ചികിത്സാപിഴവില്‍ തീരാദുരിതത്തിലായി യുവാവ്; പൊലിസ് നടപടി വൈകുന്നു
കട്ടപ്പന: ചികിത്സാപ്പിഴവില്‍ യുവാവ് തീരാദുരിതത്തിലായിട്ടും പരാതിയില്‍ പൊലിസ് നടപടിക്ക് തയ്യാറാകുന്നില്ല. മരത്തില്‍ നിന്ന് വീണുപരിക്കേറ്റ കട്ടപ്പന കല്‍തൊട്ടി സ്വദേശി അരിപ്പാറയില്‍വീട്ടില്‍ സജീവ് (46) ആണ് ചികിത്സാപിഴവില്‍ ഗുരുതരാവസ്ഥയിലായത്. ജീവിതവും ദുരിതപൂര്‍ണമായി. കാരിത്താസ് ആശുപത്രിലെ ഡോ. ഐപ്പ് വി ജോര്‍ജിനെതിരെ സജീവിന്റെ മകന്‍ അരുണ്‍ കട്ടപ്പന പൊലിസില്‍ നല്‍കിയ പരാതിയിലാണ് നടപടി വൈകുന്നത്.
കഴിഞ്ഞ മാര്‍ച്ച് 11 നാണ് വീടിന് സമീപമുള്ള പ്ലാവില്‍നിന്നും സജീവ് വീണത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്കായി കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ലിന് ഒടിവുണ്ടെന്നും സുഷുമനാടിക്ക് ഞെരുക്കമുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്. കളരിയും തിരുമല്‍ ചികിത്സയും നടത്തുന്ന സജീവിനെ ആയുര്‍വേദ മര്‍മചികിത്സക്കായി ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്ന് ബന്ധുക്കള്‍ അറിയിച്ചെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. അടുത്ത ദിവസം സി ടി സ്‌കാന്‍ നടത്തുകയും ഐസിയുവിലേക്ക്മാറ്റുകയായിരുന്നു. ആശുപത്രിയില്‍നിന്നും മാറ്റിയാല്‍ മരണം സംഭവിക്കുമെന്നും നട്ടെല്ലിന് അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരില്‍നിന്നും സ്വരൂപിച്ച മൂന്നുലക്ഷംരൂപ ആശുപത്രിയിലടച്ച് ശസ്ത്രക്രിയ നടത്തി.
എന്നാല്‍ ശസ്ത്രക്രിയയില്‍ ദുരൂഹതയുണ്ടായി. എവിടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന ബന്ധുക്കളുടെ ചോദ്യത്തിന് കഴുത്തിന്റെ മുന്‍ഭാഗത്തെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇന്‍ട്യുബിലേഷന്‍ നടത്തിയത് ഓപ്പറേഷനല്ലെന്നാണ് ആക്ഷേപം. ഇതിനിടെ എത്രയുംവേഗം ആശുപത്രിയില്‍ നിന്നും മാറ്റണമെന്നും അല്ലെങ്കില്‍ ഡോക്ടര്‍ തന്നെ കൊല്ലുമെന്നും സജീവ് ബന്ധുക്കളോട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രിച്ചെലവായ ബാക്കിതുകയടച്ച് സജീവിനെ അവിടെനിന്നും മാറ്റുകയായിരുന്നു. പിന്നീട് കട്ടപ്പന സര്‍ക്കാര്‍ ആശുപത്രിയില്‍ യന്ത്രസഹായത്തോടെ ഓക്‌സിജന്‍ കൊടുത്തും ബിപി നിയന്ത്രിച്ചും ജീവന്‍ നിലനിര്‍ത്തി. ആുശുപത്രിയില്‍ തുടരാന്‍ കഴിയാത്തതിനാല്‍ സജീവിനെ വീട്ടിലെത്തിക്കുകയായിരുന്നു. തന്നെ ഓപ്പറേഷന്‍ ചെയ്തിട്ടില്ലെന്നും വളരെ മോശമായിട്ടാണ് ഡോക്ടര്‍ പെരുമാറിയതെന്നും സജീവ് പറഞ്ഞു.
ജീവന്‍നിലനിര്‍ത്താന്‍ 2000 രൂപയോളമാണ് ഇപ്പോള്‍ ദിവസവും ചെലവാകുന്നത്. വായ് തുറക്കാന്‍ കഴിയുന്നില്ല. വിടിന്റെ അത്താണിയായിരുന്ന സജീവ് കിടപ്പിലായതോടെ ദുരിതത്തിലാണ് കടുംബവും. പരസഹായമില്ലാതെ അനങ്ങാന്‍ പറ്റാത്തയവസ്ഥയാണ്. ഇതുമൂലം ഭാര്യയ്ക്ക് ജോലിക്ക് പോകുവാനും സാധിക്കില്ല. വിദ്യാര്‍ഥികളായ മൂന്ന് മക്കളുണ്ട്. നാട്ടുകാരുടെയും മറ്റുബന്ധുക്കളുടെയും സഹായത്തോടെയാണ് ഈ കുടുംബം ജീവിക്കുന്നത്. തന്റെ ജീവന്‍ നിലനിര്‍ത്താന്‍ കൂടുതല്‍ വ്യക്തികളും സന്നദ്ധസംഘടനകളും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് സജീവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."