രതീഷിന്റെ വീരമൃത്യു മാതൃ യൂനിറ്റിലേക്ക് മടങ്ങാനിരിക്കെ...
മട്ടന്നൂര്‍: മരംകോച്ചുന്ന തണുപ്പിനൊപ്പം കശ്മീര്‍ അതിര്‍ത്തിയിലെ ജാഗ്രത നിറഞ്ഞ സേവനം അവസാനിപ്പിച്ച് മാതൃ യൂനിറ്റിലേക്കു മടങ്ങാനിരിക്കെയാണു കരസേനാ ജവാന്‍ കൊടോളിപ്രത്തെ സി രതീഷിന്റെ അകാലത്തിലുള്ള വീരമൃത്യു.
മൂന്നുവര്‍ഷത്തെ സേവനത്തിനു ശേഷം തന്റെ മാതൃ യൂനിറ്റായ കോയമ്പത്തൂര്‍ മധുക്കരൈയിലെ 44 ഫീല്‍ഡ് റെജിമെന്റിലേക്കു തിരിക്കാനിരിക്കെയാണു കശ്മീരിലെ പാമ്പോറിലുണ്ടായ ഭീകരാക്രമണത്തില്‍ രതീഷ് രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ചത്. കേരളത്തില്‍ നിന്നു അകലെയല്ലാത്ത കോയമ്പത്തൂരില്‍ തിരിച്ചെത്തുന്നതിനാല്‍ നേരത്തെ പാതിവഴിയില്‍ നിര്‍ത്തിയ സ്വന്തം വീടിന്റെ നിര്‍മാണവും രതീഷ് പുനരാരംഭിച്ചിരുന്നു. വീടുപണിക്കായി അവധിയില്‍ നാട്ടിലെത്തിയിരുന്ന രതീഷ് ആവശ്യമുള്ള ചെങ്കല്ലും മറ്റു നിര്‍മാണ സാമഗ്രികളും വീട്ടില്‍ എത്തിച്ച ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേഗം തിരിച്ചെത്താമെന്നു മാതാവ് ഓമനയോടു പറഞ്ഞാണു മടങ്ങിയത്. ആക്രമണത്തിനിരയാവുന്നതിനു തൊട്ടുമുമ്പും വീടുപ്രവൃത്തിയുടെ വിവരങ്ങള്‍ തേടി രതീഷ് മാതാവിനെ വിളിച്ചിരുന്നു. ഇന്നലെ രാവിലെ വീടുപണിക്കെത്തിയ തൊഴിലാളികളെ നാട്ടുകാര്‍ ഇടപെട്ട് തിരിച്ചയപ്പിച്ചപ്പോഴും തനിക്കു താങ്ങാവേണ്ട മകന്‍ ഇനി തിരിച്ചുവരില്ലെന്ന കാര്യം ഓമന അറിഞ്ഞിരുന്നില്ല. മംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പിതാവ് രാഘവന്‍ രതീഷിനു മൂന്നു വയസുള്ളപ്പോഴാണു മരിച്ചത്. പിന്നീടു മാതാവ് സ്വന്തം ജോലി ചെയ്താണു രതീഷിനെ പഠിപ്പിച്ചതും രാജ്യസേവനത്തിനായി സൈന്യത്തിലേക്കയച്ചതും.ഒട്ടേറെ പേര്‍ സൈന്യത്തില്‍ ജോലിചെയ്യുന്ന കൊടോളിപ്രം മേഖലയില്‍ ശനിയാഴ്ച രാത്രി തന്നെ രതീഷിന്റെ ദുരന്തവാര്‍ത്തയെത്തിയിരുന്നു. എന്നാല്‍ തങ്ങളറിഞ്ഞതു ശരിയാവരുതെന്ന പ്രാര്‍ഥനയ്ക്കിടെ ഇന്നലെ രാവിലെ രതീഷിന്റെ ബന്ധുക്കള്‍ക്കു ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വിവരവുമെത്തി. രതീഷിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നാടൊന്നാകെ രതീഷിന്റെ വീടിനു സമീപം മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കാനുള്ള സ്ഥലം സജ്ജമാക്കാനെത്തി. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഫല്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മോഹനന്‍, വിവിധ പാര്‍ട്ടി നേതാക്കളായ എന്‍.വി ചന്ദ്രബാബു, ബിജു ഏളക്കുഴി, പി.വി ഹരിദാസ് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."