എ.കെ.പി.എ സംസ്ഥാന സമ്മേളനത്തിനു തുടക്കമായി
കണ്ണൂര്‍: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ 32 ാം സംസ്ഥാന സമ്മേളനത്തിന്റെ പതാക-കൊടിമരജാഥ സമ്മേളന നഗരിയിലെത്തി. ചൊക്ലിയിലെ വി രാഘവന്റെ വസതിയില്‍ നിന്നാരംഭിച്ച കൊടിമരജാഥയും കണ്ണൂരിലെ ആദ്യകാല ഫോട്ടോഗ്രാഫറായ കരിവെള്ളൂരിലെ പരേതനായ പൊന്ന്യത്ത് ഗോപാലന്റെ വസതിയില്‍ നിന്നു ജാഥയായി കൊണ്ടു വന്ന പതാക സമ്മേളന നഗരിയായ ദിനേശ് ഓഡിറ്റോറിയത്തില്‍ എത്തിച്ചു. പതാക സംസ്ഥാന പ്രസിഡന്റ് പി.വി ബാലനും കൊടിമരം സ്വാഗതസംഘം ചെയര്‍മാന്‍ എം.എം വിനോദ് കുമാറും ഏറ്റുവാങ്ങി.
ഇന്നു രാവിലെ 10നു ഫോട്ടോഗ്രാഫി പ്രദര്‍ശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞു നടക്കുന്ന ഫോട്ടോഗ്രാഫി വര്‍ക്ക്‌ഷോപ്പ് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 20നു രാവിലെ 10നു 'ഫോട്ടോഗ്രാഫിയും തൊഴില്‍ സംസ്‌കാരവും' എന്ന വിഷയത്തിലുള്ള സെമിനാര്‍ ലളിതകലാഅക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30നു വിളക്കുംതറ മൈതാനത്തു നിന്നാരംഭിക്കുന്ന പ്രകടനം സമ്മേളന നഗരിയില്‍ എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എക്‌സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് ഡോ. ഉണ്ണികൃഷ്ണന്‍ പുളിക്കലിനു മന്ത്രി സമ്മാനിക്കും.
21നു രാവിലെ 10നു പ്രതിനിധി സമ്മേളനം കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ഫോട്ടേഗ്രാഫി മത്സരത്തിലെ വിജയികളായ പാലക്കാട് ചിറ്റൂര്‍ സ്വദേശി ബിനുകുമാര്‍, മലപ്പുറം തിരൂരിലെ സുരേഷ് കാമിയോ, തൃശൂര്‍ കൊടകരയിലെ രാധാകൃഷണന്‍ എന്നിവര്‍ക്കും പ്രോത്സാഹന വിജയികള്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."