊരു ചോദ്യം ലോക മുസ്‌ലിം ജനസംഖ്യയില്‍ ഇന്തോനേഷ്യ കഴിഞ്ഞാല്‍ തൊട്ടടുത്തുള്ളത് ഇന്ത്യയാണ്. അതിനാല്‍ മറ്റുള്ളവര്‍ ഇങ്ങോട്ടാണ് നോക്കേണ്ടത്. പകരം വാല് തലയെ വലിച്ചുകൊണ്ടുപോകുന്ന അവസ്ഥ അംഗീകരിക്കാന്‍ പറ്റില്ല. ഇസ്‌ലാം വിവാഹമോചനത്തിന് പരമാവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നത് ശരിയാണ്. അതെല്ലാം അറിയുന്ന വധുവരന്മാര്‍ തന്നെയാണ് മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലല്‍ പലപ്പോഴും ആവശ്യപ്പെടുന്നത്. അപ്പോള്‍ മുത്വലാഖ് നിരോധിക്കുന്നതിന്റെ അര്‍ഥം സ്ത്രീയുടെ തന്നെ സ്വാതന്ത്ര്യം ഹനിക്കുക തന്നെയാണ്. ലിംഗസമത്വത്തെക്കുറിച്ച് വാചാലമാവുന്നവരോട് ഒരു ചോദ്യം. ഭര്‍ത്താവിനെ ഭാര്യ സംരക്ഷിക്കണമെന്ന് എന്തുകൊണ്ടാണ് കോടതി വിധിക്കാത്തത്. നീതിയുടെ താല്‍പര്യം അതാണല്ലോ. കാരണം ലൈംഗിക ആസ്വാദനം ഇണകള്‍ ഇരുവരും ഒരേ അളവിലാണ് ആസ്വദിക്കുന്നത്. എങ്കില്‍ സംരക്ഷണം പുരുഷനില്‍ മാത്രം അടിച്ചേല്‍പിക്കുന്നത് എന്തിനാണ്. വിവാഹവും മോചനവുമെല്ലാം കോടതികളിലേക്ക് വലിച്ചിഴക്കുന്നത് മുസ്‌ലിം രാജ്യങ്ങളില്‍ വലിയ പ്രശ്‌നം ആവില്ല. കാരണം തര്‍ക്കങ്ങള്‍ക്ക് തത്സമയമുള്ള പരിഹാരമാണ് അവിടങ്ങളില്‍ നടക്കുന്നത്.
നമ്മുടെ നാട്ടില്‍ നടക്കുന്ന അവസ്ഥയോ, നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ തത്സമയമുള്ള പരിഹാരങ്ങള്‍ക്കും ദുരന്ത മോചനങ്ങള്‍ക്കും വേണ്ടിയാണ് ആളുകള്‍ കോടതിയിലേക്ക് പ്രവഹിച്ചത്. എന്നാല്‍ എങ്ങനെയുണ്ട് പരിഹാരങ്ങള്‍. പത്ത് ചോദ്യങ്ങള്‍ തയാറാക്കാന്‍ വേണ്ടി മാത്രമാണ് ഉന്നത നീതിപീഠത്തിന് കഴിഞ്ഞത്. ഇവിടെ കോടതിയെ കുറ്റപ്പെടുത്തുകയല്ല, സംവിധാനത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്.
കുടുംബ പ്രശ്‌നങ്ങള്‍ ഇങ്ങനെ നീട്ടിവലിച്ചാല്‍ വിധിവരുമ്പോള്‍ കക്ഷികള്‍ തന്നെ ജീവിച്ചിരിപ്പുണ്ടാവില്ല. അനേകം നൂറ്റാണ്ടുകള്‍ മുസ്‌ലിംകള്‍ ഇത്തരം കുടുംബപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് യാതൊരു ആശങ്കയും ഇന്നോളം ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."