ധനകാര്യ സ്ഥാപനത്തില്‍ നിന്ന് യൂറോ കറന്‍സിയുമായി മുങ്ങിയ സംഭവം: അന്വേഷണം ആരംഭിച്ചു
മാനന്തവാടി: ധനകാര്യ സ്ഥാപനത്തിലുള്ളവരെ കബളിപ്പിച്ച് യൂറോ കറന്‍സിയുമായി രണ്ടു പേര് മുങ്ങി. തലശ്ശേരി റോഡിലെ സ്ഥാപനത്തില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഒരു സ്ത്രീയും പുരുഷനുമാണ് എത്തിയത്. ഇന്ത്യന്‍ കറന്‍സി മാറ്റി വിദേശ കറന്സിക്കെന്ന വ്യാജേനയാണ് ഇരുവരുമെത്തിയത്. ധനകാര്യ സ്ഥാപനത്തിലുള്ളവര്‍ ആദ്യം സൗദി റിയാല്‍ നല്‍കിയെങ്കിലും മേശ വലിപ്പില്‍ യൂറോ കറന്‍സി കണ്ടതിനെ തുടര്‍ന്ന് ഇത് ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തില്‍ നിന്നും 500ന്റെ എട്ടു യൂറോ കറന്‍സി പരിശോധിക്കാനായി കൈയില്‍ വാങ്ങിയ ആള് മടക്കി നല്കുമ്പോള് അഞ്ചെണ്ണമാണ് നല്‍കിയത്. ഒരു ലക്ഷത്തി അയ്യായിരം രൂപ വില മതിക്കുന്ന മൂന്ന് യൂറോ കറന്‍സിയുമായാണ് ഇരുവരും മുങ്ങിയത്. ധനകാര്യ സ്ഥാപനത്തിലുള്ളവര്‍ ഇതു മനസിലാക്കുമ്പോഴേക്കും ഇരുവരും ഓട്ടോറിക്ഷയില്‍ കയറി കടന്നു കളഞ്ഞിരുന്നു. മാനന്തവാടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."