വേണം അശോകനൊരു മുച്ചക്ര വാഹനം
കാസര്‍കോട്: 40 വര്‍ഷമായി ചലനശേഷി നഷ്ടപ്പെട്ട കാലുമായി നടന്നിതിന്റെ തളര്‍ച്ചയിലാണ് നെല്ലിക്കുന്ന് ബങ്കരക്കുന്ന് തായല്വീട്ടിലെ അശോകന്. എല്ലാവരെയും പോലെ ലോകത്തിലെ വര്‍ണാഭമായ കാഴ്ചകള്‍ നടന്നു കാണാന്‍ ആഗ്രഹിച്ച ഇയാളുടെ സ്വപ്നങ്ങള്‍ക്കു വില്ലനായത് നന്നേ ചെറുപ്പത്തില്‍ ബാധിച്ച പോളിയോ ആണ്. അതോടെ സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച അശോകന് ഇപ്പോഴുള്ളത് ഒരാഗ്രഹം, കാഴ്ചകള്‍ കാണാനല്ലെങ്കിലും സ്വന്തം ആവശ്യങ്ങള്‍ നടത്താനും അത്യാവശ്യ സ്ഥലങ്ങളിലേക്കു പോകാനുമായി സ്വന്തമായൊരു മുച്ചക്രവാഹനം വേണം.
ഭിന്നശേഷിക്കാര്‍ക്കായി നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപനങ്ങളും നടത്തുന്ന അധികാരികളുടെ ശ്രദ്ധയില്‍പെടാതെ പോയ എത്രയോ പേരുടെ പ്രതിനിധിയാണ് ഇയാള്‍. ഒന്നര വയസുള്ളപ്പോഴാണ് പോളിയോ രോഗം പിടിപെട്ട് വലതു കാലിന്റെ ചലന ശേഷി പൂര്‍ണമായും നഷ്ടപ്പെട്ടത്. രോഗ ബാധിതനായി വീട്ടില്‍ തളര്‍ന്നു കിടന്നതോടെ നിറങ്ങള്‍ സ്വപ്നങ്ങള്‍ കണ്ട് കളിച്ചും ചിരിച്ചും നടക്കേണ്ട ബാല്യം നിഷേധിക്കപ്പെട്ടു. വര്‍ഷങ്ങളോളം ചലന ശേഷി നഷ്ടപ്പെട്ട് തളര്‍ന്നു കിടക്കുന്നതിനിടയില്‍ കുലത്തൊഴിലായ മരപ്പണി ശീലിച്ചു.
ഒരു കൈയില്‍ പണിയായുധങ്ങളും മറു കൈയില്‍ ഊന്നു വടിയുമായി മുടന്തി നീങ്ങുന്ന ഈ നാല്‍പത്തിമൂന്നുകാരന്റെ ജീവിതം കണ്ടുനില്‍ക്കുന്നവരുടെ കരളലിയിപ്പിക്കും. വീട്ടില്‍ നിന്നിറങ്ങി വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തും വരെ ഭാര്യ ഹേമക്കും മക്കളായ അര്ഷിതക്കും അഞ്ജലിക്കും ആധിയാണ്. കാലിനു സുഖമില്ലാതായി ഇനിയും വീട്ടില്‍ തളര്‍ന്നു കിടന്ന് ആരും തിരിഞ്ഞു നോക്കാനില്ലാതെ എന്റെ കുടുംബം അനാഥമാവരുത് അത് കൊണ്ട് മാത്രമാണ് ഈ ആഗ്രഹം മനസില്‍ കൊണ്ടു നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."